നാലിടത്തുകൂടി പക്ഷിപ്പനി ബാധയെന്ന് സംശയം
text_fieldsആലപ്പുഴ: ജില്ലയിൽ വീണ്ടും നാലിടത്തുകൂടി പക്ഷിപ്പനി ബാധയെന്ന് സംശയം.
ചേന്നം പള്ളിപ്പുറം പഞ്ചായത്തിൽ രണ്ടിടത്തും കഞ്ഞിക്കുഴി, കടക്കരപ്പള്ളി എന്നിവിടങ്ങളിൽ ഓരോയിടത്തുമാണ് പക്ഷിപ്പനി ബാധ സംശയിക്കുന്നത്.
ചേന്നം പള്ളിപ്പുറത്ത് നാലിടത്ത് കള്ളിങ് നടന്നുവരവെയാണ് വീണ്ടും രോഗബാധയുടെ ലക്ഷണം രണ്ടിടത്ത് കണ്ടത്.
ചൊവ്വ, ബുധൻ ദിവസങ്ങളിലായി 30,000ത്തോളം പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി. മൃഗസംരക്ഷണ വകുപ്പ് തയാറാക്കിയ ദ്രുതകർമ സേനയുടെ 20 യൂനിറ്റാണ് ജില്ലയിൽ കള്ളിങ് നടത്തിവരുന്നത്. ജില്ലയിലുള്ള ടീമുകളിലുള്ളവരെല്ലാം ക്വാറന്റീനിലായതിനാൽ കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള ടീമുകൾ എത്തിയാണ് കള്ളിങ് നടത്തുന്നത്. പുതുതായി രോഗബാധ സംശയിക്കുന്ന നാലിടത്തെയും സാമ്പിൾ സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ പോസിറ്റിവാണ്. ഇതേതുടർന്ന് ഭോപാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിൾ അയച്ചിരിക്കുകയാണ്. അതിന്റെ റിസൾട്ട് വ്യാഴാഴ്ച ലഭിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. രോഗബാധയുണ്ടായ സ്ഥലങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ പക്ഷികളുടെ ഇറച്ചി, മുട്ട വ്യാപാരത്തിന് നിരോധനം ഏർപ്പെടുത്തിയതിനാൽ ജില്ലയിൽ മിക്കയിടത്തും കോഴി, താറാവ് ഇറച്ചിയും മുട്ടയും ലഭിക്കാതായിട്ടുണ്ട്.
വളർത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ഠം നിരോധിച്ചു
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രഭവകേന്ദ്രത്തിൽനിന്ന് 10 കി.മീ ചുറ്റളവിൽ വരുന്ന സർവയ്ലൻസ് സോണിൽ ഉൾപ്പെടുന്ന ചേർത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീർമുക്കം, ചേർത്തല നഗരസഭ, മാരാരിക്കുളം വടക്ക്, മണ്ണഞ്ചേരി, പട്ടണക്കാട്, വയലാർ, ചേന്നംപള്ളിപ്പുറം, കടക്കരപ്പള്ളി, തുറവൂർ, തൈക്കാട്ടുശ്ശേരി, കുത്തിയതോട്, കോടംതുരുത്ത് എഴുപുന്ന, പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി, മാരാരിക്കുളം തെക്ക്, തഴക്കര, വെണ്മണി, മാവേലിക്കര നഗരസഭ, ചെറിയനാട്, ബുധനൂർ, പുലിയൂർ, ആല, മുളക്കുഴ, ചെങ്ങന്നൂർ നഗരസഭ, പാണ്ടനാട്, തിരുവൻവണ്ടൂർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വാടക്കൽ, ഗുരുമന്ദിരം, ഇരവുകാട്,സനാതനപുരം, കളർകോട്, ബീച്ച്, കുതിരപ്പന്തി, ഹൗസിങ് കോളനി, കൈതവന, എന്നിവ ഒഴികെയുള്ള എല്ലാ വാർഡുകളുടെയും പരിധിയിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം), ഫ്രോസൺ മീറ്റ് എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ജൂലൈ മൂന്നുവരെ നിരോധിച്ച് കലക്ടർ ഉത്തരവായി. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഇൻഫെക്റ്റഡ് സോണിൽ കള്ളിങ് പൂർത്തിയായി മൂന്ന് മാസത്തേക്ക് പക്ഷികളെ വളർത്തുന്നത് നിരോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.