അരൂരിൽ മണ്ണ് സംരക്ഷണം കടുത്ത വെല്ലുവിളി
text_fieldsഅരൂർ: കടലിന്റെയും കായലുകളുടെയും തീരങ്ങളിലാണ് അരൂർ മണ്ഡലത്തിലെ പഞ്ചായത്തുകൾ സ്ഥിതിചെയ്യുന്നത്. തീർത്തും കാർഷിക മേഖലയായിരുന്ന അരൂരിന്റെ തീരപ്രദേശങ്ങളിലെ മണ്ണ് സംരക്ഷണം പതിറ്റാണ്ടുകളായി തുടരുന്ന വെല്ലുവിളിയാണ്. കൊച്ചി കെട്ടിപ്പടുക്കുന്നതിന് 70-80 കാലങ്ങളിലാണ് അരൂരിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് മണൽ കടത്ത് വ്യാപകമായത്.
വൻകിട കെട്ടിടങ്ങൾ പണിയുന്നതിന് ആവശ്യമായ മണൽ അരൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽനിന്നായിരുന്നു കൊണ്ടുപോയിരുന്നത്. ഭൂമി വിൽക്കാതെ മണ്ണ് മാത്രം വിറ്റാൽ സ്ഥലത്തിനൊന്നും സംഭവിക്കില്ലെന്നും മണ്ണ് കൂടുതൽ ഫലഭുയിഷ്ടമാകുന്നത് മേൽമണ്ണ് നഷ്ടപ്പെട്ടാലാണെന്നും പറഞ്ഞ് കർഷകരെ വ്യാമോഹിപ്പിച്ചാണ് ചതിക്കുഴിയിൽ വീഴ്ത്തിയത്. അക്കാലങ്ങളിൽ അരൂരിൽ നിന്ന് ആയിരക്കണക്കിന് ലോറികളിൽ മണ്ണ് നഗരത്തിലേക്ക് കടന്നു. മണ്ണ് നഷ്ടത്തിന്റെ പരിസ്ഥിതി ആഘാത വിഷയം സർക്കാർ പോലും ചർച്ചയാക്കിയില്ല. സർക്കാർ ഏജൻസികൾ തടഞ്ഞുമില്ല.
പള്ളിപ്പുറം പാണാവള്ളി മേഖലകളിൽനിന്ന് ഈ കാലയളവിൽ ‘സിലിക്ക’ കലർന്ന പഞ്ചാരമണൽ വ്യാപകമായി കടത്തി. ആദ്യമെല്ലാം നെൽകൃഷിക്ക് വേണ്ടി കുഴിച്ച ഭൂമിയിൽ നിന്ന് എടുത്ത് കൂട്ടിയ മണ്ണാണ് കടത്തിയത്. പിന്നീട് വീട്ടുമുറ്റത്തെ മണൽ പോലും വിറ്റ് കാശാക്കാൻ തുടങ്ങി. വെള്ളക്കെട്ടും ജലക്ഷാമവും കടുത്തപാരിസ്ഥിതിക പ്രശ്നങ്ങളും രൂക്ഷമായപ്പോഴാണ് സർക്കാർ ഏജൻസികൾ മണൽകടത്തിനെതിരെ നിയമ നടപടികളുമായി രംഗത്തെത്തിയത്.
ഇടയ്ക്കിടെ കരയിലേക്ക് കയറുന്ന വെള്ളമിറങ്ങുമ്പോൾ അതോടൊപ്പം മണ്ണ് ഒഴുകിപ്പോകുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. തെരഞ്ഞെടുപ്പു കാലങ്ങളിൽ മണ്ണ് സംരക്ഷണത്തിനുവേണ്ടി കോടികളുടെ പദ്ധതി വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും ഒന്നും ഇതുവരെയും നടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.