ജൈവ മാലിന്യസംസ്കരണം; ഇ-ടെൻഡർ ഒഴിവാക്കിയതിൽ നഗരസഭ കൗൺസിലിൽ പ്രതിഷേധം
text_fieldsആലപ്പുഴ: നഗരസഭ പരിധിയിലെ വിവിധ സ്ഥാപനങ്ങളിൽനിന്ന് ജൈവമാലിന്യം സംഭരിക്കാൻ ഇ-ടെൻഡർ ഒഴിവാക്കി മാനുവൽ ടെൻഡർ ക്ഷണിച്ചതിൽ കൗൺസിലിൽ പ്രതിഷേധം.
ബുധനാഴ്ച ചേർന്ന യോഗത്തിലാണ് പ്രതിഷേധമുയർന്നത്. നഗരസഭ അധ്യക്ഷ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ, നഗരസഭ സെക്രട്ടറി എന്നിവരുടെ അസാന്നിധ്യത്തിൽ ടെൻഡർ ആരോഗ്യവകുപ്പ് എച്ച്.ഒ.ഡി പൊട്ടിച്ചതിനെ അംഗങ്ങൾ രംഗത്തെത്തി.
കരാർ പുതുക്കാതെ അമിത തുക ഈടാക്കിയാണ് നഗരത്തിലെ വ്യാപാരികളിൽനിന്ന് ഏജൻസികൾ മാലിന്യം ശേഖരിക്കുന്നത്. ഇത്തരത്തിൽ പ്രതിദിനം 15 മുതൽ 25ടൺ മാലിന്യമാണ് നീക്കുന്നത്.
അമല ഇക്കോ ക്ലീൻ പ്രൈവറ്റ് ലിമിറ്റഡിന് ഹോട്ടൽ മാലിന്യവും ജന്നത്ത് ഫാമിന് ചിക്കൻ മാലിന്യവും ശേഖരിക്കാൻ കരാർ നൽകാൻ യോഗം തീരുമാനിച്ചു.
ആലപ്പുഴ ജില്ല കോടതി പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന നഗരസഭയുടെ ജെട്ടി ഷോപ്പിങ് കോംപ്ലക്സിലെ രേഖകള്‍ ഹാജരാക്കിയ ലൈസന്‍സികളെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കും. പുന്നമട, നെഹ്റുട്രോഫി പ്രദേശത്തെ നഗരസഭയുടെ മുഴുവന്‍ കടത്ത് സര്‍വിസ് കടവുകളിലെയും സമയവും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ യാത്രാവിവര ബോര്‍ഡുകള്‍ പദ്ധതി റിവിഷനില്‍ ഉള്‍പ്പെടുത്തി സ്ഥാപിക്കും.
നഗരസഭ ചെയര്പേഴ്സൻ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, കൗൺസിലർമാരായ എ.എസ്. കവിത, എം.ആർ. പ്രേം, സൗമ്യരാജ്, അഡ്വ. റീഗോരാജു, ബി. മെഹബൂബ്, ബി. അജേഷ്, ഇല്ലിക്കല്‍ കുഞ്ഞുമോന്, മനു ഉപേന്ദ്രന്, ആര്. രമേഷ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.