പക്ഷിപ്പനി: ഇന്ന് 45,631 പക്ഷികളെ കൊല്ലും
text_fieldsആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച മൂന്നിടത്ത് ചൊവ്വാഴ്ച കള്ളിങ്. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ്, എടത്വ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, തകഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് എന്നിവിടങ്ങളില്‍ കള്ളിങ് നടത്താന്‍ കലക്ടര്‍ അലക്സ് വര്‍ഗീസ് അധ്യക്ഷനായ അവലോകന യോഗത്തില്‍ തീരുമാനം. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിൽ 790 പക്ഷികളെയും എടത്വ പഞ്ചായത്തിലെ 33,974 പക്ഷികളെയും തകഴി ഗ്രാമപഞ്ചായത്തിലെ 10,867 പക്ഷികളെയും ഉള്‍പ്പെടെ ആകെ 45,631 പക്ഷികളെ കൊന്ന് കത്തിച്ച് നശിപ്പിക്കും.
പ്രഭവകേന്ദ്രത്തിന് ഒരുകിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളെയാണ് നശിപ്പിക്കുക. ഇതിനാവശ്യമായ വിറക്, കുമ്മായം, ഡീസല്‍, പഞ്ചസാര, ചിരട്ട, തൊണ്ട് എന്നിവ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കും. കള്ളിങ് സംഘത്തിലുള്ള എല്ലാവരെയും 10 ദിവസം ക്വാറന്റീനില്‍ ഇരുത്തും.
എടത്വയില്‍ 11ഉം തകഴിയില്‍ നാലും അമ്പലപ്പുഴയില്‍ മൂന്നും ആര്.ആര്.ടി സംഘങ്ങളെയാണ് നിയോഗിച്ചത്. ആവശ്യമായ തൊഴിലാളികളെയും നൽകും. കൊല്ലത്തുനിന്ന് കൂടുതല്‍ ആര്.ആര്.ടി സംഘങ്ങളെയും എത്തിച്ചിട്ടുണ്ട്.
ആര്.ആര്.ടി സംഘത്തിലുള്ളവര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള പ്രതിരോധ മരുന്നുകളും പി.പി.ഇ കിറ്റുകളും മാസ്ക്കും ജില്ല മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ലഭ്യമാക്കും. പ്രഭവകേന്ദ്രത്തിലേക്കും പുറത്തേക്കും പക്ഷികളെ എത്തിക്കുന്നില്ലെന്നും കള്ളിങ് നടക്കുന്ന സ്ഥലത്തേക്ക് പൊതുജനങ്ങള്‍ കടക്കുന്നില്ലെന്നും പൊലീസ് ഉറപ്പുവരുത്തണമെന്ന് കലക്ടർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.