തിരിച്ചുപിടിക്കണം, പൊക്കാളി കൃഷി
text_fieldsഅരൂർ: അരൂരിൽ പൊക്കാളി നെൽകൃഷിയെ തിരിച്ചുകൊണ്ടുവരാൻ നടപടി വേണമെന്ന് ആവശ്യം. കടലും കായലും അതിരിടുന്ന അരൂർ മേഖലയിലെ പ്രധാന നെൽകൃഷി പൊക്കാളിയായിരുന്നു. പൊക്കത്തിൽ ആളുന്നത് എന്നർഥം വരുന്ന ആറടിയോളം ഉയരത്തിൽ വളരുന്ന, ഉയർന്ന പ്രതിരോധശേഷിയും പോഷകമൂല്യങ്ങളുമുള്ള നെല്ലിനമാണ് പൊക്കാളി.
പൊക്കാളി അരി കേരളത്തിൽ ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരപ്രദേശങ്ങളിൽ മാത്രമാണ് കൃഷി ചെയ്യുന്നത്. സമാനതകളില്ലാത്ത കൃഷി രീതിയാലും ഗുണവിശേഷങ്ങളാലും ഭൂപ്രദേശ സൂചിക ലഭിച്ച അപൂർവ തരം നെല്ലിനമാണിത്.
അരൂർ മണ്ഡലത്തിൽ അരൂർ എഴുപുന്ന, തുറവൂർ, പട്ടണക്കാട് മേഖലകളിൽ ഹെക്ടർ കണക്കിന് പൊക്കാളി പാടശേഖരങ്ങളുണ്ട്. വെള്ളത്തിൽ വിതച്ച് വെള്ളത്തിൽ വളർന്ന് വെള്ളത്തിൽനിന്ന് കൊയ്തെടുക്കുന്ന അപൂർവം നെല്ലിനമാണിത്. കടലിൽനിന്ന് അധികം ദൂരം ഇല്ലാത്ത കരിനിലങ്ങളിൽ ഉപ്പിെൻറ അംശം ഉണ്ടെങ്കിലും ഈ നെല്ലിനം നന്നായി വളരും. വിതച്ച ഉടനെ വെള്ളം പൊങ്ങിയാലും അതിനു മീതെ ഞാറുകൾക്കു വളരാനും പൊക്കാളി വിത്തുകൾക്കുകഴിയും. ചെമ്മീൻ വളർത്തലും നെൽകൃഷിയും മാറിമാറി ചെയ്യുന്ന ജൈവ കൃഷി രീതിയാണ് പൊക്കാളി.
അതുകൊണ്ട് അരൂർ മേഖലയിൽ ഒരു നെല്ലും ഒരു മീനും എന്ന നയമാണ് സർക്കാർ അംഗീകരിച്ചിരുന്നത്. കുറച്ചുനാൾ സർക്കാറിെൻറ നിർദേശപ്രകാരം കൃഷി ചെയ്യാൻ കർഷകർ തയാറായെങ്കിലും ലാഭകരമല്ലാതായതോടെ തുടരാൻ കർഷകർ തയാറായില്ല. കൂടുതൽ ലാഭകരമായ മത്സ്യകൃഷിയിൽ ആയിരുന്നു താൽപര്യം.
നെൽകൃഷി ചെയ്യാൻ ആളെ കിട്ടാനില്ലെന്നും നെല്ലിന് വിലയില്ലെന്നും പറഞ്ഞ് പാടങ്ങൾ പൂർണമായും തരിശിടുന്ന രീതി അരൂരിൽ വ്യാപകമായി. വിസ്തൃതമായ പാടങ്ങൾ തരിശിടുന്നത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നെൽവയലുകൾ നികത്തുന്നതിനെതിരെയും ബഹുജന പ്രക്ഷോഭങ്ങൾ ഉയർന്നുവന്നു. അയൽക്കൂട്ടങ്ങളുടെയും തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിൽ പലയിടങ്ങളിലും നെൽകൃഷി പുനരുജ്ജീവിപ്പിച്ചു. ചില പഞ്ചായത്തുകളിൽ നെൽകൃഷി ആവശ്യപ്പെട്ടു സമരങ്ങൾ തന്നെ നടന്നു. കാല്‍നൂറ്റാണ്ടിലേറെയായി നെല്‍കൃഷി മുടക്കി ചെമ്മീന്‍ വാറ്റ് മാത്രം നടത്തിയ എഴുപുന്നയിലെ 165 ഏക്കര്‍ വിസ്തൃതിയുള്ള പുത്തന്‍കരി പാടശേഖരത്തില്‍ 2013 ജൂണ്‍ 30ന് സമരസമിതിയുടെ നേതൃത്വത്തില്‍ നെല്‍കൃഷി പുനരാരംഭിക്കാൻ ബഹുജന പ്രക്ഷോഭം ആരംഭിച്ചു.
365 ദിവസവും പാടശേഖരങ്ങളില്‍ ചെമ്മീന്‍ വാറ്റിനായി ഉപ്പുവെള്ളം കയറ്റിയിടുന്നതിലൂടെ സൃഷ്ടിക്കപ്പെട്ട പാരിസ്ഥിതിക-സാമൂഹികപ്രശ്നങ്ങള്‍ക്കെതിരെ നാളുകളായി വളര്‍ന്നു വികസിച്ച ജനജാഗ്രതയെത്തുടര്ന്ന് ചില നിലമുടമകള്‍ പാടങ്ങള്‍ നെല്‍കൃഷി ചെയ്യാന്‍ സമരസമിതിക്ക് വിട്ടുനൽകാൻ സന്നദ്ധമായതിനെ തുടര്‍ന്നാണ് കൃഷി പുനരാരംഭിച്ചത്.
തുടർന്ന് നെൽകൃഷി കർഷകർ നേരിട്ടു നടത്തി. നഷ്ടമെന്ന് വരുത്തി നിർത്തി. ഇപ്പോൾ മത്സ്യകൃഷി നടത്തിയതിനുശേഷം നിലം ഉപ്പുവെള്ളം കയറി വെറുതെ ഇടുകയാണ് പതിവ്. ഈ വർഷം നെൽകൃഷി ചെയ്യണമെങ്കിൽ ഇപ്പോൾ നിലം ഒരുക്കണം. ജൂണിൽ നെൽവിത്തുകൾ വിതയ്ക്കണം.
അന്താരാഷ്ട്ര മാർക്കറ്റിൽ സവിശേഷ സ്ഥാനമുള്ള പൊക്കാളി അരി ഉൽപാദനത്തിനുവേണ്ടി പൊക്കാളി കൃഷി അരൂരിൽ വീണ്ടും എത്തിക്കണമെങ്കിൽ സർക്കാറും ത്രിതലപഞ്ചായത്തും സമഗ്രമായ കാർഷിക പദ്ധതിക്ക് രൂപം നൽകണമെന്നാണ് ആവശ്യം.
പൊക്കാളി കൃഷിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം തന്നെ ഒരുക്കി കൊടുക്കാൻ പുതിയ സർക്കാർ തയാറാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.