പക്ഷിപ്പനി: വളർത്തുപക്ഷികളെ കടത്തുന്നത് നിരോധിച്ചു
text_fieldsആലപ്പുഴ: പക്ഷിപ്പനി ബാധിത മേഖലയായി പ്രഖ്യാപിച്ച വളർത്തുപക്ഷികളുടെ കടത്ത് നിരോധിച്ചു. ഇത് തടയാൻ പൊലീസും മൃഗസംരക്ഷണ വകുപ്പും ചേർന്ന് അതിർത്തി പഞ്ചായത്തുകളിൽ നിരീക്ഷണം ശക്തമാക്കും. പക്ഷിപ്പനി നിയന്ത്രണവിധേയമാക്കാനും പുനർവ്യാപനം തടയാനും രോഗബാധിത മേഖലകളിൽ വളർത്തുപക്ഷികളുടെ എണ്ണം കുറക്കണമെന്ന സർക്കാർ ഉത്തരവ് താഴേതട്ടിലേക്ക് നടപ്പാക്കാൻ കലക്ടർ അലക്സ് വർഗീസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഹാച്ചറികളുടെ പ്രവർത്തനം ഡിസംബർ 31വരെ നിർത്തിവെക്കും. എല്ലാത്തരം വളർത്തുപക്ഷികളെയും ജില്ലയിൽനിന്ന് പുറത്തേക്കും മറ്റ് ജില്ലകളിൽനിന്ന് അകത്തേക്കമുള്ള കടത്ത് പൂർണമായും തടയും. ഇതിന്റെ ഭാഗമായി അതിർത്തി പഞ്ചായത്തുകളിൽ നിരീക്ഷണം ശക്തമാക്കും. ഹാച്ചറികളിൽ വിരിയിക്കാനുള്ള മുട്ടകൾ ശാസ്ത്രീയമായി നശിപ്പിക്കും. സർക്കാർ ഉത്തരവിന് ശേഷം വിരിയിക്കാനായി വെച്ച മുട്ടകൾ നഷ്ടപരിഹാരം നൽകാതെ നശിപ്പിക്കും. നിലവിൽ വളർത്തുപക്ഷികളുള്ള കർഷകർ ബയോസെക്യൂരിറ്റി മാനദണ്ഡങ്ങൾ പാലിച്ചുമാത്രം അവയെ വളർത്തേണ്ടതും അവയുടെ മാംസവും മുട്ടകളും ജില്ലയിൽ തന്നെ ഭക്ഷ്യാവശ്യത്തിനായി ഉപയോഗിക്കണം. പുതിയതായി പക്ഷികളെ വളർത്താനും മുട്ടകൾ വിരിയിക്കാനും പാടില്ല. ഭക്ഷ്യാവശ്യത്തിനായി സംസ്കരിച്ച കോഴി, താറാവ് ഇറച്ചി മറ്റ് ജില്ലകളിൽനിന്ന് കൊണ്ടുവരാം. നിർദേശങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനം ശ്രദ്ധയിൽപെട്ടാൽ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ശിക്ഷാനടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.