ട്രോളിങ് നിരോധനം: 24 മണിക്കൂര്‍ കണ്ട്രോള് റൂം തുറന്നു
text_fieldsആലപ്പുഴ: ട്രോളിങ് നിരോധന കാലത്ത് മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. കലക്ടർ അലക്സ് വര്‍ഗീസ് അധ്യക്ഷതവഹിച്ച യോഗത്തിലാണ് തീരുമാനം. ജൂണ്‍ ഒമ്പത് അർധരാത്രി മുതല്‍ ജൂലൈ 31അർധരാത്രിവരെ 52 ദിവസമാണ് ട്രോളിങ്. ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, ഹാര്‍ബര്‍ എൻജിനീയറിങ്, പൊലീസ് വകുപ്പുകളുടെ ഏകോപനത്തില്‍ സുരക്ഷക്രമീകരണങ്ങളുണ്ടാകും. നിരോധന കാലത്ത് രണ്ട് യന്ത്രവത്കൃത ബോട്ട് കായംകുളം ഹാര്‍ബര്‍, തോപ്പുംപടി ഹാര്‍ബര്‍ എന്നിവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കും. ബോട്ടുകളിലായി എട്ട് ലൈഫ് ഗാര്‍ഡുമാരെയും ചെത്തി, ശാസ്ത്രിമുക്ക്, അര്‍ത്തുങ്കല്‍ ലാന്‍ഡിങ് സെന്ററുകളില്‍ 10 സീ റെസ്ക്യൂ സ്ക്വാഡുമാരുടെയും സേവനമുണ്ടാകും.
നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശനനിയമനടപടി സ്വീകരിക്കും. മണ്‍സൂണ്‍കാല മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ പാലിക്കേണ്ട ജാഗ്രത നിര്‍ദേശങ്ങള്‍ അറിയിക്കാനും ബോധവത്കരണം നടത്താനും ജില്ലയിലെ തീരദേശ ഗ്രാമങ്ങളില്‍ മൈക്ക് അനൗന്‍സ്മെന്റ്, നോട്ടീസ് വിതരണം എന്നിവ നടത്തും. കണ്ട്രോള് റൂം നമ്പർ: 0477 2297707. അപകടവിവരങ്ങളും നിയമലംഘനങ്ങളും അറിയിക്കാം. അസി. ഡയറക്ടര്‍ ഓഫ് ഫിഷറിസ്, തോട്ടപ്പള്ളി -9447967155, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ്- 0477 2251103.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.