വളർത്തുപക്ഷി നിരോധനം; കോഴി-താറാവ് കർഷകർ ദുരിതത്തിൽ
text_fieldsആലപ്പുഴ: പക്ഷിപ്പനി വ്യാപനം തടയാൻ ജില്ലയിൽ വളർത്തുപക്ഷികളുടെ നിരോധനത്തിൽ പരമ്പരാഗത കോഴി-താറാവ് കർഷകർ ദുരിതത്തിൽ. ഡിസംബർ 31വരെ പുതിയ താറാവുകളെയും കോഴികളെയും വളർത്താൻ പാടില്ലെന്ന ഉത്തരവാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. നിരോധന നിയമം ലംഘിച്ച് മറ്റ് സംസ്ഥാനങ്ങളിൽനിന്നും ജില്ലകളിൽനിന്നും ദിനംപ്രതി ആയിരക്കണക്കിന് താറാവുകളും കോഴികളുമാണ് എത്തുന്നത്.
ഹാർച്ചറികൾ പൂട്ടിയതിന് പിന്നാലെ ജില്ലയിലെ ചിലയിടങ്ങളിൽ നിയമം ലംഘിച്ച് താറാവുകുഞ്ഞുങ്ങളെ വ്യാപകമായി വളർത്തുന്നുണ്ട്. മൃഗസംരക്ഷണ ഓഫിസിലടക്കം പരാതി നൽകിയിട്ടും ഇത് തടയാൻ കഴിഞ്ഞിട്ടില്ലെന്നും ആക്ഷേപമുണ്ട്. ദിനംപ്രതി പതിനായിരത്തിലധികം താറാവുകളും കോഴികളും കാടയുമാണ് ജില്ലയിലെ നിരോധന ഉത്തരവ് മറികടന്ന് വിൽപന നടത്തുന്നത്.
ഇക്കാര്യത്തിൽ സർക്കാർ ഇടപ്പെട്ട് അടിയന്തരമായി നടപടിയെടുത്തില്ലെങ്കിൽ പരമ്പരാഗത കർഷകരുടെ തൊഴിൽ നഷ്ടമാകും. പക്ഷിപ്പനിയുടെ പേരിൽ ഭാഗിക നിരോധമുള്ള കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഹാർച്ചറികൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഒരുവിഭാഗം കർഷകർക്ക് മാത്രം ‘നിരോധനം’ ബാധകമാക്കി മറ്റുള്ളവർക്ക് യഥേഷ്ടം തൊഴിൽ ചെയ്യാനുള്ള അവസരം ഒരുക്കുകയാണ്.
മാസങ്ങളോളം തൊഴിൽ നഷ്ടമായി പട്ടിണിയിലായ കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ തയാറാകണമെന്ന് കോഴി-താറാവ് കർഷകകൂട്ടായ്മ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ കേരള താറാവ് കർഷക സ്വതന്ത്രസംഘടന നേതാക്കളായ പി.ആർ. സലിംകുമാർ, ബെൻസി തുരുത്തയിൽ, ജോർജ് പന്ത്രണ്ടിൽ, ബിജു തോമസ്, ജോഷി വെട്ടിക്കിരുപറമ്പ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.