പക്ഷിപ്പനി; വിദഗ്ധ സമിതി റിപ്പോർട്ടിൽ വ്യാപക ആശങ്ക
text_fieldsആലപ്പുഴ: 2025 മാര്‍ച്ചുവരെ ജില്ലയില്‍ പക്ഷി വളര്‍ത്തല്‍ നിരോധനം ഏര്‍പ്പെടുത്തണമെന്ന വിദഗ്ധ സമിതി റിപ്പോർട്ട് സൃഷ്ടിക്കുന്നത് വ്യാപക ആശങ്ക. എട്ടു മാസത്തിലേറെ നീളുന്ന പക്ഷിവളർത്തൽ നിരോധനം ജില്ലയിലെ തനത് താറാവ് ഇനങ്ങളായ ചാര, ചെമ്പല്ലി എന്നിവയുടെ വംശനാശത്തിന് ഇടയാക്കുമെന്ന് താറാവ് കർഷകർ ചൂണ്ടിക്കാട്ടുന്നു. ജില്ലയിൽ ഇറച്ചിക്കോഴി വളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതം വഴിമുട്ടുമെന്ന ആശങ്ക കോഴിക്കർഷകരും ഉയർത്തുന്നു.
420 താറാവ് കർഷകരാണ് ജില്ലയിലുള്ളത്. ഇവരുടെ ജീവിതവും വഴിമുട്ടും. ഇവരുടെ പക്കൽ ഇപ്പോൾ ഒരു ലക്ഷത്തിലേറെ താറാവുകളുണ്ട്. ഇവയെ എന്തുചെയ്യുമെന്ന ചോദ്യവുമുയരുന്നു. ഇപ്രകാരം ദീർഘകാലം നിരോധനം ഏർപ്പെടുത്തിയാൽ പിന്നീട് കുഞ്ഞുങ്ങളെ വളർത്തി വിൽപനക്ക് തയാറാക്കാൻ പിന്നെയും മാസങ്ങളെടുക്കും. എല്ലാം ചേർത്ത് ഒരു വർഷത്തോളം തൊഴിലും ജീവനോപാധിയും നഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് എന്ത് സഹായമാണ് സർക്കാർ നൽകുകയെന്ന ചോദ്യവുമുയരുന്നു.
ഇറച്ചിക്കോഴി മേഖലയിലെ ഉപജീവനത്തെ ബാധിക്കാത്ത നിലയിലാകണം നിരോധനമെന്ന് ഓള് കേരള പൗള്‍ട്രി ഫെഡറേഷന് ആവശ്യപ്പെടുന്നു. ഇതു ചൂണ്ടിക്കാട്ടി ഫെഡറേഷൻ മൃഗസംരക്ഷണ മന്ത്രിക്ക് നിവേദനം നൽകി. മുട്ടക്കോഴികളെ വളർത്തി ഉപജീവനം നടത്തുന്ന കുടുംബങ്ങളും ജില്ലയിൽ നിരവധിയുണ്ട്. ജില്ലയിൽ അരലക്ഷത്തോളം ആളുകൾ പ്രത്യക്ഷമായും പരോക്ഷമായും തൊഴിലായി സ്വീകരിച്ചിട്ടുള്ള മേഖലയാണ് കോഴി വളർത്തൽ.
വിദഗ്ധ സമിതി റിപ്പോർട്ട് ചോദ്യം ചെയ്യപ്പെടുന്നു
വിദഗ്ധസമിതി റിപ്പോർട്ടിലെ ശിപാർശകൾ പാടെ ചോദ്യം ചെയ്യപ്പെടുന്നു. ജില്ലയിൽ പക്ഷിവളർത്തൽ നിരോധനം നടപ്പാക്കുക പ്രായോഗികമല്ലെന്നാണ് ഈ രംഗത്തുള്ള കർഷക സംഘടനകളെല്ലാം പറയുന്നത്. റിപ്പോർട്ട് തയാറാക്കിയ സംഘം കർഷകരെയോ അവരുടെ സംഘടന പ്രതിനിധികളെയോ കണ്ടിട്ടില്ലെന്ന് കുറ്റപ്പെടുത്തൽ സംഘടനകൾ ഉന്നയിക്കുന്നു.
