കായൽ വേലിയേറ്റം: ദുരിതം ഒഴിയാതെ തീരമേഖല
text_fieldsഅരൂർ: അസാധാരണ കായൽ വേലിയേറ്റത്തിൽ തീരമേഖല മുങ്ങി. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കണമെന്ന ആവശ്യം ശക്തം. അരൂർ, അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന പഞ്ചായത്തുകളിലെ തീരമേഖലകളിൽ നൂറുകണക്കിന് വീടുകൾ വെള്ളത്തിലാണ്.
ഒന്നര മാസമായി തുടരുന്ന വേലിയേറ്റത്തിൽ അടുക്കളയിൽ വരെ വെള്ളം കയറിയതിനാൽ പലർക്കും ഭക്ഷണംപോലും പാകംചെയ്യാൻ കഴിയുന്നില്ല. കക്കൂസ് അടക്കമുള്ളവ വെള്ളത്തിലായതിനാൽ ദിനചര്യയടക്കം മുടങ്ങി. ഈ സാഹചര്യത്തിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കണമെന്ന ആവശ്യം ശക്തമായത്.
കായൽത്തീരങ്ങളിൽ വേലിയിറക്കം ആകുമ്പോൾ വെള്ളം ഇറങ്ങിപ്പോകുന്നത് പതിവാണ്. എന്നാൽ, ചെമ്മീൻകെട്ട് ഉള്ള സ്ഥലങ്ങളിൽ വെള്ളം കെട്ടിനിർത്തുന്നതിനാൽ മുഴുസമയവും വെള്ളക്കെട്ട് രൂപപ്പെടുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. ചെമ്മീൻകെട്ടുകരയിലെ നൂറുകണക്കിന് വീടുകളാണ് ഉപ്പുകയറി ദ്രവിക്കുന്നത്.
ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തീരവാസികളുടെ ദുരിതക്കാഴ്ച കാണാൻ എത്തിയെന്നല്ലാതെ മറ്റു നടപടിയുണ്ടായില്ല. അടിയന്തര സഹായം പ്രഖ്യാപിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ സർക്കാറിനെ ഇടപെടുത്താൻ ഇവർക്കായിട്ടില്ല. വെള്ളപ്പൊക്കമുണ്ടായ ദുരിതദൃശ്യങ്ങൾ പകർത്തിയ ഫോട്ടോ പ്രദർശനം അരൂർ ഗ്രാമപഞ്ചായത്തിന് മുന്നിൽ അടുത്തദിവസങ്ങളിൽ നടത്തുമെന്ന് തീരസംരക്ഷണസമിതി നേതാക്കളായ വി.കെ. ഗൗരീശൻ, പി.കെ. ബാലൻ എന്നിവർ പറഞ്ഞു.
അന്ധകാരനഴി പൊഴി വീണ്ടും മുറിക്കുന്നു
തുറവൂർ: മഴ ശക്തിപ്രാപിച്ചതോടെ വെള്ളപ്പൊക്കത്തിന് അറുതിവരുത്താൻ അന്ധകാരനഴി പൊഴി മുറിക്കും. ശനിയാഴ്ച മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തുടങ്ങിയ പ്രവർത്തനം ഞായറാഴ്ച പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇറിഗേഷൻ, റവന്യൂ, പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പൊഴിമുറിക്കൽ പ്രവർത്തനം നടക്കുന്നത്.
മേഖലയിലെ വെള്ളക്കെട്ട് ഓരോ ദിവസവും വർധിക്കുകയാണ്.വയലാർ, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, എഴുപുന്ന, കോടംതുരുത്ത്, അരൂർ പഞ്ചായത്തുകളിലെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.