പക്ഷിപ്പനി; മറ്റിടങ്ങളിലും വ്യാപിക്കുമെന്ന് ആശങ്ക, നിരീക്ഷണം ശക്തമാക്കും
text_fieldsആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ മറ്റിടങ്ങളിലേക്കും വ്യാപിക്കുമെന്ന് ആശങ്ക. മുൻവർഷങ്ങളിൽ നവംബർ, ഡിസംബർ മാസങ്ങളിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരുന്നത്. ഇക്കുറി വേനൽകാലത്താണ് രോഗം എത്തിയത്. ജില്ലയിൽ ആദ്യം രോഗം റിപ്പോർട്ട് ചെയ്തത് എടത്വ പഞ്ചായത്തിലെ ഒന്നാംവാർഡ് വിളക്കുമരം പാടശേഖരത്തും ചെറുതന പഞ്ചായത്ത് വാർഡ് മൂന്നിലുമാണ്. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളില്‍ ഒരുകിലോമീറ്റര്‍ ചുറ്റളവിലെ എല്ലാ പക്ഷികളെയും കൊല്ലണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വ്യവസ്ഥ. 10 കിലോമീറ്റര്‍ ചുറ്റളവില്‍ താറാവ്, കോഴി ഉള്‍പ്പെടെ വളർത്തുപക്ഷികളും അവയുടെ മുട്ടയും ഇറച്ചിയും വില്ക്കരുതെന്നനും നിർദേശമുണ്ട്.
താറാവുകൾക്ക് പക്ഷിപ്പനിക്ക് സമാന ലക്ഷണങ്ങൾ കണ്ടതോടെ സാമ്പിളുകൾ ഭോപ്പാലിലെ ലാബിൽ പരിശോധനക്ക് അയച്ചിരുന്നു. സാമ്പിളുകളിൽ ഏവിയൻ ഇൻഫ്ലുവൻസ (എച്ച് 5 എൻ 1) പോസിറ്റീവ് ആയിരുന്നു. ഇതോടെ, കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലെ കര്‍ഷകർ ആധിയിലാണ്. വായ്പയെടുത്ത് താറാവ് കൃഷി നടത്തിയവർക്ക് മുടക്കിയ പൈസ പോലും തിരികെ കിട്ടില്ല എന്നതാണ് പ്രധാനപ്രശ്നം. 2014ലാണ് ആദ്യമായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. അന്നാണ് സംസ്ഥാന സര്‍ക്കാര്‍ വലിയ താറാവിന് 200 രൂപയും 30 ദിവസത്തില്‍ താഴെ പ്രായമുള്ളതിന് 100 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരത്തുകയില്‍ മാറ്റമില്ല.2016, 2017, 2019, 2020, 2021, 2022 വർഷങ്ങളിലും കുട്ടനാട് മേഖലയിൽ പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. മുൻവർഷങ്ങളിൽ ന്യായമായ നഷ്ടപരിഹാരം ലഭിക്കാതായതോടെ പകുതിയിലേറെ കര്‍ഷകരും താറാവു വളര്‍ത്തലില്‍ നിന്ന് പിന്മാറി.
മുട്ട, ഇറച്ചി വിപണനം നിരോധിച്ചു
ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ താറാവ്, കോഴി എന്നിവയുടെ മുട്ടയും ഇറച്ചി വിപണനവും ജില്ലകലക്ടർ നിരോധിച്ചു. കൈനകരി, നെടുമുടി, ചമ്പക്കുളം, അമ്പലപ്പുഴ തെക്ക്, തകഴി, ചെറുതന, വീയപുരം, തലവടി, മുട്ടാര്‍, രാമങ്കരി, വെളിയനാട്, കാവാലം, അമ്പലപ്പുഴ വടക്ക്, നീലംപേരൂര്‍, പുന്നപ്ര തെക്ക്, പുറക്കാട്, പുളിങ്കുന്ന്, തൃക്കുന്നപ്പുഴ, കുമാരപുരം, ചിങ്ങോലി, ചേപ്പാട്, ചെന്നിത്തല, കരുവാറ്റ, ഹരിപ്പാട്, മാന്നാര്‍, കാര്‍ത്തികപ്പള്ളി, പള്ളിപ്പാട്, എടത്വ, ചങ്ങനശ്ശേരി മുന്‍സിപ്പാലിറ്റി, വാഴപ്പള്ളി, കടപ്ര, നെടുമ്പ്ര, പെരിങ്ങര, നിരണം എന്നീ തദ്ദേശസ്വയംഭരണ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട, മറ്റ് വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഏപ്രില്‍ 25 വരെ നിരോധിച്ചത്. ഇക്കാര്യം തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം. സ്ക്വാഡ് രൂപവത്കരിച്ച് കര്‍ശന പരിശോധനകള്‍ നടത്തണം. കുട്ടനാട്, കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍മാര്‍ പ്രത്യേക പരിശോധന സ്ക്വാഡുകള്‍ രൂപവത്കരിച്ച് കര്‍ശനപരിശോധനയും മേല്‍നോട്ടവും നടത്തും.
24 മണിക്കൂര്‍ കണ്ട്രോള് റൂം
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലപ്പുഴ ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. എടത്വ പഞ്ചായത്ത് വാര്‍ഡ് ഒന്നിലും ചെറുതന പഞ്ചായത്ത് വാര്‍ഡ് മൂന്നിലും വെള്ളിയാഴ്ച തുടങ്ങുന്ന കള്ളിങ് പ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് ദ്രുതകര്‍മ സേനകളും പി.പി.ഇ. കിറ്റ് ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ദഹിപ്പിക്കുന്നതിനുള്ള സാധനസാമഗ്രികളും സജ്ജമാക്കി. ദ്രുതകർമ സേനാംഗങ്ങള്‍ക്കുള്ള പരിശീലനവും പ്രതിരോധ മരുന്നുകളും ആരോഗ്യ വകുപ്പ് ഉറപ്പാക്കും. ഫോൺ: 0477- 2252636.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.