നെഹ്റുട്രോഫി വള്ളംകളി നടത്തിപ്പിന് 2.13 കോടിയുടെ ബജറ്റ്
text_fieldsആലപ്പുഴ: ആഗസ്റ്റ് 12ന് പുന്നമട കായലിൽ നടക്കുന്ന 69ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന് 2,13,80,000 രൂപയുടെ ബജറ്റ്.
ബോട്ട് റേസ് കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ കലക്ടർ ഹരിത വി. കുമാറിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കൂടിയ ബോട്ട് റേസ് കമ്മിറ്റിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെയും ജനറൽ ബോഡിയുടെയും യോഗമാണ് ബജറ്റ് അംഗീകരിച്ചത്.
ഈ വർഷത്തെ പ്രതീക്ഷിത വരവും ചെലവുകളും യോഗത്തിൽ ചർച്ചനടത്തി. 2.13 കോടിയുടെ വരവും ചെലവും കണക്കാക്കിയാണ് ബജറ്റ്. സംസ്ഥാന സർക്കാറിന്റെ ഗ്രാൻറായ ഒരുകോടി ഉൾപ്പെടെയാണിത്. വിവിധ സബ് കമ്മിറ്റികളുടെ ബജറ്റും അവതരിപ്പിച്ചു. ബോട്ട് ക്ലബുകൾക്കുള്ള ബോണസും ഉടമകൾക്കുള്ള മെയിന്റനൻസ് ഗ്രാന്റും 10 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചതായി പി.പി. ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. ബോണസായി 80 ലക്ഷം രൂപ, മെയിന്റനന്റസ് ഗ്രാന്റായി 15 ലക്ഷം രൂപ, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിക്ക് 50ലക്ഷം രൂപ, കൾചറൽ കമ്മിറ്റിക്ക് ഏഴുലക്ഷം രൂപ, പബ്ലിസിറ്റി കമ്മിറ്റിക്ക് അഞ്ചുലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയത്. എ.എം. ആരിഫ് എം.പി, എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, തോമസ് കെ.തോമസ്, എൻ.ടി.ബി.ആർ സെക്രട്ടറി സബ്കലക്ടർ സൂരജ് ഷാജി, നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, മുൻ എം.എൽ.എ കെ.കെ. ഷാജു എന്നിവർ സംസാരിച്ചു.
സുവനീർ കമ്മിറ്റി കൺവീനർ എ.ഡി.എം എസ്. സന്തോഷ്കുമാർ, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനർ എം.സി. സജീവ്കുമാർ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ കെ.എസ്. സുമേഷ് തുടങ്ങിയവർ വിവിധ സബ് കമ്മിറ്റികളുടെ പ്രതീക്ഷിത ചെലവ് അവതരിപ്പിച്ചു.
വള്ളങ്ങളുടെ രജിസ്ട്രേഷൻ 19 മുതൽ
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായ വള്ളങ്ങളുടെ രജിസ്ട്രേഷൻ ഈമാസം 19 മുതൽ 25 വരെ നടത്തും. ചുണ്ടൻ വള്ളങ്ങളിലെ തുഴച്ചിൽക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നതിനുള്ള ഫോറം രജിസ്ട്രേഷനും സബ് കലക്ടറുടെ ഓഫിസിൽനിന്ന് വിതരണം ചെയ്യും.
ക്യാപ്റ്റന്മാർ ഫോറം പൂരിപ്പിച്ച് ആഗസ്റ്റ് ഒന്നിനകം ആലപ്പുഴ ബോട്ട് ജെട്ടിക്ക് എതിർ വശത്തുള്ള മിനി സിവിൽസ്റ്റേഷൻ അനക്സിന്റെ രണ്ടാംനിലയിലെ ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസിൽ എത്തിക്കണമെന്ന് എൻ.ടി.ബി.ആർ. ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറായ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഫോൺ: 0477 2252212.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.