പക്ഷിപ്പനി: നഷ്ടപരിഹാരമില്ല; താറാവ് കർഷകർ പ്രതിസന്ധിയിൽ
text_fieldsആലപ്പുഴ: പക്ഷിപ്പനി ബാധയെത്തുടർന്ന് കഴിഞ്ഞ സീസണിൽ കൊന്ന താറാവുകൾക്കുള്ള നഷ്ടപരിഹാരം ഇനിയും ലഭിച്ചില്ല. 1.5 കോടിയാണ് കർഷകർക്ക് ലഭിക്കാനുള്ളത്. താറാവുകൾ ഉൾപ്പെടെ രണ്ട് ഘട്ടങ്ങളായി 80, 000ലധികം പക്ഷികളെയാണ് കൊന്നത്. നഷ്ടപരിഹാരത്തിന്റെ 60 ശതമാനം സംസ്ഥാനവും 40 ശതമാനം കേന്ദ്രവുമാണ് നൽകുന്നത്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത 2014 മുതലുള്ള നഷ്ടപരിഹാരത്തുകയായ കേന്ദ്ര വിഹിതത്തിലെ കുടിശ്ശിക 16 കോടിയാണ്.
സംസ്ഥാന സർക്കാർ മൃഗസംരക്ഷണ വകുപ്പിന് നൽകിയ വിവിധ ഫണ്ടുകൾ വകമാറ്റിയാണ് നേരത്തേ നഷ്ടപരിഹാരത്തുക വിതരണം ചെയ്തിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം വകുപ്പിന് വേണ്ടത്ര ഫണ്ട് അനുവദിക്കാത്തതിനാലാണ് നഷ്ടപരിഹാരത്തുക വിതരണം നടക്കാത്തത്. കർഷകർ സ്വകാര്യ ബാങ്കുകളിൽനിന്ന് വായ്പയെടുത്താണ് പ്രതീക്ഷയോടെ താറാവുകളെ വളർത്തിയത്. അടിക്കടിയുണ്ടാകുന്ന പക്ഷിപ്പനി വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കർഷകർക്കുണ്ടാക്കുന്നത്.
പക്ഷിപ്പനി റിപ്പോർട്ട് ചെയ്തപ്പോൾ താറാവ് കർഷക സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ 60 ദിവസമായ താറാവിന് 100 രൂപയും അതിന് മുകളിലുള്ളവക്ക് 200 രൂപയുമാണ് നഷ്ടപരിഹാരം തീരുമാനിച്ചത്. നിലവിൽ, ഒരു ദിവസമായ താറാവിന്റെ വില 23ൽനിന്ന് 34 ആയി. തീറ്റക്കും വാക്സിനും വില കൂടി. അതിനാൽ നഷ്ടപരിഹാരത്തുക യഥാക്രമം 125ഉം 250ഉം രൂപയാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
ജില്ലയിൽ ആയിരത്തിലധികം താറാവ് കർഷകരാണ് ഉണ്ടായിരുന്നത്. ഇവർ ക്രിസ്മസ്, ഈസ്റ്റർ സീസൺ ലക്ഷ്യമിട്ടാണ് താറാവുകളെ വളർത്തിയത്. 2014 ഡിസംബർ മുതൽ ജില്ലയിൽ പക്ഷിപ്പനി ഉൾപ്പെടെ രോഗങ്ങൾ ബാധിച്ചു. താറാവുകൾ കൂട്ടത്തോടെ ചത്തുവീഴുന്നതിനാൽ പിടിച്ചുനിൽക്കാനാകാതെ ഒട്ടേറെ കർഷകർ രംഗം വിട്ടു. 200ൽ താഴെ പേർ മാത്രമാണ് താറാവ് കർഷകരായി നിലവിലുള്ളത്. രോഗബാധിത പ്രദേശങ്ങളിൽ വളർത്തൽ സീസൺ മാറ്റുന്നതിന് ജില്ല ഭരണകൂടം ആലോചിച്ചെങ്കിലും കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചു. പലവിധ പ്രതിസന്ധിയാണ് കർഷകർ നേരിടുന്നത്.
താറാവ് തീറ്റക്ക് കിലോക്ക് 60 രൂപയാണ്. തമിഴ്നാട്ടിൽ ഇത് 25 രൂപയും. തീറ്റക്ക് പാടശേഖരങ്ങളിൽനിന്ന് ചെറുമത്സ്യങ്ങൾ കിട്ടാത്തതും പ്രശ്നമാണ്. തമിഴ്നാട്ടിൽ ഒരുരൂപക്ക് അരി ലഭിക്കുമ്പോൾ സംസ്ഥാനത്ത് 20 രൂപയാണ് വില. തീറ്റക്കും പ്രതിരോധ വാക്സിനും ഉൾപ്പെടെ ഒരു താറാവിന് 350 രൂപയോളം ചെലവാകാറുണ്ടെന്ന് കർഷകർ പറയുന്നു. മൂന്നര മാസമാകുമ്പോൾ താറാവിന് 1.5 മുതൽ 2.5 കിലോവരെ തൂക്കം വെക്കും. കിലോക്ക് 350 രൂപ നിരക്കിൽ മാത്രമാണ് വിൽക്കാൻ കഴിയുക. ഇത് നഷ്ടത്തിൽ കലാശിക്കുന്നതാണ് കർഷകരുടെ പിൻമാറ്റത്തിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.