അരൂർ ഫയർ സ്റ്റേഷന് അനുവദിച്ച സ്ഥലം കാടുകയറുന്നു; പൊലീസ് സ്റ്റേഷനും കെട്ടിടമായില്ല
text_fieldsഅരൂർ: പൊലീസ് സ്റ്റേഷൻ പൊളിച്ച സ്ഥലത്ത് ഫയർ സ്റ്റേഷനായി സ്ഥലം അനുവദിച്ചിട്ടും കെട്ടിടം നിർമ്മിച്ചില്ല. സ്ഥലം കാടുകയറുന്നു. പോലീസ് സ്റ്റേഷനും പുതിയ കെട്ടിടമായില്ല.
അരൂർ വ്യവസായ കേന്ദ്രത്തിൽ ഫയർ സ്റ്റേഷൻ ആവശ്യപ്പെട്ട് ജനകീയ സമരങ്ങൾ ആവർത്തിച്ചപ്പോഴാണ് കേന്ദ്രത്തിൽ തന്നെ സ്ഥലം അനുവദിച്ചത്. ഫയർ സ്റ്റേഷനുവേണ്ടി ആധുനിക സൗകര്യങ്ങളോടെ കെട്ടിടം പണിയുമെന്ന് സർക്കാർ പ്രഖ്യാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് താൽക്കാലികമായി അരൂർ വ്യവസായ കേന്ദ്രത്തിൽ ഫയർ സ്റ്റേഷൻ ആരംഭിച്ചത്.
കെ.എസ്.ഇ.ബി.യുടെ അരൂർ സെക്ഷൻ ഓഫിസ് ക്വാർട്ടേഴ്സുകളിൽ രണ്ടെണ്ണം ക്രമപ്പെടുത്തിയാണ് താൽക്കാലികമായി ഫയർ സ്റ്റേഷൻ ആരംഭിച്ചത്. വ്യവസായ കേന്ദ്രത്തിന്റെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അരൂർ പോലീസ് സ്റ്റേഷൻ കെട്ടിടം തകർന്നുവീഴാറായപ്പോൾ, ചന്തിരൂരിലെ സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിലേക്ക് മാറ്റി.
അരൂർ പൊലീസ് സ്റ്റേഷൻ നിർമ്മിക്കാൻ ഒരു കോടി രൂപ പതിറ്റാണ്ടുകൾക്കു മുൻപ് അനുവദിച്ചെങ്കിലും അതിനായി സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല. ഇപ്പോഴും അസൗകര്യങ്ങളുടെ നടുവിൽ പ്രവർത്തിക്കുകയാണ് പൊലീസ് സ്റ്റേഷൻ.
പൊലീസുകാർക്ക് നിന്ന് തിരിയാൻ സ്ഥലമില്ലാത്തവിധം ചെറിയ കെട്ടിടത്തിലാണ് സ്റ്റേഷൻ ഇപ്പോഴും പ്രവർത്തിക്കുന്നത്. അരൂർ ഗ്രാമപഞ്ചായത്ത് വക പൊതുകുളം നികത്തി സ്റ്റേഷൻ പണിയുവാനുള്ള ശ്രമം ജനകീയ സമരങ്ങളെ തുടർന്ന് ഒഴിവായിപ്പോയിരുന്നു. പുതിയ സ്ഥലത്തിനുവേണ്ടിയുള്ള തിരച്ചിൽ തകൃതിയായി നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.