വള്ളംകളി; നൂതന സ്റ്റാർട്ടിങ്-ഫിനിഷിങ് യന്ത്രവത്കൃത സംവിധാനവുമായി ഋഷികേശ്
text_fieldsആലപ്പുഴ: വള്ളംകളിക്കായി നൂതന സ്റ്റാർട്ടിങ്-ഫിനിഷിങ് യന്ത്രവത്കൃത സംവിധാനവുമായി മുഹമ്മ സ്വദേശി ഋഷികേശ്.
ഈവർഷം നടന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ ഫലനിർണയം കോടതികയറിയ സാഹചര്യത്തിലാണ് താൻ വികസിപ്പിച്ചെടുത്ത സംവിധാനം കൂടുതൽ സാങ്കേതികവിദ്യ ഉപയോഗിച്ച് വിപുലപ്പെടുത്തിയത്. ഇന്ത്യൻ പേറ്റന്റിനായി സമർപ്പിച്ച യന്ത്രവത്കൃത സാങ്കേതികവിദ്യയുടെ വ്യാജപതിപ്പ് അവതരിപ്പിച്ച് വള്ളംകളി നടത്തിയതാണ് ഫലനിർണയത്തിലടക്കം തർക്കമുണ്ടായതെന്ന് ഋഷികേശ് പറഞ്ഞു. ഇതിന് പരിഹാരമായി ലോകത്ത് എവിടെയിരുന്നും ഉദ്ഘാടകനായയാൾ ബട്ടൺ അമർത്തിയാൽ സ്റ്റാർട്ടിങ് പോയന്റിൽ വെടിപെട്ടും.
ദൂരെത്തുള്ളയാൾ ഉപയോഗിക്കുന്ന ഫോണും സ്റ്റാർട്ടിങ് സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണും തമ്മിൽ വിഡിയോകാളിലൂടെ ബന്ധപ്പെടുത്തിയാണ് ഇത് നിർവഹിക്കുന്നത്.
ഇതിനൊപ്പം ഒന്നാമതെത്തിയ വള്ളത്തെ കൃത്യമായി തിരിച്ചറിയാൻ സഹായിക്കുന്ന രീതിയിൽ ഫിനിഷിങ് സംവിധാനവും മെച്ചപ്പെടുത്തിയിട്ടുണ്ട്.
2018ലാണ് നെഹ്റു ട്രോഫി വള്ളംകളിയുടെ ചരിത്രത്തിലാദ്യമായി യന്ത്രവത്കൃത സ്റ്റാർട്ടിങ് സംവിധാനം പരീക്ഷിച്ചത്. അന്ന് ഇന്ത്യയിലെ പത്തിലധികം എൻജീനിയറിങ് സ്ഥാപനങ്ങൾ മുന്നോട്ടുവെച്ച മാതൃകകൾ മറികടന്നാന്ന് ഋഷികേശിന്റെ സംവിധാനം തെരഞ്ഞെടുത്തത്. പിന്നീട് 2019 നെഹ്റു ട്രോഫിയിലും ചാമ്പ്യൻസ് ബോട്ട് ലീഗിലും അത് ഉപയോഗിച്ചു. സി.ബി.എൽ രണ്ടാം പതിപ്പിൽ അത്യാധുനിക സംവിധാനങ്ങൾ സംയോജിപ്പിച്ച് സ്റ്റാർട്ടിങ് ഡിവൈസ് കൂടുതൽ വിപുലീകരിച്ചു. ഐ.ഐ.ടി.യിൽനിന്നുള്ളവരടക്കം പരാജയപ്പെട്ടപ്പോൾ താൻ കണ്ടുപിടിച്ച സംവിധാനത്തിന്റെ പേരിൽ ലക്ഷങ്ങളുടെ കടബാധ്യതയാണുണ്ടായത്. വാർത്തസമ്മേളനത്തിൽ ജോർജുകുട്ടി കരിയാനപ്പള്ളി, അജിത്കുമാർ എന്നിവർ പങ്കെടുത്തു.
അവഗണന: രാഷ്ട്രപതിയുടെ മെഡൽ തിരിച്ചയക്കും
ആലപ്പുഴ: വള്ളംകളിക്കായി താൻ വികസിപ്പിച്ച പുതിയ സാങ്കേതികവിദ്യ വരാനിരിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) അടക്കമുള്ള വള്ളംകളിക്ക് ഉപയോഗിക്കാതെയുള്ള അവഗണനയിൽ പ്രതിഷേധിച്ച് നേരത്തേ ലഭിച്ച രാഷ്ട്രപതിയുടെ മെഡൽ ഡൽഹിയിലേക്ക് തിരിച്ചയക്കുമെന്ന് കണ്ടുപിടിത്തങ്ങളുടെ തോഴനായ ഋഷികേശ്.
2015ൽ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്താണ് റൂറൽ ഇന്നവേഷനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചത്. നെഹ്റു ട്രോഫി വള്ളംകളിയിൽ ചരിത്രത്തിലാദ്യമായി യന്ത്രവത്കൃതസംവിധാനം കണ്ടുപിടിച്ചതിന്റെ പേറ്റന്റ് കിട്ടുന്നതിന് മുമ്പ് വ്യാജ സംവിധാവുമായി ജില്ല കലക്ടറും ആർ.ഡി.ഒയും മുന്നോട്ടുപോയി.
ഇതിനെതിരെ ഹൈകോടതിയിൽ ഹരജി നൽകിയെങ്കിലും സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷം കടുത്ത തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.