പ്രതീക്ഷയുടെ നങ്കൂരമിട്ട് ബജറ്റ്: കുട്ടനാടിന് മുൻഗണന -140 കോടി; കയർ മേഖലക്ക് 117 കോടി
text_fieldsആലപ്പുഴ: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച രണ്ടാംപിണറായി സർക്കാറിന്റെ ആദ്യസമ്പൂർണ ബജറ്റിൽ ജില്ലക്ക് നേട്ടം. കൃഷി, അനുബന്ധപ്രവൃത്തികൾ, വെള്ളപ്പൊക്കം തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്ന കുട്ടനാട് വികസനത്തിന് മുൻഗണന ലഭിച്ചു.
രണ്ടാംകുട്ടനാട് വികസന പാക്കേജിൽ ഉൾപ്പെടുത്തി കുട്ടനാട്ടിൽ വെള്ളപ്പൊക്കം നിയന്ത്രണത്തിനും അടിസ്ഥാന വികസനത്തിനും 140 കോടിയാണ് വകയിരുത്തിയത്.
ലോവർ കുട്ടനാട് സംരക്ഷണ പദ്ധതിക്ക് 20 കോടിയും കുട്ടനാട് കൃഷിസംരക്ഷണത്തിന് 54 കോടിയും ആലപ്പുഴ, കോട്ടയം ജില്ലകളിൽ വെള്ളപ്പൊക്ക ഭീഷണി തടയുന്നതിന് ആവശ്യമായ പദ്ധതിക്ക് 33 കോടിയും നീക്കിവെച്ചിട്ടുണ്ട്. രാമങ്കരി, എടത്വ, ചമ്പക്കുളം, നീലംപേരൂർ, കൈനകരി പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യവികസന പ്രവൃത്തികൾ ആർ.ഐ.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കും. ലോവർകുട്ടനാട് മേഖലയിൽ കാർഷികോൽപാദന വിപുലീകരണം ലക്ഷ്യമിട്ട് കനാലുകളുടെ ആഴംകൂട്ടൽ, പുറംബണ്ടുകളുടെ നിർമാണം, സംരക്ഷണഭിത്തി നിർമാണം, എൻജിന് തറ, എൻജിൻ ഷെഡ് എന്നിവ വിവിധ പാടശേഖരങ്ങളിൽ നിർമിക്കുന്നതിനാണ് 20 കോടിയും കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ വിളനാശം കുറച്ച് നെല്ലുൽപാദനം വർധിപ്പിക്കുന്നതിന് 54കോടിയും പ്രളയത്തെ അതിജീവിക്കാൻ കഴിയുന്ന പ്രത്യേക വീട് നിർമാണരീതികൾ എന്ന പൈലറ്റ് പദ്ധതിക്ക് രണ്ടുകോടിയും വകയിരുത്തിയിട്ടുണ്ട്. പരമ്പരാഗത വ്യവസായമായ കയർമേഖലക്ക് 117 കോടിയാണ് ബജറ്റിൽ ഉൾപ്പെടുത്തിയത്.
കഴിഞ്ഞതവണ ഇത് 112 കോടിയായിരുന്നു. ഇതിനൊപ്പം മൂല്ല്യവർധിത ഉൽപന്നങ്ങൾ, ഗവേഷണം, വിപണനം, പ്രചാരണം, വിലസ്ഥിരത എന്നിവക്ക് 98 കോടിയും വകയിരുത്തിയിട്ടുണ്ട്. ഗവേഷണ വികസന പ്രവർത്തനങ്ങൾക്ക് എട്ടുകോടിയും കയർ മേഖലയിൽ വിപണനകേന്ദ്രം ആരംഭിക്കുന്നതിന് ആവശ്യമായ മാർക്കറ്റിങ്, പ്രചാരണം, വ്യാപാര പ്രദർശനങ്ങൾ എന്നിവക്കായി 10 കോടിയും കയർ നാരുകൾ, നൂല്, കയർ ഉൽപന്നങ്ങൾ എന്നിവയുടെ വിലസ്ഥിരത ഉറപ്പ് വരുത്തുന്നതിന് വില സ്ഥിരത ഫണ്ടിനായി 38 കോടിയും വകയിരുത്തി.
കേരളത്തിന്റെ തനത് ടൂറിസം ആകർഷകമായ വള്ളംകളിയെ ലോകോത്തര കായിക ഇനമായി മാറ്റുന്നതിന് ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് 12 സ്ഥലങ്ങളിൽ നടത്തുന്നതിന് 15 കോടിയും നീക്കിവെച്ചിട്ടുണ്ട്.
ആലപ്പുഴ തുറമുഖത്തെ വിനോദ സഞ്ചാരകേന്ദ്രമായി ഉയര്ത്തുന്നതിന് 2.5 കോടിയും അനുവദിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളെ മണ്ണൊലിപ്പിൽനിന്നും കാലാവസ്ഥ വ്യതിയാനത്തിൽനിന്നും സംരക്ഷിക്കുന്നതിന് ബജറ്റിൽ പുതിയ പദ്ധതിക്ക് 100 കോടിയും തോട്ടപ്പള്ളിയുടെ സമീപത്തുള്ള പമ്പ നദീതീരങ്ങളിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് അഞ്ചുകോടിയും വകയിരുത്തിയത് ജില്ലക്ക് ആശ്വാസമാണ്.
ജില്ല ഒറ്റനോട്ടത്തിൽ...
ആലപ്പുഴ തുറമുഖത്തെ വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിന് -2.5 കോടി
12 ഇടങ്ങളിൽ നടത്താൻ ചാമ്പ്യൻസ് ബോട്ട് ലീഗിന് -15 കോടി
എറണാകുളം-ചേർത്തല വിപുലീകൃത ഐ.ടി ഇടനാഴികളിൽ 5ജി ലീഡർഷിപ് പാക്കേജ്
തോട്ടപ്പള്ളിയുടെ സമീപത്തുള്ള പമ്പ നദീതീരങ്ങളിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് അഞ്ചുകോടി
ചെങ്ങന്നൂരിൽ തീർഥാടന ടൂറിസം സർക്യൂട്ട് വിപുലമാക്കും
കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും -140 കോടി
കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ വിളനാശം കുറച്ച് നെല്ലുൽപാദനം വർധിപ്പിക്കുന്നതിന് -54 കോടി
ലോവർ കുട്ടനാട്ടിലെ കാർഷികോൽപാദന വിപുലീകരണത്തിന് -20 കോടി
ആലപ്പുഴ, കോട്ടയം ജില്ലയിലെ വെള്ളപ്പൊക്കഭീഷണി തടയാനുള്ള പദ്ധതിക്ക് -33 കോടി
നെല്ലിെൻറ താങ്ങുവില -28.20 രൂപയായി ഉയർത്തും
നെൽകൃഷി വികസനത്തിന് -76 കോടി
തീരപ്രദേശങ്ങളെ സംരക്ഷിക്കാൻ പുതിയ പദ്ധതിക്ക് -100 കോടി
കയറുൽപന്നങ്ങളുടെ വിലസ്ഥിരത ഫണ്ടിന് -38 കോടി
ആദിത്യ മാതൃകയിൽ 50 ശതമാനം ഫെറി ബോട്ടുകളും സോളാർ മാതൃകയിലാക്കും
അഷ്ടമുടി, വേമ്പനാട് കായൽ ശുചീകരണത്തിന് -20 കോടി
കുട്ടനാട് മേഖലയിലെ പ്രത്യേകവീട് നിർമാണരീതികൾ എന്ന പൈലറ്റ് പദ്ധതിക്ക് രണ്ടുകോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.