പക്ഷിപ്പനി: 172 വളർത്തുപക്ഷികളെ കൊന്നൊടുക്കി
text_fieldsആലപ്പുഴ: നഗരത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിലെ 172 വളർത്തുപക്ഷികളെ കൊന്നൊടുക്കി. 300 കിലോ തീറ്റയും 36 മുട്ടയും നശിപ്പിച്ചു.നഗരസഭ തിരുമല വാർഡ് രത്നാലയത്തിൽ എ.ആർ. ശിവദാസന്‍റെ വളർത്തുകോഴികൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
തുടർന്ന് തിരുമല വാർഡും സമീപത്തെ പള്ളാത്തുരുത്തി വാർഡും ഉൾപ്പെടുന്ന ഒരുകിലോമീറ്റർ ചുറ്റളവിൽ വളർത്തുന്ന പക്ഷികളെ പിടികൂടി കൊന്ന് കത്തിച്ചുകളഞ്ഞു. കോഴി-86, താറാവ്-12, പ്രാവ്-15, ലൗ ബേഡ്സ്-42, ഗിനിക്കോഴി-അഞ്ച്, കാട-12 ഉൾപ്പെടെ 172 പക്ഷികളെയാണ് കൊന്നത്.
വളർത്തുകോഴികളടക്കമുള്ള പക്ഷികളെ റാപ്പിഡ് റെസ്പോൻസ് ടീമുകൾ പള്ളാത്തുരുത്തി വാർഡിൽ പിടികൂടാനെത്തിയപ്പോൾ ചിലയിടത്ത് എതിർപ്പുമായി വീട്ടുകാരെത്തി. പിന്നീട് പൊലീസെത്തിയാണ് വിഷയം പരിഹരിച്ചത്. പ്രഭവ കേന്ദ്രത്തിന്‍റെ ഒരുകിലോമീറ്റർ ചുറ്റളവിൽ വീടുവീടാന്തരം കയറിയാണ് പക്ഷികളെ പിടികൂടിയത്.
ശനിയാഴ്ച രാവിലെ 9.30 മുതൽ മൃഗസംരക്ഷണ വകുപ്പിന്‍റെ രണ്ട് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്‍റെ നേതൃത്വത്തിലാണ് കള്ളിങ് നടപടി തുടങ്ങിയത്. ആഴത്തിലുള്ള കുഴിയെടുത്ത് വിറക് അടുക്കിയശേഷം കൊന്ന പക്ഷികളെ നിരത്തി ഡീസലും പഞ്ചസാരയും ഉപയോഗിച്ച് കത്തിച്ചാണ് കൊല്ലുന്നത്.
നടപടിക്രമം പാലിച്ച് കള്ളിങ് ഉച്ചക്ക് 2.30ന് പൂർത്തിയായി. റാപ്പിഡ് റെസ്പോൺസ് ടീമിൽ വെറ്ററിറ്ററി ഡോക്ടർമാരും നഗരസഭ ആരോഗ്യ വിഭാഗവും തൊഴിലാളികളും ഉണ്ടായിരുന്നു. നഗരസഭ പരിധയിൽ പക്ഷിപ്പനി ബാധിച്ചതിന്‍റെ ഞെട്ടലിലാണ് നഗരവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.