ജില്ലയിൽ ആകെ പക്ഷി വളർത്തൽ നിരോധിക്കണമെന്ന് ശിപാർശ ചെയ്യും മുമ്പ് അതിന്റെ പ്രായോഗികതയും അതുണ്ടാക്കുന്ന സാമൂഹികാഘാതവും സംഘം മനസ്സിലാക്കണമായിരുന്നു. നിരോധനം മൂലം തൊഴിലും ജീവനോപാധിയും നഷ്ടപെടുന്നവർക്ക് എന്ത് നഷ്ടപരിഹാരം നൽകണമെന്ന നിർദേശവും റിപ്പോർട്ടിൽ ഉൾപെടുത്തണമായിരുന്നു. എട്ട് മാസംവരെ താറാവുകളെ വളർത്താതിരുന്നാൽ പിന്നെ കുഞ്ഞുങ്ങളെ വിരിയിക്കാൻ മുട്ടക്ക് എവിടെ പോകുമെന്ന ചോദ്യവും സംഘടനകൾ ഉയർത്തുന്നു.
ചാരയും ചെമ്പല്ലിയും ഇല്ലാതാകുമോ?
ജില്ലയിൽ പക്ഷിവളർത്തൽ 2025 മാർച്ചുവരെ നിരോധിച്ചാൽ കുട്ടനാടിന്റെ തനത് താറാവിനങ്ങളായ ചാരക്കും ചെമ്പല്ലിക്കും വംശനാശം സംഭവിക്കുമെന്ന് താറാവ് കർഷകർ ചൂണ്ടിക്കാട്ടുന്നു. കള്ളിങ് വഴി കൂട്ടത്തോടെ കൊന്നൊടുക്കുകയും എട്ട് മാസത്തേക്കു വളർത്തൽ നിരോധനം ഏർപ്പെടുത്തുകയും ചെയ്താൽ ഈ വംശം തന്നെ ഇല്ലാതാകുമെന്നാണ് കർഷകർ പറയുന്നത്.
ഹാച്ചറികളിൽനിന്ന് ഇവയുടെ മുട്ട വിരിയിച്ച കുഞ്ഞുങ്ങളെയാണ് കർഷകർ വാങ്ങുന്നത്. എട്ടു മാസം നീളുന്ന സമ്പൂർണ നിരോധനം കഴിഞ്ഞാൽ മുട്ടകൾ കിട്ടാതാകും. അതിനാൽ ചാരയുടെയും ചെമ്പല്ലിയുടെയും മുട്ട ശേഖരണം നടക്കില്ല. നിരണം താറാവ് വളർത്തൽ കേന്ദ്രത്തിലായിരുന്നു ചാരയുടെയും ചെമ്പല്ലിയുടെയും വംശം ഉണ്ടായിരുന്നത്. അവയെ പൂർണമായും കൊന്നൊടുക്കി. അവിടെ നിന്നും അടുത്തകാലത്തൊന്നും മുട്ടയോ കുഞ്ഞുങ്ങളെയോ ലഭിക്കില്ല. നിരണം കേന്ദ്രത്തിൽ താറാവ് വളർത്തൽ തുടങ്ങിയാൽ തന്നെ ഏറ്റവും ശുദ്ധമായ തലമുറയെ ഉണ്ടാക്കിയെടുക്കാൻ അഞ്ച് വർഷത്തിലേറെ കാലമെടുക്കും.
2018ലെ വെള്ളപ്പൊക്കത്തിൽ നിരണം കേന്ദ്രത്തിലെ താറാവുകൾ ചത്തിരുന്നു. പിന്നീട് കർഷകരുടെ കൈവശം ഉണ്ടായിരുന്നവയെ വാങ്ങി ഇത്രയും വർഷങ്ങൾ നീണ്ട തരംതിരിക്കൽ നടത്തി ഇപ്പോഴാണ് ചാരയുടെയും ചെമ്പല്ലിയുടെയും തനത് ഇനങ്ങളെ അവർക്ക് വേർതിരിച്ചെടുക്കാൻ കഴിഞ്ഞത്. പക്ഷിവളർത്തൽ നിരോധിച്ചാൽ കർഷകരുടെ കൈവശമുള്ളവയും നഷ്ടമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.