അധികൃതർക്ക് മുന്നിൽ കരഞ്ഞു മടുെത്തന്ന് -കർഷകർ
text_fields‘പക്ഷിപ്പനി താറാവുകൾക്ക്; വംശനാശം കർഷകർക്ക്’ പരമ്പരയോട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും ഐക്യ താറാവ് കർഷക സംഘം പ്രസിഡന്റ് അഡ്വ. ബി. രാജശേഖരനും താറാവ് കർഷകരും പ്രതികരിക്കുന്നു...
ആലപ്പുഴ: തങ്ങളുടെ ഗതികേടുകൾ പറഞ്ഞ് അധികൃതർക്ക് മുന്നിൽ കരഞ്ഞ് മടുത്തുവെന്ന് താറാവ് കർഷകർ പറയുന്നു. സമരം ചെയ്യാനും ഭീഷണി മുഴക്കാനുമൊന്നുമുള്ള സംഘടനാശേഷി തങ്ങൾക്കില്ലെന്നും അവർ പറയുന്നു.
സംഘടിക്കാൻ ശ്രമിച്ചാൽ രാഷ്ട്രീയ പാർട്ടികൾ കുത്തിത്തിരുപ്പുണ്ടാക്കി ഐക്യമില്ലാതാക്കും. അവഗണിക്കപ്പെട്ട സമൂഹമാണ് താറാവ് കർഷകരെന്ന് ഐക്യ താറാവ് കർഷക സംഘം പ്രസിഡന്റ് അഡ്വ. ബി. രാജശേഖരൻ പറഞ്ഞു.
അവശേഷിക്കുന്നവരെയെങ്കിലും കൂട്ടിനിർത്തി തൊഴിൽ സംരക്ഷിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടി സർക്കാറിൽനിന്നുണ്ടാകണം.
ഞങ്ങൾ അസംഘടിതരായതിനാൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർപോലും തിരിഞ്ഞുനോക്കുന്നില്ല. സർക്കാറിന്റെ കണക്കുകളിൽ താറാവ് കർഷകരില്ല. മൃഗസംരക്ഷണ വകുപ്പ് 2019ന് ശേഷം കണക്കെടുപ്പ് നടത്തിയിട്ടില്ല. മുൻകാലങ്ങളിൽ ഒക്ടോബർ-നവംബർ മാസങ്ങളിലാണ് പക്ഷിപ്പനി കണ്ടുവന്നിരുന്നത്. ഇത്തവണ ഏപ്രിൽ-മേയ് മാസങ്ങളിലാണ് രോഗബാധ ഉണ്ടായത്.
ഒക്ടോബർ-നവംബർ മാസങ്ങളിൽ രോഗബാധ ഭയന്ന് താറാവുകളെയെല്ലാം വിറ്റൊഴിഞ്ഞ് നഷ്ടം വരാത്ത വിധം മുൻ കരുതലുകളെടുക്കുമായിരുന്നു. ഇത്തവണ ഒക്ടോബർ മുതൽ ജനുവരി വരെ കുഴപ്പമില്ലാതെ കടന്നുപോയതിനാൽ ഇനി രോഗസാധ്യതയില്ലെന്ന് കരുതി കർഷകർ പുതിയ സീസൺ ലക്ഷ്യമിട്ട് താറാവുവളർത്തൽ ആരംഭിച്ചിരുന്നു. ഇവയെല്ലാം കൊന്നൊടുക്കൽ ഭീഷണിയിലാണെന്നും രാജശേഖരൻ പറഞ്ഞു.
2014ലാണ് ആദ്യമായി കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. അതിനു മുമ്പ് രോഗബാധ ഉണ്ടാകാറുണ്ടെങ്കിലും പരിശോധന ഇല്ലായിരുന്നു. ഇപ്പോൾ ലേകാരോഗ്യ സംഘടനയുടെ നിർദേശം അനുസരിച്ചാണ് പരിശോധനയും പക്ഷിപ്പനിയെന്ന് തെളിഞ്ഞാൽ ഒരു കിലോമീറ്റർ ചുറ്റളവിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കലുമെല്ലാം നടക്കുന്നത്.
1990ൽ കുട്ടനാട്ടിൽ വലിയതോതിൽ താറാവുകൾ ചത്തിരുന്നു. ഇപ്പോഴത്തെ പനി അതുപോലെയല്ല. വളരെ മാരകമാണെന്ന് കർഷകർ തന്നെ പറയുന്നു. കള്ളിങ് നടത്താതെ മരുന്ന് നൽകിയാൽ കുറെയൊക്കെ ജീവിക്കുമെന്ന അഭിപ്രായവും അവർ പ്രകടിപ്പിക്കുന്നു. കൊല്ലുന്നവയുടെ നഷ്ടപരിഹാരം ആറുമാസത്തിനകമെങ്കിലും കൊടുത്താൽ കർഷകർക്ക് പടിച്ചുനിൽക്കാം.
