ഓണാട്ടുകര കാർഷിക പൈതൃകത്തിെൻറ നേർരൂപമായി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്
text_fieldsമാവേലിക്കര: ഓണാട്ടുകരയിലെ പഴയകാല പശുത്തൊഴുത്തും അതിൽ അഴകൊത്തൊരു പശുവും ഉണ്ട്. തൊഴുത്തിനരികിലൂടെ കടന്നുപോയാൽ ഗൃഹാതുരതയുടെ നേർരൂപമായി ഏറുമാടം. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്താണ് കാർഷിക സമൃദ്ധിയുടെ മ്യൂസിയം ഉയരുന്നത്.
ഇവിടെ ബീഡിപ്പെട്ടി, പാക്ക് വെട്ടി, മിഠായി ഭരണി, ചുണ്ണാമ്പ് പാത്രം, റാന്തൽ, പഴയ കാല ടോർച്ച്, സൈക്കിൾ, ഏറുമാടത്തിന് അകത്തും പുറത്തും പഴയകാല സിനിമ പോസ്റ്ററുകൾ. ഏറുമാട പടിയിലിരുന്ന് വിശ്രമിച്ച് കുശലം പറയാം. തൊട്ടുപിന്നിലായി കർഷകർ തലച്ചുമടുകൾ ഇറക്കിവെച്ചിരുന്ന ചുവടുതാങ്ങി. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം ചെലവഴിച്ചുള്ള നിർമാണത്തിന് പിന്നിൽ ശിൽപിയും ചിത്രകാരനും സംവിധായകനുമായ അനിൽ കട്ടച്ചിറയാണ് .
പഴയകാല പടിപ്പുരയും അത് കടന്ന് ചെന്നാൽ തുളസിത്തറയും മഴപ്പക്ഷിയെയും കാണാം. പിന്നീട് മൺവഴിയിലൂടെ നടന്ന് ഓണാട്ടുകരയുടെ കാർഷിക സംസ്ക്യതിയുടെ പാരമ്പര്യം ദർശിക്കാവുന്ന മ്യൂസിയം ഒരുക്കിയിട്ടുണ്ട്. കലപ്പ, ചക്രം, മത്ത്, തുടം, പഴയ അളവുതൂക്ക ഉപകരണങ്ങൾ, ചട്ടിക്കൊട്ട, പായ, ഉരൽ, അമ്മിക്കല്ല്, പ്രാവിൻകൂട് തുടങ്ങിയവയുമുണ്ട് . 2014ൽ ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ മ്യൂറൽ ചിത്രങ്ങളും സ്ഥാപിച്ചിരുന്നു. ഓണാട്ടുകരയിലെ പ്രതിഭകളായ രാജ രവിവർമ ,എ.ആർ. രാജരാജവർമ, തോപ്പിൽ ഭാസി, മാവേലിക്കര കൃഷ്ണൻകുട്ടി നായർ, പത്മരാജൻ, പാറപ്പുറം തുടങ്ങിയവരുടെ രൂപങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്. ചെട്ടികുളങ്ങര കുംഭഭരണി ദൃശ്യവും നവജാത ശിശുവിനെ കാണുന്ന സ്ത്രീകളുടെ രൂപവും ഉണ്ട്.
കേരളത്തിൽ ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഇങ്ങനെ ഒരു മ്യൂസിയം നിർമിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ് പറഞ്ഞു. അന്തർ സംസ്ഥാന പഠനയാത്രക്ക് രണ്ടു തവണയായി അനുവദിച്ച തുകയായ എട്ടു ലക്ഷവും മറ്റ് തുകകളും കൂടിയാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ജനകീയ ആസൂത്രണ പദ്ധതി രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഉടൻ മ്യൂസിയം ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
റിപ്പോർട്ടർ: സുധീർ കട്ടച്ചിറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.