ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ വീണ്ടും പക്ഷിപ്പനി; കാൽലക്ഷം പക്ഷികളെ കൊന്നൊടുക്കും
text_fieldsആലപ്പുഴ/തിരുവല്ല: ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ രോഗവ്യാപനം തടയാൻ പക്ഷികളെ കൊന്നൊടുക്കാൻ നടപടി തുടങ്ങി.
ഇരുജില്ലയിലുമായി താറാവ് ഉൾപ്പെടെ കാൽലക്ഷത്തോളം പക്ഷികളെയാണ് കൊല്ലുക. ആലപ്പുഴ ജില്ലയിൽ ഏകദേശം 12,700 പക്ഷികളെയാണ് ശനിയാഴ്ച കൊല്ലുന്നത്. പത്തനംതിട്ട നിരണത്ത് 12,000 താറാവുകളെയും കൊന്നൊടുക്കും. മാവേലിക്കര താലൂക്കിലെ തഴക്കര, കുട്ടനാട് താലൂക്കിലെ തലവടി, ചമ്പക്കുളം എന്നിവിടങ്ങളിലാണ് പക്ഷികളെ കൊല്ലാൻ ആലപ്പുഴ ജില്ല കലക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന അവലോകനയോഗം തീരുമാനിച്ചത്.
തലവടിവാര്ഡ് 13, തഴക്കര വാര്‍ഡ് 11, ചമ്പക്കുളം വാര്‍ഡ് 3 എന്നിവിടങ്ങളിലെ 12,678 വളര്‍ത്തുപക്ഷികളെ ശനിയാഴ്ച കള്ളിങ്ങിന് വിധേയമാക്കും. പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയാണ് കൊല്ലുക.
സർക്കാറിന്റെ ഉടമസ്ഥതയിലുള്ള നിരണം ഡക്ക് ഫാമിൽ താറാവുകൾക്ക് പക്ഷിപ്പനി കണ്ടെത്തിയതിന് പിന്നാലെ നിരണം 11ാം വാർഡിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ആലപ്പുഴ ജില്ലയിൽ ഈ വർഷം ആറിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ആറ് രോഗവ്യാപന കേന്ദ്രങ്ങളിലായി 57,870 പക്ഷികളെ കൊന്നിരുന്നു. മാവേലിക്കര താലൂക്കിലെ തഴക്കര, കുട്ടനാട് താലൂക്കിലെ തലവടി, ചമ്പക്കുളം എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. തഴക്കര, തലവടി എന്നിവിടങ്ങളിൽ താറാവുകളും ചമ്പക്കുളത്ത് കോഴികളിലുമാണ് രോഗം സ്ഥിരീകരിച്ചത്. കള്ളിങ് സംഘത്തിലുള്ള എല്ലാവരെയും പത്തുദിവസം ക്വാറന്റീനിൽ ഇരുത്താനും തീരുമാനിച്ചു.
13 ആർ.ആർ.ടി സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവിടേക്ക് ആവശ്യമായ തൊഴിലാളികളെയും നിയോഗിക്കും. നിരണത്ത് താറാവ് കർഷകരായ കണ്ണൻമാലിൽ വീട്ടിൽ കുര്യൻ മത്തായി, ഇടത്തിട്ടങ്കരി വീട്ടിൽ മനോജ് എബ്രഹാം എന്നിവരുടെ വളർത്തുതാറാവുകളിൽ ചിലത് ചത്തതിനെത്തുടർന്നാണ് പരിശോധനക്കയച്ചത്.
ഇരുകർഷകർക്കുമായി 12,000 താറാവുണ്ട്. ഇവയെ മുഴുവനും വരുംദിവസങ്ങളിൽ കൊന്നൊടുക്കും. ഇതിന് പ്രാഥമിക പ്രതിരോധ നടപടികൾ ആരംഭിച്ചു. നിരണം താറാവ് വളർത്തൽ കേന്ദ്രത്തിലാണ് കഴിഞ്ഞ ഞായറാഴ്ച ആദ്യം പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ ഇവിടത്തെ 4000 താറാവുകളെയും ഒരു കിലോമീറ്റർ ചുറ്റളവിലെ മറ്റ് വളർത്തുപക്ഷികളെയും കൊന്നൊടുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.