മുപ്പാലം നാൽപാലമാക്കുന്ന പണി നീളുന്നു
text_fieldsആലപ്പുഴ: നഗരത്തിലെ മുപ്പാലം നാൽപാലമാക്കുന്ന പണികൾ സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയിലും പാറ ക്ഷാമത്തിലും കുരുങ്ങി നീളുന്നു. നിർമാണം നടത്തിയതിന്റെ ബില്ലുകൾ പാസാക്കി തുക നൽകുന്നതിൽ വലിയ കാലതാമസമാണ് ഉണ്ടാകുന്നത്. അതിനു പിന്നാലെയാണ് പാറ കിട്ടാനില്ലാത്ത സ്ഥിതിയുമായത്.
പാലങ്ങളുടെ കോൺക്രീറ്റിങ് അടക്കം പ്രധാന നിർമാണങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്. മിനുക്കുപണികളാണ് അവശേഷിക്കുന്നത്. 90 ശതമാനം പ്രവൃത്തികളും പൂർത്തിയായിട്ടുണ്ട് എന്ന് നിർമാണ കമ്പനി അധികൃതർ പറഞ്ഞു. കൈവരികൾ സ്ഥാപിക്കൽ, പാലങ്ങളുടെ ഇരുവശവും കല്ല്കെട്ടി ബലപെടുത്തൽ, നടപ്പാതയിൽ ടൈൽ പാകൽ, ടാറിടൽ എന്നിവയാണ് അവശേഷിക്കുന്നത്. ബില്ലുകൾ മാറി തുക ലഭിക്കുകയും പാറ ലഭ്യമാകുകയും ചെയ്താൽ ഒരുമാസത്തിനകം പണി തീർക്കാനാവുമെന്ന് നിർമാണ കമ്പനി അധികൃതർ പറയുന്നു. പക്ഷേ, ബില്ലുകൾ മാറി പണം എന്ന് ലഭിക്കുമെന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ എന്ന് തീർക്കാനാവും എന്ന് പറയാൻ കഴിയാത്ത അവസ്ഥയാണെന്നും അവർ പറയുന്നു. ഈ വർഷം ജനുവരിയിൽ പണി പൂർത്തിയാകുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ജനുവരിയായപ്പോൾ മൂന്ന് മാസംകൂടി സമയം വേണ്ടിവരുമെന്ന് എം.എൽ.എ പറഞ്ഞിരുന്നു. ഇപ്പോൾ ആറുമാസം പിന്നിട്ടിട്ടും നിർമാണം പൂർത്തിയായിട്ടില്ല. പണി തീരുമ്പോൾ നാല് ഭാഗത്തേക്കുമുള്ള കനാലിൽ ജലഗതാഗതവും കനാലിന്റെ എട്ട് കരകളിലൂടെ വാഹന ഗതാഗതവും സുഗമമാകുമെന്നതാണ് നാൽപാലത്തിന്റെ പ്രത്യേകത.
നിർമാണം തുടങ്ങിയത് നാലുവർഷം മുമ്പ്
2020 ആഗസ്റ്റിലാണു മുപ്പാലം പൊളിച്ച് നാൽപ്പാലത്തിന്റെ നിർമാണം ആരംഭിച്ചത്. 14 കോടി രൂപയ്ക്കാണു പാലങ്ങളുടെ നിർമാണം ടെൻഡർ ചെയ്തത്. നിലവിലെ മുപ്പാലത്തിന് അഞ്ചുമീറ്റർ വീതിയും 22 മീറ്റർ നീളവുമായിരുന്നുണ്ടായിരുന്നത്. 23 മീറ്റർ നീളവും 7.50 മീറ്റർ കാര്യേജ് വിസ്തൃതിയുള്ള മൂന്നു പാലങ്ങളും 26 മീറ്റർ നീളവും 7.50 മീറ്റർ കാര്യേജ് വിസ്തൃതിയുള്ള ഒരുപാലവും ഇരുവശത്തും വീതിയുള്ള നടപ്പാതയും ഉൾപ്പെടുന്നതാണു നാൽപ്പാലത്തിന്റെ നിർമാണം. പാലത്തിലേക്ക് വെളിച്ചംകിട്ടാൻ സൗരോർജ വിളക്കുകളും സ്ഥാപിക്കും. വിളക്കുകൾ സ്ഥാപിക്കുന്ന ചുമതല കെ.എസ്.ഇ.ബിക്കാണ്.
ഒക്ടോബറിൽ തീർക്കാനാവും -എം.എൽ.എ
നാല് പാലങ്ങളുടെയും നിർമാണം പൂർത്തീകരിച്ച് രണ്ട് മാസംകൊണ്ട് ഗതാഗതത്തിന് തുറന്നു നൽകാനാകുമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ മാധ്യമത്തോട് പറഞ്ഞു. ബില്ല് മാറി കിട്ടുന്നില്ല എന്ന പരാതിയിൽ വലിയ കാര്യമൊന്നുമില്ലെന്നും എം.എൽ.എ പറഞ്ഞു. ഒരു ബില്ലിന്റെ തുക മാത്രമെ അവർക്ക് കൊടുക്കാനുള്ളു. മറ്റ് ബില്ലുകളുടെയെല്ലാം തുക നൽകിയിട്ടുണ്ട്. 2018ലെ റേറ്റ് അനുസരിച്ചാണ് അവർ ഈ വർക്ക് കോൺട്രാക്ട് എടുത്തത്. വർക്ക് തുടങ്ങാൻ കാലതാമസമുണ്ടായി. നിർമാണ സാമഗ്രികൾക്ക് വലിയ വില വർധന ഉണ്ടായത് കമ്പനിയെബാധിച്ചതാണ് നിർമാണം നീളാൻ കാരണമായത്. പാലങ്ങളുടെ നിർമാണം വേഗത്തിലാക്കാൻ താൻ എം.എൽ.എ ആയ ശേഷം എട്ട് മീറ്റിങ്ങുകൾ വിളിച്ചു ചേർത്തിരുന്നുവെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.