മലിനീകരണത്തിൽനിന്ന് അരൂരിനെ കരകയറ്റാൻ നടപടിയില്ല
text_fieldsഅരൂർ: ഇന്ത്യയിൽ ഏറ്റവും മലിനീകരിക്കപ്പെട്ട ഗ്രാമമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മുദ്രകുത്തിയ അരൂരിനെ കരകയറ്റാൻ നടപടികളില്ല. വലിയ ശതമാനം ആളുകൾ ഗുരുതരമായ രോഗങ്ങൾക്ക് അടിമകളായി തുടരുന്നു. അരൂരിലെ ജലസ്രോതസ്സുകളെല്ലാം മലിനീകരിക്കപ്പെട്ട നിലയിൽ തന്നെ. തോടുകളും കുളങ്ങളും ഉപയോഗശൂന്യമാണ്. ശുദ്ധജലം അന്യമാണ്. ഇപ്പോൾ ഏക ആശ്രമമായി നിൽക്കുന്ന ജപ്പാൻ കുടിവെള്ളം നിലക്കുന്ന അവസ്ഥയെ ഭയത്തോടെയാണ് അരൂരുകാർ ഓർക്കുന്നത്. കൃഷിയും കൈത്തൊഴിലുകളും കയറും അരൂരിന്റെ രക്ഷക്ക് തുണയാകാതിരുന്നപ്പോൾ, ചെമ്മീൻ വ്യവസായമാണ് അരൂരിലെ ജനതക്ക് താങ്ങും തണലുമായത്. ഒത്തിരി പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടായപ്പോഴും ഇരുകൈയും നീട്ടി ഈ വ്യവസായത്തെ അരൂർ സ്വാഗതം ചെയ്തത് പട്ടിണിയകറ്റി ജീവിക്കാൻ വേണ്ടിയായിരുന്നു. ചേർത്തല താലൂക്കിലെ മറ്റേതൊരു മേഖലയെക്കാൾ ജനങ്ങളുടെ ജീവിതനിലവാരം അരൂരിൽ മെച്ചപ്പെട്ടു. ചെമ്മീൻ വ്യവസായം അതിന്റെ സുവർണ ദശയിലെത്തിയപ്പോൾ, ഓലവീടുകൾ ഓടുമേഞ്ഞ വീടുകളായി. സമസ്ത മേഖലയിലും ജീവിതം പുരോഗതിയിൽ എത്തി. പക്ഷേ, പാർശ്വഫലങ്ങൾ ഗുരുതരമായി നാടിനെ ബാധിച്ചതോടെയാണ് ശനിദശ തുടങ്ങിയത്. ചെമ്മീൻ വ്യവസായത്തിന്റെ ഈറ്റില്ലമായ ചന്തിരൂർ ഗ്രാമത്തെ നെടുകെ പിളർന്ന് ഒഴുകുന്ന ചന്തിരൂർ പുത്തൻതോട്ടിൽ മാലിന്യപൈപ്പുകളിലൂടെ ഇപ്പോഴും മലിനജലം തോട്ടിലേക്ക് ഒഴുകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.