ടൂറിസത്തിന് ഉണർവ്; കായൽ ചുറ്റാൻ സഞ്ചാരികളുടെ തിരക്ക്
text_fieldsആലപ്പുഴ: ആലപ്പുഴയുടെ പ്രധാന ആകർഷണമായ കായൽ ടൂറിസത്തിന് ഉണർവേകി സഞ്ചാരികളുടെ തിരക്ക്. ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ടായത്. ഉഷ്ണതരംഗത്തിൽ ഉൾപ്പെട്ട ജില്ലയിൽ കനത്തചൂടാണ്. ഇത് അവഗണിച്ച് കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നാണ് കുടുതൽ പേർ എത്തുന്നത്. പുന്നമടയിലും പള്ളാത്തുരുത്തിലും സഞ്ചാരികളെ കാത്ത് ഹൗസ് ബോട്ടുകളുടെയും നീണ്ടനിരയാണ്.
ഹൗസ്ബോട്ടിൽ കായൽചുറ്റാൻ പ്രത്യേക പാക്കേജിൽ എത്തുന്നവരാണ് ഏറെയും. ശിക്കാരവള്ളങ്ങളിൽ മൂന്നുമണിക്കൂർ കായൽ ചുറ്റുന്നവരുമുണ്ട്. കായലിലേക്ക് കൂടുതൽ അടുക്കുമ്പോൾ ‘ചുട്ടുപൊള്ളുന്ന’ സ്ഥിതിയുണ്ട്. അതിനാൽ പലരും ഇതിന്റെ ദൈർഘ്യം കുറച്ച് തിരിച്ചുപോകുന്ന സ്ഥിതിയുണ്ട്. നിരക്ക് കുറവുള്ള ശിക്കാരയിൽ തന്നെയാണ് വേമ്പനാട്ട് കായൽ ചുറ്റിത്തിരിയാൻ സഞ്ചാരികൾക്ക് പ്രിയം. ഉത്തരേന്ത്യയിൽനിന്നാണ് ഇക്കുറി കൂടുതൽപേർ എത്തുന്നത്.
വിദേശ രാജ്യങ്ങളിൽനിന്നുള്ളവരുടെ പൊടിപോലും കാണാനില്ല. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് സംഘമായും കുടുംബമായും ബുക്ക് ചെയ്താണ് പലരും എത്തുന്നത്. ആലപ്പുഴയിൽ ചൂട് അതികഠിനമായതോടെ നേരത്തെ ബുക്കിങ് നടത്തിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ അത് ഒഴിവാക്കിയത് തിരിച്ചടിയായി. എന്നാൽ, രണ്ടാഴ്ചക്കുള്ളിൽ കേരളത്തിൽ മൺസൂൺ സീസൺ വരുന്നതോടെ ബുക്കിലെ ഈകുറവ് പരിഹരിച്ച് കൂടുതൽപേർ എത്തുമെന്ന പ്രതീക്ഷയിലാണ് ഡി.ടി.പി.സിയും ഹൗസ്ബോട്ട് ഉടമകളും.
ബുക്കിങ്ങിൽ തമിഴ്നാട്ടിൽനിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ട്. ആഭ്യന്തര ടൂറിസ്റ്റുകളിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിൽനിന്നാണ് കൂടുതൽപേർ എത്തുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.