ടൂറിസം മേഖലയിൽ ഉണർവ്; സഞ്ചാരികളുടെ വരവേറി
text_fieldsആലപ്പുഴ: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ സജീവമായതോടെ ജില്ലയിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തുന്നു. ഇതോടെ ജില്ലയിലെ ടൂറിസം മേഖല പ്രതാപം തിരിച്ച് പിടിക്കുകയാണ്. വിദേശ വിനോദസഞ്ചാരികൾ അടക്കം ടൂറിസ്റ്റുകള്‍ ധാരാളമായി എത്തിത്തുടങ്ങിയത് മേഖലയിൽ പ്രതീക്ഷ വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ മാസങ്ങളില്‍ സഞ്ചാരികളുടെ വരവ് കാര്യമായി ഉണ്ടായിരുന്നില്ല. ആലപ്പുഴയുടെ ഏറ്റവും വലിയ ഉത്സവകാലമായ മുല്ലക്കല്‍ ചിറപ്പും തുടര്‍ന്ന് ബീച്ച് ഫെസ്റ്റിവലുമായതോടെ ടൂറിസം മേഖല ഉണർന്ന നിലയിലാണ്. വരും ദിവസങ്ങളിലേക്ക് ധാരാളമായി ബുക്കിങ് വരുന്നുണ്ടെന്ന് ഹൗസ്ബോട്ട് ഉടമകളും ഹോട്ടൽ ഉടമകളും പറയുന്നു.
ആലപ്പുഴ, മാരാരിക്കുളം ബീച്ചുകളിലും വൈകുന്നേരങ്ങളില്‍ വലിയ തിരക്ക് ദൃശ്യമാണ്. ജലഗതാഗതവകുപ്പും കെ.എസ്.ആര്.ടി.സിയും ടൂറിസം മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് സമീപജില്ലകളില്നിന്നുള്ളവരുടെ വരവ് വര്‍ധിപ്പിക്കുന്നു. ഒപ്പം ബീച്ചില്‍ ആരംഭിച്ച മറൈന്‍ എക്സ്പോയും ജനത്തെ ആകര്‍ഷിക്കുന്നുണ്ട്. പുതുവത്സരം മുന്നില്‍ക്കണ്ട് ഹൗസ് ബോട്ടുകളും ഹോട്ടലുകളും റിസോര്‍ട്ടുകളുമെല്ലാം വൈവിധ്യങ്ങളായ പരിപാടികള്‍ക്കും പാക്കേജുകള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. നക്ഷത്ര ഹോട്ടലുകള്‍ മത്സരിച്ചാണ് പരിപാടികള്‍ ഒരുക്കുന്നത്. ഇതും ആലപ്പുഴയിലേക്ക് സഞ്ചാരികളുടെ ഒഴുക്കിന് വഴിവെക്കുമെന്നാണ് ടൂര്‍ ഓപറേറ്റര്‍മാര്‍ പറയുന്നത്. വിദേശ സഞ്ചാരികളുടെ എണ്ണം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ മെച്ചപ്പെട്ട നിലയിലാണ്. കോവിഡിന്റെ വരവോടെ നിറം മങ്ങിയ ടൂറിസം മേഖല പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തിയത് ഇത്തവണയാണ്.
കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ വിനോദ സഞ്ചാരികൾ ഇത്തവണ ജില്ലയിൽ എത്തിയിട്ടുണ്ടെന്നാണ് ടൂറിസം വകുപ്പിന്റെ വിലയിരുത്തൽ. ആഭ്യന്തര വിനോദ സഞ്ചാരികളാണ് എത്തുന്നതിൽ ഏറെയും. പൂജ അവധികാലത്തോടെ അന്യ സംസ്ഥാനങ്ങളിൽനിന്നുള്ള സഞ്ചാരികൾ ധാരാളമായി എത്തിത്തുടങ്ങിയിരുന്നു. കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ പേർ എത്തുന്നുണ്ട്. പുന്നമടയിലും പള്ളാത്തുരുത്തിലും സഞ്ചാരികളെ കാത്ത് ഹൗസ് ബോട്ടുകളുടെ നീണ്ടനിരയാണ്. ഹൗസ്ബോട്ടിൽ കായൽചുറ്റാൻ പ്രത്യേക പാക്കേജിൽ എത്തുന്നവരാണ് ഏറെയും. ശിക്കാരവള്ളങ്ങളിൽ മൂന്നുമണിക്കൂർ കായൽ ചുറ്റുന്നവരുമുണ്ട്. നിരക്ക് കുറവുള്ള ശിക്കാരയിൽ തന്നെയാണ് വേമ്പനാട്ട് കായൽ ചുറ്റിത്തിരിയാൻ സഞ്ചാരികൾക്ക് പ്രിയം. ആഭ്യന്തര ടൂറിസ്റ്റുകളിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിൽനിന്നാണ് കൂടുതൽപേർ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.