കിഴക്കൻ മേഖലയിൽ മഴ കനത്തു; ആനാറ്റുപുറം ചൂതനടി പാടശേഖരത്തിൽ മട വീണു
text_fieldsഎടത്വാ: കിഴക്കൻ ജില്ലകളിൽ മഴ കനത്തുതോടെ കുട്ടനാട്-അപ്പർ കുട്ടനാട് ജലാശയങ്ങളിൽ വെള്ളത്തിന്റെ കുത്തൊഴുക്ക് ശക്തമായി. എടത്വാ ആനാറ്റുപുറം ചൂതനടി പാടശേഖരത്തിൽ മട വീണു. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും നിരവധി പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിലായി.
കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതാണ് കാർഷികമേഖലക്ക് വെല്ലുവിളി ആയിരിക്കുന്നത്. വൃശ്ചിക വേലിയേറ്റം നിമിത്തം കുട്ടനാടൻ മേഖലയിൽ വ്യാപകമായി മട വീഴുന്നതിന് പിന്നാലെയാണ് കിഴക്കൻ വെള്ളത്തിന്റെ വരവും ഭീഷണിയാകുന്നത്.
അപ്പർകുട്ടനാട്ടിലെ മുട്ടാർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ മിത്രക്കരി ആനാറ്റുപുറം ചൂതനടി പടിഞ്ഞാറെ ബ്ലോക്ക് പാടശേഖരത്തിലെ 30 ഏക്കർ നിലത്തിലെ 24 ദിവസമായ നെൽചെടിയാണ് മുങ്ങിയത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് മട വീണത്. പുറംബണ്ടിന്റെ മുകളിലൂടെ വെള്ളം ഇരച്ച് കയറിയിരുന്നെങ്കിലും കർഷകരും നാട്ടുകാരും ചേർന്ന് സംരക്ഷിച്ച് വരുന്നതിനിടെയാണ് മോട്ടോർ തറയിലൂടെ വെള്ളം കയറിയത്. തടയാനുള്ള ശ്രമം നടന്നെങ്കിലും പെട്ടിയും പറയും ഒഴുകിമാറി. മോട്ടോറിന്റെ പെട്ടിയും പറയും ഒഴുക്കിൽപെട്ടതിനാൽ വെള്ളം വറ്റിക്കാനും മാർഗങ്ങളില്ല. നിലം ഒരുക്കി വിതക്കുന്നതുവരെ ഏക്കറിന് 20,000 രൂപയോളം ചെലവ് വന്നതായി കർഷകർ പറയുന്നു.
വാഴ, കപ്പ മറ്റ് കരകൃഷിയും വെള്ളം കയറി നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. രാത്രിയും പകലും മഴയെ അവഗണിച്ച് പുറംബണ്ട് സംരക്ഷിക്കുന്ന ജോലിയിലാണ് കർഷകരും നാട്ടുകാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.