മോട്ടോർ വാഹന വകുപ്പിന്‍റെ 'കാമറക്കണ്ണുകൾ'; മിഴിതുറക്കാൻ വൈകും വിവര കൈമാറ്റത്തിന് കേന്ദ്രാനുമതി ലഭിച്ചില്ല
text_fieldsആലപ്പുഴ: നിരത്തുകളിലെ നിയമലംഘനം കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ് ജില്ലയിൽ സ്ഥാപിച്ച 41 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) കാമറകളുടെ പ്രവർത്തനം വൈകും. വാഹന ഇടപാടുകളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള വാഹൻ സൈറ്റുമായി കാമറകളുടെ സോഫ്റ്റ്‌വെയർ ബന്ധിപ്പിച്ചാൽ മാത്രമേ നിയമലംഘകരുടെ വിവരം തത്സമയം കിട്ടൂ. ഇതുകൈമാറാൻ കേന്ദ്രാനുമതി വേണം. സൈറ്റ് കൈകാര്യം ചെയ്യുന്ന നാഷനൽ ഇൻഫർമാറ്റിക് സെന്ററിൽനിന്നാണ് വിവരങ്ങൾ കിട്ടേണ്ടത്. ഫലത്തിൽ, കൂടുതൽ സാങ്കേതികത ആവശ്യമുള്ള എ.ഐ കാമറകളുടെ പ്രവർത്തനം ആരംഭിക്കാൻ ഇനിയും കാത്തിരിക്കണം.
ഏപ്രിൽ ഒന്നുമുതൽ ഇവയുടെ പ്രവർത്തനം തുടങ്ങുമെന്നാണ് ആദ്യം പറഞ്ഞത്. കെൽട്രോണിന്‍റെ മേൽനോട്ടത്തിലാണ് 30 ലക്ഷത്തോളം രൂപ വിലവരുന്ന കാമറകൾ സ്ഥാപിക്കുന്നതും സാങ്കേതിക കാര്യങ്ങൾ നോക്കുന്നതും.
കാമറ സ്ഥാപിച്ച സ്ഥലങ്ങൾ
മുക്കട ജങ്ഷൻ, കായംകുളം ഗവ. ആശുപത്രി റോഡ് ചാരുംമൂട്, പുല്ലുകുളങ്ങര, കറ്റാനം, കുറ്റിത്തെരുവ് ജങ്‌ഷൻ, മുതുകുളം ഹൈസ്കൂൾ ജങ്‌ഷൻ, മാങ്കാംകുഴി, തട്ടാരമ്പലം, ചൂണ്ട് പലക ജങ്ഷൻ മുട്ടം, കൊല്ലകടവ്, മിച്ചൽ ജങ്ഷൻ, തൃക്കുന്നപ്പുഴ, ഐക്യ ജങ്ഷൻ, മാധവ ജങ്ഷൻ, മുളക്കുഴ, നങ്ങ്യാർകുളങ്ങര (തൃക്കുന്നപ്പുഴ റോഡ്), മാർക്കറ്റ് ജങ്ഷൻ-കച്ചേരി ജങ്ഷൻ, വീയപുരം, മാന്നാർ, കല്ലിശ്ശേരി, എടത്വ, തോട്ടപ്പള്ളി, അമ്പലപ്പുഴ (എടത്വ റോഡ്), വളഞ്ഞവഴി (എസ്.എൻ.കവല), കൈചൂണ്ടിമുക്ക്, കൈതവന, വലിയകുളം ജങ്ഷൻ, സക്കറിയ ബസാർ, പവർഹൗസ് പാലം, ജില്ലകോടതി, വലിയചുടുകാട്, ഇരുമ്പുപാലം, മുഹമ്മ, തണ്ണീർമുക്കം ബണ്ട്, ചേർത്തല കോടതിക്കവല, കാട്ടൂർ, ശക്തീശ്വരം കവല, തുറവൂർ ടി.ഡി. ജങ്ഷൻ, തൈക്കാട്ടുശ്ശേരി ഫെറി, അരൂക്കുറ്റിപ്പാലം.
41 ഇടത്തുനിന്ന് 'തത്സമയം'
മോട്ടോർ വാഹന വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (നിർമിതബുദ്ധി) കാമറകൾ ജില്ലയിൽ 41 ഇടത്താണ് സ്ഥാപിച്ചിട്ടുള്ളത്. സൗരോർജമായതിനാൽ രാത്രിയും പകലും ഒരുപോലെ പ്രവർത്തിക്കും. കേബിളും മറ്റ് ലൈനുകളും ഇല്ലാതെ സിം കാർഡ് ഉപയോഗിച്ചാണ് കാമറകൾ ഇന്‍റർനെറ്റ് വഴി ദൃശ്യങ്ങൾ അയക്കുന്നത്. കാമറകൾ പകർത്തുന്ന നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ അപ്പോൾതന്നെ തിരുവനന്തപുരത്തെ സംസ്ഥാന കൺട്രോൾ റൂമിലേക്ക് അയക്കും. നിയമലംഘനം നടത്തിയ വാഹനത്തിന്‍റെ ചിത്രവും പിഴയും ഉൾപ്പെടുന്ന നോട്ടീസ് മോട്ടോർ വാഹന വകുപ്പിന്‍റെ ജില്ല ഓഫിസിലേക്ക് അയക്കും. ഇവിടെനിന്ന് തപാൽ വഴി നോട്ടീസ് വാഹന ഉടമകൾക്ക് ലഭിക്കും. പിഴ ഓൺലൈൻവഴി അടക്കാം. അക്ഷയ കേന്ദ്രങ്ങൾ വഴിയും പിഴ അടയ്ക്കാൻ സൗകര്യമുണ്ട്. 30 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹന വകുപ്പ് കേസ് കോടതിയിലേക്ക് കൈമാറും.
പിഴ ഇങ്ങനെ
• ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചാൽ - 500 രൂപ
• ഹെൽമറ്റില്ലാതെ ബൈക്കിന്‍റെ പിന്നിലിരുന്നാൽ -500
• മൂന്നുപേർ ബൈക്കിൽ യാത്ര ചെയ്താൽ - 1000
• യാത്രക്കിടെ മൊബൈൽ ഉപയോഗിച്ചാൽ - 2000
• സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ - 500
• നിയമവിധേയമല്ലാതെ ക്രാഷ് ഗാർഡ്,
• എക്സ്ട്ര ഫിറ്റിങ്സ് എന്നിവ കണ്ടെത്തിയാൽ -5000
• തള്ളി നിൽക്കുന്ന വിധം ലോഡ് കയറ്റിയാൽ -20000
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.