ആലപ്പുഴയിൽ പക്ഷിപ്പനി വ്യാപിക്കുന്നു
text_fieldsകേരളത്തിൽ ആദ്യമായാണ് കാക്കയിലും പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിച്ചത്. മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളിൽ ചത്തനിലയിൽ കണ്ടെത്തിയ പരുന്തുകളിലും മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ കണ്ടെത്തിയ കൊക്കിലുമാണ് പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. കള്ളിങ്, പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി അധികൃതർ. പുന്നമടയിലും തത്തംപള്ളിയിലും കാക്കകൾ ചത്തുവീണു. പക്ഷിപ്പനി ബാധിതമേഖയിലെ 6069 പക്ഷികളെ കൊന്ന് കത്തിച്ച് കള്ളിങ് പൂർത്തിയാക്കി. കോഴികളിൽ രോഗബാധ സംശയിച്ച നാലിടത്തുനിന്ന് പുതിയ സാമ്പിൾ ശേഖരിച്ചു. ഇവ പരിശോധനക്കായി ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ലാബിലേക്ക് അയച്ചു. പരിശോധന ഫലം കിട്ടുന്നതനുസരിച്ച് തുടർനടപടിയെടുക്കുമെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതർ അറിയിച്ചു. വ്യാഴാഴാഴ്ച മണ്ണഞ്ചേരി-762, ചേർത്തല സൗത്ത്-4773, മുഹമ്മ-534 എന്നിങ്ങനെയാണ് കള്ളിങ് നടത്തിയത്. ഇതിന് എറണാകുളം ജില്ലയിൽനിന്നുള്ള ദൗത്യസംഘം നേതൃത്വം നൽകി. താറാവിനും കോഴികൾക്കും പിന്നാലെ കാക്കൾക്കും പരുന്തിനും കൊക്കിനും പക്ഷിപ്പനി കണ്ടെത്തിയതോടെയാണ് ജില്ലയിൽ രോഗവ്യാപനം കൂടിയത്. ആരോഗ്യവകുപ്പ് ജാഗ്രതനിർദേശം പുറത്തിറക്കിയിട്ടുണ്ട്. കേരളത്തിൽ ആദ്യമായാണ് കാക്കയിലും പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിച്ചത്.
മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളിൽ ചത്തനിലയിൽ കണ്ടെത്തിയ പരുന്തുകളിലും മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ കണ്ടെത്തിയ കൊക്കിലുമാണ് പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. മുഹമ്മ പഞ്ചായത്തിൽ ചത്തുവീണ കാക്കകളിലായിരുന്നു ആദ്യം രോഗം കണ്ടെത്തിയത്. ഇതിനുപുറമേ തണ്ണീർമുക്കം, മണ്ണഞ്ചേരി, പള്ളിപ്പുറം പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലും ചത്തുവീണ കാക്കകളിലും രോഗമുണ്ടെന്ന് കണ്ടെത്തിയിരുന്നു.കാക്ക, പരുന്ത്, കൊക്ക് എന്നിവക്ക് രോഗം കണ്ടെത്തിയ സ്ഥലങ്ങളിലെ വളർത്തുപക്ഷികളെ കൊന്നൊടുക്കില്ല.
മുട്ടയും ഇറച്ചിയും നിരോധിച്ചു; പക്ഷികളെ വളർത്തരുത്
ആലപ്പുഴ: ജില്ലയിലെ മൂന്ന് പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രഭവകേന്ദ്രത്തിൽനിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ താറാവ്, കോഴി, കാട, മറ്റ് വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഈമാസം 29 വരെ നിരോധിച്ച് ജില്ല കലക്ടർ ഉത്തരവായി. പ്രഭവ കേന്ദ്രത്തിന് ഒരുകിലോമീറ്റർ ചുറ്റളവിലുള്ള ഇൻഫെക്റ്റഡ് സോണിൽ കള്ളിങ് പൂർത്തിയായി മൂന്ന് മാസത്തേക്ക് പക്ഷികളെ വളർത്തുന്നതും നിരോധിച്ചു.
ചേർത്തല തെക്ക് പഞ്ചായത്ത് വാർഡ്-11, മുഹമ്മ പഞ്ചായത്ത് വാർഡ്-ഒന്ന്, മണ്ണഞ്ചേരി പഞ്ചായത്ത് വാർഡ്-23 എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ഈസാഹചര്യത്തിൽ പ്രഭവകേന്ദ്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന ചേർത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീർമുക്കം, ചേർത്തല നഗരസഭ, മാരാരിക്കുളം വടക്ക്, മണ്ണഞ്ചേരി, വയലാർ, ചേന്നംപള്ളിപ്പുറം, കടക്കരപ്പള്ളി, മാരാരിക്കുളം തെക്ക്, കൈനകരി, ആര്യാട് എന്നീ തദേശസ്ഥാപനങ്ങളുടെയും ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ തുമ്പോളി, മംഗലം, കൊമ്മാടി, കളപ്പുര, പൂന്തോപ്പ്, കാളാത്ത്, ആശ്രമം, കൊറ്റംകുളങ്ങര, തോണ്ടൻകുളങ്ങര, കറുകയിൽ, അവലൂക്കുന്ന്, കരളകം, പുന്നമട, നെഹറുട്രോഫി, തത്തംപള്ളി, കിടങ്ങാംപറമ്പ്, മന്നത്ത്, ആറാട്ടുവഴി, കാഞ്ഞിരംചിറ എന്നീ വാർഡുകളുടെയും പരിധിയിലാണ് നിരോധനം.
ജില്ലയിൽ ഇതുവരെ 17 ഇടങ്ങളിൽ സ്ഥിരീകരണം
ആലപ്പുഴ നഗരസഭ, ചേർത്തല നഗരസഭ, കഞ്ഞിക്കുഴി, മുഹമ്മ, തഴക്കര, ചെറുതന, എടത്വ, ചമ്പക്കുളം, അമ്പലപ്പുഴ വടക്ക്, തകഴി, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക്, പള്ളിപ്പുറം, ചേർത്തല സൗത്ത്, തണ്ണീർമുക്കം അടക്കമുള്ള പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗമുള്ള പ്രദേശത്തെ വളർത്തുപക്ഷികളെ കത്തിച്ച് കുഴിച്ചുമൂടുന്ന കള്ളിങ് പ്രവർത്തനം ദിവസങ്ങളായി നടക്കുന്നുണ്ട്. കള്ളിങ്ങിൽ പങ്കെടുക്കുന്ന ദ്രുതകർമസേനാംഗങ്ങൾ 10 ദിവസം ക്വാറന്റീനിൽ കഴിയണമെന്നാണ് ചട്ടം. വിവിധയിടങ്ങളിലെ ദ്രുതകർമസേനാംഗങ്ങൾ കഴിഞ്ഞദിവസങ്ങളിൽ നടന്ന കള്ളിങ്ങിൽ പങ്കെടുത്തതിനാൽ ക്വാറന്റീനിലാണ്. ഈസാഹചര്യത്തിലാണ് എറണാകുളം ജില്ലയിൽ നിന്നുള്ള സംഘത്തിന്റെ സഹായം തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.