യുവാവിന്റെ തലക്കടിച്ചശേഷം കാറിൽ കടന്നുകളയാൻ ശ്രമിച്ച പ്രതികൾ പിടിയിൽ
text_fieldsആലപ്പുഴ: യുവാവിന്റെ തലക്കടിച്ചശേഷം കാറിൽ കടന്നുകളയാൻ ശ്രമിച്ച പ്രതികൾ മണിക്കുറുകൾക്കകം ആലുവയിൽ നിന്ന് പൊലീസ് പിടിയിൽ.
ആലപ്പുഴ മുല്ലാത്ത് വാർഡിൽ തിരുവമ്പാടി അൽഫിയ മൻസിലിൽ ഷാഹിദ് (22), പഴവീട് വാർഡിൽ മാങ്കാംകുളങ്ങര വീട്ടിൽ അമൽകുമാർ (21), മുല്ലാത്ത് വാർഡിൽ മുല്ലാത്ത് വളപ്പിൽ ഫിർദൗസ് മൻസിലിൽ ആലി ഇമ്രാൻ (21), വെള്ളക്കിണർ വാർഡിൽ ഉമ്മാപറമ്പിൽ വീട്ടിൽ ഷാജഹാൻ (22), ആലിശ്ശേരി വാർഡിൽ പൂപ്പറമ്പ് വീട്ടിൽ ജുനൈദ് റഷീദ് (21) എന്നിവരെയാണ് ആലപ്പുഴ സൗത്ത് സ്റ്റേഷൻ ഓഫിസർ ശ്രീജിത്ത്. കെ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വലിയമരം വാർഡിൽ എച്ച്.ബി പാടം ബിലാൽ (20), വെള്ളക്കിണർ വാർഡിൽ ഏഴുതയ്യിൽ ചിറ വീട്ടിൽ ഇജാസ് (19) എന്നിവരെ അക്രമിച്ച കേസിലാണ് അറസ്റ്റ്. വെള്ളിയാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം.
ഇജാസും, ബിലാലും യാത്രചെയ്ത ഇരുചക്ര വാഹനത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് തട്ടാൻ വന്നതിനെ തുടർന്ന് ബിലാൽ അസഭ്യം വിളിച്ചെന്ന തർക്കത്തിലാണ് ഇരുവരെയും ആക്രമിച്ചത്.
ആക്രമണത്തിൽ തലക്ക് പരിക്കേറ്റ ബിലാലിനെ ആദ്യം ജനറൽ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. സംഭവശേഷം കാറിൽ നാട് വിടാൻ ശ്രമിച്ച പ്രതികളെ സൈബർസെൽ സഹായത്തോടെ വാഹനം പിന്തുടർന്ന് ആലുവയിൽവെച്ച് പിടികൂടുകയായിരുന്നു.
ആലുവയിലെ ഒരു എ.ടി.എമ്മിൽ നിന്ന് പണം പിൻവലിച്ച ശേഷം കോയമ്പത്തൂർക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലാകുന്നത്. പരിക്കേറ്റ യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. പൊലീസ് സംഘത്തിൽ സീനിയർ പൊലീസുകാരായ അഭിലാഷ്, വിപിൻദാസ്, ശ്യാം. ആർ, രാജേന്ദ്രൻ, കോൺസ്റ്റബിൾമാരായ ഷെറിൻ എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.