അരൂരിൽ സി.പി.എം-സി.പി.ഐ പോര് മുറുകുന്നു
text_fieldsഅരൂർ: ഇടത് വിദ്യാർഥി യുവജന സംഘടന പ്രവർത്തകർ തമ്മിലെ സംഘട്ടനത്തെതുടർന്ന് അരൂരിൽ സി.പി.എം -സി.പി.ഐ പോര് മുറുകുന്നു. സി.പി.ഐയുടെ പ്രതിഷേധ സമ്മേളനത്തിന് മറുപടി പറയാൻ ഇന്ന് സി.പി.എം സമ്മേളനം നടത്തുന്നു. കഴിഞ്ഞദിവസം ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലുണ്ടായ സംഘർഷത്തിൽ ഇരുഭാഗത്തുമുള്ള ഏഴുപേർ പരിക്കേറ്റ് ആശുപത്രിയിൽ ആയിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ സി.പി.ഐ, സി.പി.എം നേതാക്കൾ തമ്മിലും വാക്ക് തർക്കം ഉണ്ടായി. അരൂർ പൊലീസ് ഇടപെട്ടാണ് അന്തരീക്ഷം തണുപ്പിച്ചത്. ചൊവ്വാഴ്ച സി.പി.ഐ അരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമ്മേളനം ചന്തിരൂർ സ്കൂളിന് മുന്നിൽ നടത്തി. ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാനത്ത് നിലനിൽക്കുന്നത് സി.പി.ഐ നേതാക്കളുടെയും പ്രവർത്തകരുടെയും ത്യാഗപൂർണമായ പ്രവർത്തനം കൊണ്ടാണെന്ന് ഓർമപ്പെടുത്തി.
എന്നാൽ, മണ്ഡലം സെക്രട്ടറി പി.എം. അജിത് കുമാർ സി.പി.എം പ്രാദേശിക നേതാക്കൾക്കെതിരെ ആഞ്ഞടിച്ചു. അരൂർ പോലീസും സി.പി.എമ്മിനോട് ചേർന്ന് സി.പി.ഐ പ്രവർത്തകരെ മർദിക്കാൻ അവസരമുണ്ടാക്കുകയാണെന്നും ടി.പി. ചന്ദ്രശേഖരന്‍റെ കൊലപാതകം വരെ പരാമർശിക്കപ്പെട്ട പ്രസംഗം അതിരുവിട്ടെന്നാണ് സി.പി.എം വിലയിരുത്തൽ. വിദ്യാർഥികൾ തമ്മിലുണ്ടായ പ്രശ്നം സി.പി.ഐ സംസ്ഥാന നേതാക്കൾവരെ പങ്കെടുക്കുന്ന പ്രതിഷേധമായി വളർത്തരുതായിരുന്നെന്നാണ് സി.പി.എം നേതൃത്വം വിലയിരുത്തുന്നത്. എന്നാൽ, സി.പി.ഐ അരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമ്മേളനത്തിന് മറുപടി പറയാൻ വ്യാഴാഴ്ച വൈകീട്ട് ചന്തിരൂർ ഗവ: ഹയർസെക്കൻഡറി സ്കൂളിന് മുൻവശം സി.പി.എം സമ്മേളനം ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.