മുന്നറിയിപ്പില്ലാതെ വാഹനങ്ങൾ തിരിച്ചുവിട്ടു; അരൂരിൽ ഗതാഗതം സ്തംഭിച്ചു
text_fieldsഅരൂർ: അരൂർ - തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ വെള്ളിയാഴ്ച രാവിലെ ഏഴോടെ മുന്നറിയിപ്പില്ലാതെ വാഹനങ്ങൾ തിരിച്ചുവിട്ടു. അരൂരിൽ ഗതാഗതം സ്തംഭിച്ചു.
എറണാകുളം ഭാഗത്ത് നിന്ന് എത്തിയ വാഹനങ്ങളുടെ തെക്കോട്ട് ഉള്ള യാത്ര തടഞ്ഞ്, അരൂക്കുറ്റി, പൂച്ചാക്കൽ വഴി തുറവൂരിലേക്ക് തിരിച്ചുവിട്ടതാണ് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിന് ഇടയാക്കിയത്. സ്കൂൾ ബസുകളും കെ.എസ്.ആർ.ടി.സി യാത്രാ ബസുകളും കണ്ടെയ്നറുകളും ചരക്ക് ലോറികളും സ്വകാര്യ ബസുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദേശീയപാതയിൽ കുരുങ്ങി.
അരൂക്കുറ്റി റോഡിലും ഗതാഗതം മണിക്കൂറുകളോളം നിലച്ചു. സാധാരണ അരൂക്കുറ്റി ഭാഗത്ത് നിന്ന് ദേശീയപാതയിലേക്ക് കടക്കുന്ന വാഹനങ്ങൾ അരൂർ ക്ഷേത്രം കവലയിലെത്തി ദേശീയപാതയിലൂടെ തെക്കോട്ട് സഞ്ചരിച്ച് താൽക്കാലികമായി ഉണ്ടാക്കിയ മീഡിയൻ ഗ്യാപ്പ് വഴി വടക്കോട്ട് തിരിഞ്ഞാണ് യാത്ര അനുവദിച്ചത്.
എന്നാൽ തെക്കുഭാഗത്തുള്ള മീഡിയൻ ഗ്യാപ്പ് അടച്ച് ക്ഷേത്രം കവലയിൽ നിരോധിച്ച ഗതാഗതം വടക്കോട്ട് അനുവദിച്ചു. തെക്കോട്ട് തിരിഞ്ഞ വാഹനങ്ങൾ സഞ്ചരിക്കാനാകാതെ റോഡിൽ കുരുങ്ങിയതാണ് ഗതാഗത സ്തംഭനത്തിന് ഇടയായതെന്ന് യാത്രക്കാർ പറയുന്നു. അരൂർ പെട്രോൾ പമ്പിന് സമീപം ഉയരപ്പാത നിർമാണത്തിന്റെ കോൺക്രീറ്റിങ് നടക്കുന്നതുകൊണ്ടാണ് കുറച്ചുനേരം തെക്കോട്ടുള്ള ഗതാഗതം തടഞ്ഞത്. എന്നാൽ, മുൻകൂട്ടി അറിയിച്ച് കോൺക്രീറ്റ് നടത്തിയിരുന്നെങ്കിൽ ഗതാഗത തടസ്സം ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയുമായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു. വെള്ളിയാഴ്ച ബസിൽ കയറി ഇരുന്നതിനു ശേഷം, മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലായത് യാത്രക്കാരെ ദുരിതത്തിലാക്കി.
തോന്നിയത് പോലെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് ഉയരപ്പാത നിർമാണം കരാർ എടുത്തിരിക്കുന്ന കമ്പനി അധികൃതരുടെ ശൈലിയായി മാറിയിട്ടുണ്ടെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. ഇനിയും ആവർത്തിച്ചാൽ ഉയരപ്പാത നിർമാണ കരാർ കമ്പനിയുടെ ഓഫിസ് വളയുമെന്ന് സമരസമിതി നേതാക്കളും മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.