വനിത പൊലീസിന് മർദനം: ഒരാൾ അറസ്റ്റിൽ, രണ്ടുപേർ ഒളിവിൽ
text_fieldsആലപ്പുഴ: അനധികൃതമായി വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്ത വനിത പൊലീസ് ഉദ്യോഗസ്ഥയെ മർദിച്ച സംഭവത്തിൽ പ്രധാന പ്രതി ഉൾപ്പെടെ രണ്ടുപേർ ഒളിവിൽ. ആലപ്പുഴ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ കെ.വി. വിജുവിനാണ് മർദനമേറ്റത്.
കഴിഞ്ഞദിവസം നടന്ന വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ യുവാവാണ് മർദിച്ചത്. സംഭവത്തിൽ വെറ്റില മയങ്കരപറമ്പ് അനിരുദ്ധനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ജില്ല കോടതിപാലത്തിന് വടക്കേകരയിൽ വൺവേ ആയതിനാൽ വാഹനം പാർക്ക് ചെയ്യരുതെന്ന് വനിത പൊലീസ് പറഞ്ഞത് കൂട്ടാക്കാതെ റോഡരിൽ വാഹനം നിർത്തിയശേഷം പ്രകടനത്തിന് പോകാൻ പുറത്തേക്ക് ഇറങ്ങി.
ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത എ.എസ്.ഐ വാഹനത്തിന്റെ നമ്പർ ഫോട്ടോയെടുക്കുന്നതിനിടെ സംഘത്തിലെ ഒരാൾ പൊലീസുകാരിയുടെ ഫോട്ടോയെടുക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞപ്പോൾ കൈപിടിച്ച് തിരിക്കുകയും ഒപ്പമുണ്ടായിരുന്നവർ അസഭ്യംപറയുകയും ചെയ്തു. മറ്റ് പൊലീസുകാർ എത്തിയതോടെ യുവാവ് ആൾക്കൂട്ടത്തിലേക്ക് ഓടിമറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജുവിന്റെ കൈക്ക് പ്ലാസ്റ്ററിട്ടു. എറണാകുളത്തുനിന്ന് സമ്മേളനത്തിലും പ്രകടനത്തിലും പങ്കെടുക്കാൻ തൊഴിലാളികളുമായി എത്തിയ വാഹനമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.