യു.ഡി.എഫും എൽ.ഡി.എഫും താറാവ് കർഷകരെ അവഗണിക്കുന്നു. സർക്കാർ ഈ തൊഴിലിനെ അംഗീകരിച്ചാൽ ഒരുപാട് ഗുണം കർഷകർക്കുണ്ടാകും. താറാവ് എന്ന പേരുപോലും ബാങ്കുകളിൽ പറയാനാകില്ല. അത് പറഞ്ഞുപോയാൽ വായ്പ തരില്ല. ഭൂസ്വത്ത് ഇല്ലാത്തതിനാൽ ഈട് നൽകാനും കഴിയുന്നില്ലെന്ന് കർഷകനായ കരുമാടിയിൽ തുളസീദാസ് പറഞ്ഞു.
ഇൻഷുറൻസും ബാങ്ക് വായ്പയും ലഭ്യമാക്കുന്നതിൽ ബുദ്ധിമുട്ടുണ്ട് -മന്ത്രി ജെ. ചിഞ്ചുറാണി
ആലപ്പുഴ: താറവ് വളർത്താൻ ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിലും ബാങ്ക് വായ്പ അനുവദിക്കുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ‘മാധ്യമ’ത്തോട് പറഞ്ഞു. മാധ്യമം പ്രസിദ്ധീകരിച്ച ‘പക്ഷിപ്പനി താറാവുകൾക്ക്; വംശനാശം കർഷകർക്ക്’ എന്ന പരമ്പരയിൽ പ്രതിപാതിച്ച കാര്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അവർക്ക് ആനുകൂല്യങ്ങളൊന്നും സർക്കാർ കൊടുക്കുന്നില്ലെന്ന് പറയുന്നത് ശരിയല്ല. കള്ളിങ് നടത്തുന്നവക്ക് പ്രായം കണക്കാക്കി 100 മുതൽ 200 രൂപവരെ കൊടുക്കുന്നുണ്ട്. കേന്ദ്ര സർക്കാറിന്റെ മാനദണ്ഡമനുസരിച്ചാണ് നഷ്ടപരിഹാരം കൊടുക്കുന്നത്. അതിൽ 60 ശതമാനം കേന്ദ്ര സർക്കാർ വിഹതവും 40 ശതമാനം സംസ്ഥാന സർക്കാറിന്റേതുമാണ്. 20 മുതൽ 30 ലക്ഷം രൂപവരെ നഷ്ടപരിഹാരം കൈപ്പറ്റിയ കർഷകരുണ്ട്. നഷ്ടപരിഹാരം കുറഞ്ഞുപോകുന്നു എന്ന പരാതിക്ക് പരിഹാരം ഉണ്ടാകണമെങ്കിൽ കേന്ദ്ര സർക്കാർ നൽകുന്ന വിഹിതം ഉയർത്തണം. കേന്ദ്ര വഹിതം നാല് വർഷമായി തരുന്നില്ല. തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടുകോടി രൂപ ആലപ്പുഴയിൽ വിതരണം ചെയ്തതാണ്. കഴിഞ്ഞവർഷം മൂന്നുകോടി രൂപയാണ് വിതരണം ചെയ്തത്. ഇത്തവണ കള്ളിങ് നടത്തുന്നവക്കുള്ള തുക മാത്രമേ നൽകാനുള്ളൂ. അതിന് കേന്ദ്ര സർക്കാറിന്റെ ഫണ്ട് വരേണ്ടതുണ്ട്. ഇൻഷുറൻസ് ഏർപ്പെടുത്താൻ പ്രായോഗിക ബദ്ധിമുട്ടുകളുണ്ട്. സർക്കാർ അതേക്കുറിച്ച് ആലോചിക്കുകയും ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുകയും ചെയ്തതാണ്. ഇൻഷുറൻസിൽപെടുന്ന താറാവുകളെ തിരിച്ചറിയാനുള്ള മുദ്രപതിപ്പിക്കാനാവില്ല. താറാവുകളെ ഷെഡുകളിലല്ല വളർത്തുന്നത്. കോഴികളെ വളർത്താൻ ബാങ്കുകൾക്ക് വായ്പ നൽകാനാവും. അവയെ വളർത്തുന്ന ഷെഡ്, പറയുന്നത്രയും വളർത്താനുള്ള സൗകര്യങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ച് ബാങ്കുകൾക്ക് വായ്പ അനുവദിക്കാം.
താറാവുകളെ വയലേലകൾതോറും തീറ്റി വളർത്തുകയാണ്. അതിനാൽ ഷെഡും സ്ഥലസൗകര്യവുമൊന്നും ബാങ്കുകാരെ കാണിക്കാൻ അവയെ വളർത്തുന്നവർക്ക് കഴിയുന്നില്ല. കർഷകരെ പ്രോത്സാഹിപ്പിക്കാൻ മറ്റ് പദ്ധതികൾ ആലോചിക്കും. കർഷകർ ഏതെങ്കിലും പ്രശ്നങ്ങൾ നേരിടുന്നു എന്ന് സർക്കാറിന്റെ ശ്രദ്ധയിൽ അവർ പെടുത്തിയിട്ടില്ല.
കർഷകർ പ്രശ്നങ്ങൾ പറഞ്ഞാൽ അത് പരിശോധിച്ച് പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.