ആലപ്പുഴയുടെ ചരിത്രവും പൈതൃകവും ചുവരുകളിൽ നിറച്ച് കലാകാരന്മാർ
text_fieldsആലപ്പുഴ: ആലപ്പുഴയുടെ ചരിത്രവും പൈതൃകവും ചുവരുകളിൽ നിറച്ച് കലാകാരന്മാർ. നവീകരിച്ച ആലിശ്ശേരിയിലെ ഭജനമഠം-പുത്തൻപുര റോഡിന്‍റെ വശങ്ങളിലെ മതിലുകളിലാണ് അജയൻ.
വി.കാട്ടുങ്കലിന്റെ നേതൃത്വത്തിലുള്ള പത്തോളം കലാകാരന്മാർ ചിത്രങ്ങൾ വരക്കുന്നത്. സമീപത്തെ കനാലുകളുടെ നിർമാണവും പൂർത്തിയായി. 'അഴകോടെ ആലപ്പുഴ' പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ പദ്ധതിയിൽപെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡും കാനയും നിർമിക്കുന്നതെന്ന് നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ പറഞ്ഞു.
കൂടാതെ റാണി തോടിന്റെ ഭാഗങ്ങൾ കല്ലുകെട്ടി ബലപ്പെടുത്തി. പൈതൃക വഴിവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. റോഡിന് ഇരുവശങ്ങളിലും റെഡ് പാം മരങ്ങളും ചെടികളും നട്ട് കമനീയമാക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. കനാലിന്റെ തീരത്ത് യുജിന ചെടിയും വെച്ച് പിടിപ്പിക്കും. മാലിന്യനിക്ഷേപകരെ പിടികൂടാൻ വിവിധ ഭാഗങ്ങളിൽ സി.സി.ടി.വിയും സ്ഥാപിച്ചിട്ടുണ്ട്. റെസിഡന്‍റ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനയുടെ സഹകരണത്തോടെയാണ് പരിചരണവും സൗന്ദര്യവത്കരണവും നടപ്പാക്കുന്നത്. നഗരസഭയിലെ മറ്റ് വാർഡുകളിൽ കൂടി ഇത്തരം പദ്ധതികൾ നടപ്പാക്കുമെന്ന് നഗരസഭ ചെയർപേഴ്‌സൻ സൗമ്യരാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.