ബൈക്ക് മോഷ്ടിച്ച് പൊളിച്ച് വിൽപന; ആറുപേര്‍ അറസ്റ്റില്‍
text_fieldsഅമ്പലപ്പുഴ: ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ച് വിൽപന നടത്തിയ ആറംഗ സംഘം പിടിയില്‍. പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് പുത്തൻപറമ്പ് വീട്ടിൽ ഉണ്ണിക്കണ്ണൻ (20), അമ്പലപ്പുഴ സൗത്ത് പഞ്ചായത്ത് പതിനാലാം വാർഡ് പുതുവൽ വീട്ടിൽ കാശിനാഥൻ (19), അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനെട്ടാം വാർഡ് വൃക്ഷവിലാസം തോപ്പിൽ സുനീർ (36), പുറക്കാട് പഞ്ചായത്ത് കരിക്കംപള്ളി വീട്ടില്‍ ആദിത് (അമ്പാടി -19), പുറക്കാട് പഞ്ചായത്ത് കണ്ണന്തറ വീട്ടിൽ അമീഷ് (19), പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് പുതുവൽ വീട്ടിൽ വിവേക് (അച്ചു -20) എന്നിവരെയാണ് അമ്പലപ്പുഴ ഇൻസ്പെക്ടർ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം.
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയിൽ പാർക്ക് ചെയ്തിരുന്ന ക്ഷേത്രജീവനക്കാരന്റെ യമഹ ബൈക്ക് മോഷണം പോയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ നിന്ന് എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
തുടർന്ന് വാടപ്പൊഴി ഭാഗത്തുവെച്ച് നാട്ടുകാർ ഈ ബൈക്ക് തടഞ്ഞ് ബൈക്കിൽ സഞ്ചരിച്ചിരുന്ന ഉണ്ണിക്കണ്ണൻ, കാശിനാഥൻ എന്നിവരെ പുന്നപ്ര പൊലീസിന്റെ സഹായത്തോടെ അമ്പലപ്പുഴ പൊലീസിന് കൈമാറി. തുടർന്ന് പ്രതികളെ അമ്പലപ്പുഴ പൊലീസ് ചോദ്യം ചെയ്തതോടെയാണ് മറ്റ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. ഇവര്‍ മോഷ്ടിക്കുന്ന ബൈക്ക് വാങ്ങി പൊളിച്ച് വിറ്റിരുന്നത് സുനീര്‍ ആയിരുന്നു.
മുമ്പ് അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഹീറോ പാഷൻ പ്രോ ബൈക്കും, ബജാജ് പൾസർ ബൈക്കും ഇവര്‍ മോഷ്ടിച്ചിരുന്നു. കൂടാതെ അമ്പലപ്പുഴ ക്ഷേത്രപരിസരത്തും, റെയിൽവേ സ്റ്റേഷൻ പരിസരത്തും ബൈക്ക് മോഷ്ടിക്കാൻ ശ്രമം നടത്തി.
അമ്പലപ്പുഴ എസ്.ഐമാരായ ടോൾസൺ പി. ജോസഫ്, ആനന്ദ് വി.എല്‍, എ.എസ്.ഐ സജിത്ത്കുമാർ ടി, സി.പി.ഒ മാരായ സിദ്ദീഖ്, ബിബിൻദാസ്, രതീഷ് വാസു, അനൂപ്കുമാർ, ജോസഫ് ജോയി, ഡിനു വർഗീസ് എന്നിവരും പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.