ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; വ്യാപന ഭീതി
text_fieldsആലപ്പുഴ: ജില്ലയിൽ പുറക്കാട് അടക്കം താറാവുകൾ കൂട്ടത്തോടെ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് വിവരം കിട്ടി. 12 ദിവസത്തിനു ശേഷമാണ് പരിശോധനഫലം ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് കേന്ദ്രത്തിൽനിന്ന് മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചത്.
എച്ച്5 എൻ1 ഇൻഫ്ലുവൻസ ഇനത്തിൽപെട്ട വൈറസുകൾ ബാധിച്ചതായാണ് കണ്ടെത്തൽ. പക്ഷിപ്പനി അല്ലെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥർ നേരേത്ത പറഞ്ഞത്.
ഇക്കാരണത്താൽ മൃഗസംരക്ഷണ വകുപ്പ് മുൻകരുതൽ നടപടിയെടുത്തുമില്ല. ജില്ല മൃഗസംരക്ഷണ അധികൃതർക്കും വിവരം ലഭിച്ചില്ല. അതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ നെടുമുടിയിൽ എണ്ണായിരത്തിലേറെ താറാവുകൾ കൂട്ടത്തോടെ ചത്തു. പുറക്കാട്ട് താറാവുകൾ ചാകുന്നത് തുടരുകയാണ്. സാമ്പിൾ ആദ്യം പരിശോധിച്ച തിരുവല്ലയിലെ പക്ഷിരോഗ നിർണയ കേന്ദ്രം അധികൃതർ പക്ഷിപ്പനി സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു.
ഇതോടെയാണ് വിശദ പരിശോധനക്ക് തിരുവനന്തപുരത്തേക്ക് അയച്ചത്. തിരുവനന്തപുരത്തെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസസിൽനിന്ന് ഭോപാലിലേക്ക് അയച്ച് ദിവസങ്ങളായിട്ടും ഫലം വരാത്തതിൽ താറാവുകർഷകരും നാട്ടുകാരും ആശങ്കയിലായിരുന്നു. പുറക്കാട് അറുപതിൽചിറ ജോസഫ് ചെറിയാെൻറ പതിനായിരത്തിലേറെ താറാവുകളാണ് 12 ദിവസത്തിനിടെ ചത്തത്.
2014, 2016 വർഷങ്ങളിൽ ജില്ലയിൽ വ്യാപിച്ച പക്ഷിപ്പനിമൂലം ആയിരക്കണക്കിന് താറാവുകളാണ് ചത്തത്. രോഗവ്യാപനം ഒഴിവാക്കാൻ ഒട്ടേറെയെണ്ണത്തെ ചുട്ടുകൊല്ലുകയും ചെയ്തു. ഇൗ വർഷം ജനുവരിയിൽ പക്ഷിപ്പനി ബാധിച്ചും മേയിൽ ഫംഗസ് ബാധയെ തുടർന്നും താറാവുകൾ ചത്തു.
2020 മാർച്ചിൽ താറാവുകൾ കൂട്ടത്തോടെ ചത്തെങ്കിലും കാരണം പക്ഷിപ്പനിയായിരുന്നില്ല. റെയ്മറല്ല എന്ന ബാക്ടീരിയ ആയിരുന്നു പ്രശ്നമായത്. ചില താറാവുകൾക്കു കരൾ രോഗവും ബാധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.