എവിടെപ്പോയി!; റവന്യൂ വകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രം അപ്രത്യക്ഷമായി
text_fieldsഹരിപ്പാട്: അനധികൃതമായി നിലം നികത്തുന്നതിനിടെ റവന്യൂ വകുപ്പ് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ മുങ്ങിയ മണ്ണുമാന്തിയന്ത്രം മാസങ്ങൾ കഴിഞ്ഞിട്ടും പൊലീസിന് പിടികൂടാനായില്ല.
വാഹനം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാർ പൊലീസിന് കത്ത് നൽകിയിട്ട് ഒന്നരമാസമായി. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃത നിലം നികത്തൽ വ്യാപകമാകുന്നതായി പരാതി ഉയർന്നതിനെത്തുടർന്ന് കാർത്തികപ്പള്ളി തഹസിൽദാർ പി.എ. സജീവ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് പരിശോധന നടത്തിയിരുന്നു.
കരുവാറ്റ പെട്രോൾ പമ്പിന് സമീപവും നങ്ങ്യാർകുളങ്ങര മറുതാമുക്കിന് സമീപവും ഒരു ഏക്കറോളം പാടം അനധികൃതമായി നികത്തുന്നത് തടയുകയും കേസ് എടുക്കുകയും ടിപ്പർ ലോറിയും മണ്ണുമാന്തി യന്ത്രവും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇവ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പാതിവഴിയിൽ മണ്ണുമാന്തിയന്ത്രം കാണാതായത്.
തുടർന്ന് വാഹനത്തിന്റെ ഫോട്ടോ സഹിതം തഹസിൽദാർ ഹരിപ്പാട് പൊലീസിന് പരാതി നൽകി. ഒക്ടോബർ ഏഴിനാണ് സംഭവം. റവന്യൂ അധികൃതർ പല തവണ പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം തിരക്കിയിരുന്നു. അന്വേഷിക്കുകയാണെന്നാണ് മറുപടി. പൊലീസ് വീഴ്ച ജില്ല കലക്ടറുടെ ശ്രദ്ധയിൽപെടുത്തുമെന്ന് റവന്യൂ അധികൃതർ പറഞ്ഞു. മണ്ണുമാന്തിയന്ത്രത്തിന്റെ രജിസ്ട്രേഷൻ നമ്പറില്ലാത്തതാണ് അന്വേഷണത്തിന് തടസ്സമാകുന്നതെന്ന് പൊലീസ് പറയുന്നു.
പൊലീസിൽ നൽകിയ പരാതിയോടൊപ്പമുള്ള ഫോട്ടോയിൽ മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമസ്ഥന്റെ പേരും ഫോൺ നമ്പരും കാണാൻ കഴിയുമായിരുന്നു എന്നാണ് റവന്യൂ വകുപ്പ് അധികൃതരുടെ ഭാഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.