ജപ്പാൻകുടിവെള്ള പൈപ്പ് നന്നാക്കിയില്ല; അരൂർ മേഖലയിൽ ജലവിതരണം മുടങ്ങിയിട്ട് ദിവസങ്ങൾ
text_fieldsഅരൂർ: ചന്തിരൂരിൽ ചോർച്ചയുണ്ടായ ജപ്പാൻ കുടിവെള്ള പൈപ്പിന്റെ തകരാർ പരിഹരിച്ചില്ല. അരൂർ മേഖലയിൽ കുടിവെള്ള വിതരണം മുടങ്ങി. തകരാർ എപ്പോൾ പരിഹരിക്കുമെന്ന് പറയാനാകാത്ത സ്ഥിതി തുടരുകയാണ്. മാക്കേക്കടവിലെ ജലശുദ്ധീകരണ പ്ലാന്റിൽനിന്ന് അരൂരിലെ കൂറ്റൻ ജലസംഭരണിയിലേക്ക് ശുദ്ധജലം പമ്പ് ചെയ്യുന്ന ജി.ആർ.ബി പൈപ്പാണ് ചന്തിരൂരിലെ കാഞ്ഞിരത്തിങ്കൽ ക്ഷേത്ര പരിസരത്ത് കഴിഞ്ഞ 24ന് പൊട്ടിയത്. സ്വകാര്യ മൊബൈൽ കമ്പനിയുടെ കേബിൾ സ്ഥാപിക്കാൻ വേണ്ടി ഉപയോഗിക്കുന്ന യന്ത്രം പൈപ്പിലുണ്ടാക്കിയ ഗുരുതരമായ ക്ഷതങ്ങളാണ് ചോർച്ചക്ക് കാരണമായത്.
ചെറിയ ചോർച്ചയാണെങ്കിൽ പൈപ്പ് ഒട്ടിച്ച് ചോർച്ച പരിഹരിക്കാൻ കഴിയും. പലസ്ഥലങ്ങളിൽ ചോർച്ച ഉണ്ടായതോടെ 25 മീറ്റർ നീളത്തിൽ ജി.ആർ.ബി പൈപ്പ് മാറ്റണമെന്ന തീരുമാനത്തിലാണ് അധികൃതർ. 450 എം.എം. വ്യാസമുള്ള പൈപ്പ്, മാക്കേകടവിലെ ജലശുദ്ധീകരണ പാന്റിൽ ലഭ്യമാണ്. ട്രെയിലറിൽ ചന്തിരൂരിൽ എത്തിച്ച് യന്ത്ര സഹായത്തോടെ പൈപ്പുകൾ യോജിപ്പിച്ചശേഷം മാത്രമേ കുടിവെള്ള വിതരണം സാധ്യമാകൂ.
അരൂർ പഞ്ചായത്തിൽ ജപ്പാൻ കുടിവെള്ള വിതരണം ഉണ്ടായിരുന്നപ്പോൾ തന്നെ, തീരമേഖലകളിൽ കുടിവെള്ളം ലഭ്യമല്ലായിരുന്നെന്ന പരാതി ഉയരുന്നതിനിടയിലാണിത്. പൈപ്പ് തകരാറിലായതോടെ അരൂർ, എഴുപുന്ന പഞ്ചായത്തുകളിൽ പൂർണമായും തുറവൂർ മേഖലയിലെ പഞ്ചായത്തുകളിൽ ഭാഗികമായും കുടിവെള്ളം മുടങ്ങി. അരൂർ, എഴുപുന്ന മേഖലകളിലെ തീരമേഖലകളിൽ ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിക്കണമെന്ന ആവശ്യം ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.