കായലിലെ മണൽത്തിട്ട അപകടഭീഷണി ഉയർത്തുന്നു
text_fieldsഅരൂർ: കൈതപ്പുഴ കായലിൽ രൂപംകൊണ്ട മണൽതിട്ട അപകടഭീഷണി ഉയർത്തുന്നു. ഇടക്കൊച്ചി പാലത്തിൽനിന്ന് പടിഞ്ഞാറുഭാഗത്തുള്ള കായലിലേക്ക് നോക്കിയാൽ കാണാവുന്ന വിധമാണ് ദ്വീപ് പോലെ ഈ മണൽതിട്ട രൂപപ്പെട്ടിരിക്കുന്നത്. കായലിലൂടെ ചീറിപ്പായുന്ന ജലയാനങ്ങൾക്കാണ് ഈ 'ചെറുദ്വീപ്' ഭീഷണിയാകുന്നത്.
ഇടക്കൊച്ചിയിൽനിന്ന് അരൂരിലേക്ക് വലിയ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന് കായലിൽനിന്ന് എടുത്ത മണ്ണും ചളിയും കായലിൽതന്നെ നിക്ഷേപിച്ചതാണ് മണൽതിട്ടയായി മാറിയത്. പാലത്തിെൻറ ചുവട്ടിൽ പൈപ്പ് സ്ഥാപിക്കാൻ എടുക്കുന്ന മണ്ണും ചളിയും കായലിൽ നിക്ഷേപിക്കരുതെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ വലിയ പ്രതിഷേധം നടത്തിയിരുന്നു.
എന്നാൽ, ഇതൊന്നും വകവെക്കാതെ അധികൃതർ കായലിൽതന്നെ തള്ളിയതാണ് കാരണമായത്. കുമ്പളങ്ങി കായലിലൂടെ കൊച്ചിയിലേക്ക് വേഗത്തിൽ പായുന്ന പല വിനോദസഞ്ചാര യാനങ്ങളും രാത്രികാലങ്ങളിൽ മണൽതിട്ടയിൽ ഇടിച്ച് അപകടത്തിൽപെടുന്നത് പതിവായിട്ടുണ്ട്. ജലയാനങ്ങൾക്ക് ഭീഷണിയായ മണൽതിട്ട അടിയന്തരമായി നീക്കംചെയ്യാൻ തയാറാകണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. വേലിയേറ്റ സമയങ്ങളിൽ തിട്ടയിൽ വെള്ളം മൂടിക്കിടക്കുന്നതുമൂലം മത്സ്യത്തൊഴിലാളികളുടെ ചെറുവള്ളങ്ങളും അപകടത്തിൽപ്പെടുന്നത് പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.