അരൂരിലെ തീരമേഖലകളിൽ വെള്ളം കയറുന്നു
text_fieldsഅരൂർ: തീരപ്രദേശങ്ങളിലെ നൂറുകണക്കിനു വീടുകളിൽ വെള്ളം കയറുന്നു. കായലുകളിൽ നിന്നും മത്സ്യപാടങ്ങളിൽ നിന്നുമാണ് വീടുകളിലേക്ക് വെള്ളം കയറുന്നത്. 'വൃശ്ചിക പൊക്കം' എന്നറിയപ്പെടുന്ന വേലിയേറ്റമാണെന്നാണ് പഴമക്കാർ പറയുന്നത്. ഒരു മാസത്തോളം വെള്ളപ്പൊക്കം നിലനിൽക്കും. രണ്ടു മാസങ്ങൾക്കു മുമ്പുവരെ അസാധാരണ വെള്ളപ്പൊക്കത്തിന്‍റെ ദുരിതം തീരവാസികൾ അനുഭവിച്ചു കഴിഞ്ഞേയുള്ളൂ.
മാസങ്ങളോളം സ്ഥിരമായി തീരപ്രദേശത്ത് ഉപ്പുവെള്ളം കയറുന്നത് തീരവാസികളുടെ ജീവിതം ദുരിതപൂർണമാക്കിയിരുന്നു. വീടുകളിൽ വെള്ളം കയറുന്നത് മൂലം ആഹാരം പാകം ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയുണ്ടായി. പറമ്പിലും മുറ്റത്തുമെല്ലാം വെള്ളം നിറയുന്നത് മൂലം കക്കൂസുകളും മറ്റും ഉപയോഗശൂന്യമായി. തുടരെയുള്ള തെരഞ്ഞെടുപ്പുകൾ വികസന പ്രവർത്തനങ്ങൾക്ക് തടസമായി. സർക്കാർ കായൽ വെള്ളപ്പൊക്കത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും 100 കോടി രൂപ ഇതിനായി മാറ്റിവെച്ചിട്ടുണ്ടെന്നും പ്രഖ്യാപിച്ചു.
എന്നാൽ കായലിനരികെ കൽക്കട്ട്, മണ്ണിടൽ, ജലാശയങ്ങളുടെ ആഴംകൂട്ടൽ എന്നീ പരിഹാരമാർഗങ്ങൾ നടന്നില്ല. സ്ഥിരമായി മത്സ്യകൃഷി നടത്തുന്ന ഏക്കറുകണക്കിന് പാടങ്ങളിൽ, കായൽ പോലെ ഉപ്പുവെള്ളം നിറയുകയാണ്. സമീപത്തെ നൂറുകണക്കിന് വീടുകൾ ഇതുമൂലം ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്. കൃഷിക്കും വൻ നാശമാണ് ഉപ്പുവെള്ളം വരുത്തുന്നത്. വെള്ളപ്പൊക്കത്തിന്‍റെ മൂർധന്യാവസ്ഥയിൽ തീരവാസികൾ പഞ്ചായത്തുകളിലേക്ക് സമരത്തിന് എത്തിയിരുന്നു.
എത്താൻ പോകുന്ന കോടികളുടെ വികസന പദ്ധതിയെക്കുറിച്ച് അന്നും അധികാരികൾ ആണയിട്ടിരുന്നു. ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷനിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതു കൊണ്ട്, വോട്ടിനെത്തുന്ന സ്ഥാനാർഥികളോട് പരാതി പറയാമെന്ന ആശ്വാസത്തിലാണ് അരൂരിലെ തീരവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.