മാറ്റിയ ഓട്ടോറിക്ഷകൾ അരൂർ പള്ളി സ്റ്റാൻഡിൽ തിരിച്ചെത്തി
text_fieldsഅരൂർ: അരൂർ പള്ളിസ്റ്റാൻഡിൽ തന്നെ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യാൻ ഹൈകോടതി താൽകാലിക അനുമതി നൽകി. കടകൾക്ക് മുന്നിൽ ഓട്ടോറിക്ഷകൾ യാത്രക്കാരെ കാത്തുകിടക്കുന്നത് കച്ചവടത്തിന് തടസമാണെന്ന് ചൂണ്ടിക്കാട്ടി കടയുടമ നൽകിയ ഹരജിയിൽ നവംബറിൽ ഓട്ടോറിക്ഷകൾ മാറ്റാൻ ഹൈകോടതി വിധിച്ചിരുന്നു.
നവംബറിൽ അരൂർ പൊലീസും അരൂർ ഗ്രാമപഞ്ചായത്ത് അധികാരികളും നേരിട്ടെത്തിയാണ് വിധി നടപ്പാക്കിയത്. സ്റ്റാൻഡ് ഇല്ലാതായതോടെ തൊഴിൽ നഷ്ടപ്പെട്ടതുമൂലം ഓട്ടോറിക്ഷ തൊഴിലാളികൾ കഴിഞ്ഞ കുറെ നാളുകളായി ദുരിതത്തിലായിരുന്നു. ആറടി അകലത്തിൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്തു കടയിലേക്ക് വരുന്നവർക്ക് വഴിയുണ്ടാക്കി, കച്ചവടത്തിന് അസൗകര്യം ഇല്ലാതെ ഓട്ടോറിക്ഷകൾ യാത്രക്കാരെ കാത്തു കിടക്കണമെന്ന് പഞ്ചായത്തിൽ തീരുമാനം ഉണ്ടായിരുന്നെന്നും ഇക്കാര്യം കോടതിയിൽ അറിയിക്കുവാൻ പഞ്ചായത്ത് തയാറായില്ലെന്നും കാട്ടിയാണ് ഓട്ടോറിക്ഷ തൊഴിലാളികൾ ഹൈകോടതി സമീപിച്ചത്.
മൂന്നാഴ്ചക്കുള്ളിൽ കൃത്യമായ വിവരങ്ങൾ കോടതിയെ അറിയിക്കണമെന്ന് പറഞ്ഞു കൊണ്ടാണ് വീണ്ടും സ്റ്റാൻഡ് ഓട്ടോറിക്ഷ തൊഴിലാളികൾക്ക് അനുവദിച്ചിരിക്കുന്നത്. കോടതി വിധിയുടെ പകർപ്പ് പൊലീസിനും പഞ്ചായത്തിനും കടയുടമക്കും ഓട്ടോറിക്ഷ യൂനിയൻ നേതാക്കൾക്കും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.