പക്ഷിപ്പനി പടരുന്നു; തഴക്കര പഞ്ചായത്തിൽ താറാവുകൾ കൂട്ടത്തോടെ ചത്തു
text_fieldsമാങ്കാംകുഴി: ജില്ലയിൽ പക്ഷിപ്പനി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. ഇതേ തുടർന്ന് കർഷകർ ആശങ്കയിലായി. തഴക്കര പഞ്ചായത്തിലെ വെട്ടിയാർ പെരുവേലിൽ ചാൽ പുഞ്ചയിലാണ് കഴിഞ്ഞ ദിവസം താറാവുകൾ കൂട്ടത്തോടെ ചത്തുവീണത്. ചെന്നിത്തല സ്വദേശിയായ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള 2500 താറാവുകളാണ് ചത്തത്. 10,000 താറാവുകളുമായി നൂറനാട് പഞ്ചായത്ത് ഭാഗത്തെ പുഞ്ചയിലായിരുന്നു സന്തോഷ്. രണ്ടുദിവസം മുമ്പാണ് തഴക്കര പഞ്ചായത്ത് ഭാഗത്തേക്ക് വന്നത്. തിരുവല്ല മഞ്ഞാടിയിലെ ലാബിൽ നടത്തിയ പക്ഷിപ്പനി സാമ്പിൾ പരിശോധന ഫലം പോസിറ്റിവാണ്.
ആലപ്പുഴയിൽനിന്ന് ഡോ. വൈശാഖിന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘമെത്തി പരിശോധിച്ച ശേഷം ഭോപാലിലെ ലാബിൽ പരിശോധനക്ക് അയക്കാൻ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഫലമറിഞ്ഞ ശേഷം തുടർനടപടി സ്വീകരിക്കും. ഏതാനും ദിവസങ്ങളായി ചത്തുവീഴുന്ന താറാവുകളെ പുഞ്ചക്ക് സമീപത്തുതന്നെ കുഴിച്ചിടുകയാണ്. എം.എസ്. അരുൺകുമാർ എം.എൽ.എ, തഴക്കര വെറ്ററിനറി ഡോക്ടർ രേണു കെ. രാജ് എന്നിവർ പ്രദേശം സന്ദർശിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ചാൽ നടപടി സ്വീകരിക്കാൻ ക്രമീകരണമൊരുക്കുമെന്ന് ഇവർ അറിയിച്ചു.
തഴക്കരയിൽ താറാവ് കർഷകരില്ലെന്നും ചെന്നിത്തലയിൽനിന്ന് വെട്ടിയാറിലെ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ താറാവുകളെ എല്ലാ വർഷവും കൊണ്ടുവരാറുണ്ടെന്നും വെറ്ററിനറി ഡോക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.