അരൂർ-തുറവൂർ ഉയരപ്പാത കരാർ ഒപ്പിടൽ വൈകുന്നു; പൂർത്തിയാകൽ വൈകും
text_fieldsആലപ്പുഴ: അരൂർ മുതൽ തുറവൂർ ഭാഗത്ത് 12.75 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന എലിവേറ്റഡ് ഹൈവേയുടെ നിർമാണ കരാർ ഒപ്പിടൽ വൈകുന്നു.
മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള അശോക ബിൽഡ്കോൺ എന്ന കമ്പനിയാണ് 1675 കോടിക്ക് ഉയരപ്പാതയുടെ നിർമാണം ഏറ്റെടുത്തിട്ടുള്ളത്. 36 മാസമാണ് നിർമാണ കാലാവധി. തിരക്കേറിയ റോഡിൽ 36 മാസം കൊണ്ട് ഉയരപ്പാതയുടെ നിർമാണം പൂർത്തിയാക്കുക ശ്രമകരമാണ്.
കമ്പനി നിർമാണ കരാറിൽ ഒപ്പിട്ടു കഴിഞ്ഞാലും സ്ഥലമേറ്റെടുക്കലും മറ്റും നടത്തി നിർമാണ പ്രവർത്തനം തുടങ്ങാൻ കുറച്ചു സമയം കൂടി അനുവദിക്കാറുണ്ട്. 90 ശതമാനത്തിലധികം സ്ഥലവും ദേശീയപാത അതോറിറ്റിയുടെ കൈവശമാണെന്നതിനാൽ ഉയരപ്പാത നിർമാണം വൈകിക്കേണ്ട സാഹചര്യമില്ല. ദേശീയപാതയിൽ മറ്റു ഭാഗങ്ങളുടെ നിർമാണം പൂർത്തിയായാലും ഉയരപ്പാത നിർമാണം വൈകാൻ സാധ്യത ഏറെയാണ്. 12 കിലോമീറ്റർ ഉയരപ്പാതയുടെ നിർമാണത്തിന് സർക്കാർ നിശ്ചയിച്ച തുകയിലും 16 ശതമാനം കുറച്ചാണ് അശോക ബിൽഡ്കോൺ കരാർ എടുത്തിട്ടുള്ളത്. ഈ തുകയിൽ നിർമാണം പൂർത്തിയാക്കുക ശ്രമകരമെന്നും എല്ലാ ദിവസവും പരമാവധി വേഗത്തിൽ നിർമാണ പ്രവൃത്തി മുന്നോട്ട് പോയാലും 34 മാസം കുറഞ്ഞത് എടുക്കുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ.
സംസ്ഥാനത്തെ ഒരു നിർമാണ പ്രവൃത്തിക്കും അസംസ്കൃത വസ്തുക്കൾ യഥാസമയം ആവശ്യത്തിന് ലഭ്യമാകാറില്ല. അപ്പോഴാണ് ചേർത്തല ടൗണിനെയോ കൊച്ചി നഗരത്തെയോ കടന്ന് ലോറികളിൽ പാറ ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ളവ ഉയരപ്പാത നിർമാണത്തിന് എത്തേണ്ടത്.
നിർമാണ കാലയളവിൽ ഗർഡറുകൾ സ്ഥാപിക്കുമ്പോഴെങ്കിലും ഗതാഗതം പൂർണമായും തടസ്സപ്പെടുത്തേണ്ടി വരുമെന്നതും പ്രശ്നമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.