മാരിടൈം ബോർഡിന്റെ അപ്രഖ്യാപിത ഉപരോധം; ബോട്ട് വ്യവസായം പ്രതിസന്ധിയിൽ
text_fieldsഅരൂർ: മാരിടൈം ബോർഡ് അധികൃതരുടെ അപ്രഖ്യാപിത ഉപരോധം നിമിത്തം ബോട്ട് വ്യവസായ രംഗം കടുത്ത പ്രതിസന്ധിയിൽ. താനൂരിലെ ബോട്ടപകടത്തിന് ശേഷം രണ്ടുമാസമായി അപ്രഖ്യാപിത ഉപരോധം തുടരുകയാണെന്ന് ബോട്ട് വ്യവസായികൾ പറയുന്നു. യാർഡ് ഉടമകളോട് മാരിടൈം ബോർഡ് അധികൃതർ ശത്രുതാ മനോഭാവമാണ് പുലർത്തുന്നതെന്നാണ് ആരോപണം. ബോട്ട് രജിസ്ട്രേഷൻ, പുതുക്കൽ, യാർഡ് അംഗീകാരങ്ങൾ എന്നിവയുടെ ഉത്തരവാദിത്തമുള്ള കേരള മാരിടൈം ബോർഡ് (കെ.എം.ബി) ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ച നിലയിലാണ്.
ബോട്ട് നിർമാണത്തിന് അനുമതി നൽകുന്നതും യാർഡുകളിൽ വിവിധഘട്ട പരിശോധന നടത്തുന്നതും കെ.എം.ബി സർവേയർമാരാണ്.
ബോട്ട് ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, ഓപറേഷൻ സ്ഥലത്ത് അന്തിമ പരിശോധനകളും പരീക്ഷണങ്ങളും ഇവരാണ് നടത്തുന്നത്. ഇതെല്ലാം പൂർണമായി നിലച്ചിരിക്കുകയാണ്. പുതുക്കൽ, പരിശോധനകൾ, ലൈസൻസ് നടപടിക്രമങ്ങൾ എന്നിവ നിർത്തിവെക്കുന്നത് സംബന്ധിച്ച് കെ.എം.ബിയിൽനിന്ന് ഔദ്യോഗിക അറിയിപ്പുണ്ടായിട്ടില്ലെന്ന് വ്യവസായികൾ പറയുന്നു. ബോട്ട് യാർഡ് ഉടമകളുടെ ആവർത്തിച്ചുള്ള ഇ-മെയിലുകളോടും ഫോൺ വിളികളോടും ഉദ്യോഗസ്ഥർ പ്രതികരിക്കുന്നില്ല. ഇതുമൂലം ഉൾനാടൻ ബോട്ട് ഗതാഗതവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് നൽകൽ, ലൈസൻസ് തുടങ്ങിയ പ്രവർത്തനങ്ങൾ സ്തംഭിച്ച നിലയിലാണ്. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത നിരവധി യാർഡുകളുണ്ട്. ഇവിടെയുള്ള നൂറുകണക്കിന് തൊഴിലാളികൾ പ്രതിസന്ധിയിലാണ്. ഈ യാർഡുകൾ ടൂറിസം, ട്രാവൽ വ്യവസായം എന്നിവയിൽനിന്നുള്ള ബിസിനസിനെയാണ് ആശ്രയിക്കുന്നത്. മാരിടൈം ബോർഡിന്റെ അപ്രഖ്യാപിത ഉപരോധം വ്യവസായത്തെയും ചെറിയ ടൂറിസ്റ്റ് ബോട്ടുകൾ കൈകാര്യം ചെയ്യുന്നവരെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. കോവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധികളിൽനിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടയിലാണ് തൊഴിൽ സ്തംഭനം.
ആയിരക്കണക്കിന് തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന ഈ പ്രതിസന്ധി സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്ന് ബോട്ട് ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് കേരള ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.