അമ്പലപ്പുഴയുടെ 'നേരറിയാൻ' സ്ഥാനാർഥികളുടെ തേരോട്ടം
text_fieldsആലപ്പുഴ: ചുട്ടുപൊള്ളുന്ന വെയിലിെൻറ കാഠിന്യത്തിലും തളരാതെ വീടുകൾ കയറിയിറങ്ങി വോട്ടുതേടുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം തീർന്നതിനാൽ ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അതിനാൽ വീടുകൾതോറുമുള്ള സന്ദർശനം ഒഴിവാക്കാനാകില്ല. കനത്തവെയിലിൽ വലഞ്ഞ സ്ഥാനാർഥികൾ സമയക്രമത്തിൽ മാറ്റം വരുത്തിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്.
രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ വെയിലേൽക്കുന്നത് ഒഴിവാക്കണമെന്ന നിർദേശമുണ്ടെങ്കിലും സ്ഥാനാർഥികൾക്ക് പലപ്പോഴും അതിന് കഴിയാറില്ല. ചരിത്രപരമായി ഇരുമുന്നണികള്ക്കും വേരോട്ടമുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളായി ഇടതുമുന്നണിയുടെ ഉറപ്പേറിയ കോട്ടയായാണ് അമ്പലപ്പുഴ. മന്ത്രി ജി. സുധാകരെൻറ സ്ഥാനാർഥിത്വമാണ് മണ്ഡലെത്ത എൽ.ഡി.എഫിനോട് കൂടുതൽ അടുപ്പിച്ചതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സുധാകരെൻറ പകരക്കാരനാവാനുള്ള ദൗത്യം ഏറ്റെടുത്ത സി.ഐ.ടി.യു ജില്ല പ്രസിഡൻറുകൂടിയായ എച്ച്. സലാമാണ് എൽ.ഡി.എഫ് സ്ഥാനാർഥി. സുധാകരെൻറ അസാന്നിധ്യം മുതലാക്കാമെന്ന കണക്കുകൂട്ടലിൽ സീറ്റിനായുള്ള നേതാക്കളുടെ പിടിവലിക്കൊടുവിൽ യു.ഡി.എഫിൽ നറുക്കുവീണത് ഡി.സി.സി പ്രസിഡൻറ് എം. ലിജുവിനാണ്. ബി.ജെ.പി നേതാക്കളുടെ ആശയക്കുഴപ്പത്തിനും അനിശ്ചിത്വത്തിനുമൊടുവിൽ മണ്ഡലത്തിന് പരിചിതമല്ലാത്ത യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആൻറണിയാണ് എൻ.ഡി.എ സ്ഥാനാർഥി. വെൽഫെയർ പാർട്ടിയുടെ സുഭദ്രാമ്മ തോട്ടപ്പള്ളിയും എസ്.ഡി.പി.െഎയുടെ എം.എം. താഹിറുമാണ് സ്ഥാനാർഥികൾ. മുന്നണി സ്ഥാനാർഥികൾക്കുപുറെമ ചെറുകക്ഷികളുടെയും പ്രചാരണബോർഡുകളും കൊടിതോരണങ്ങളും നഗര-ഗ്രാമ വ്യത്യാസമല്ലാതെ മണ്ഡലത്തിൽ നിറഞ്ഞിട്ടുണ്ട്. അമ്പലപ്പുഴക്കാരുടെ മനസ്സുതേടിയുള്ള 'മാധ്യമം' 'വോട്ടേഴ്സ് ടോക്' യാത്ര....
പാചകവാതക വിലവർധനയിൽ പൊറുതിമുട്ടി പെൺകൂട്ടായ്മ
നീർക്കുന്നം പഞ്ചായത്തിലെ ഏഴാംവാർഡിൽ പെൺകൂട്ടായ്മയിൽ തുടങ്ങിയ ചെമ്മീൻ പീലിങ് ഷെഡിൽ സ്ത്രീ തൊഴിലാളികൾ ജോലിത്തിരക്കിലാണ്. രാവിലെ മുതൽ പണിയെടുത്ത് പൊളിച്ച ചെമ്മീൻ എടുക്കാൻ വാഹനം എത്തുന്നതറിഞ്ഞ് വേഗംകൂട്ടിയുള്ള തിരക്കിലാണ് മണ്ഡലത്തിലെ വോട്ടുകാര്യം ചോദിച്ചത്. പൊതുവായ രാഷ്ട്രീയകാഴ്ചപ്പാടില്ലെന്ന മറുപടിയുമായി ആദ്യമെത്തിയത് അംബികയാണ്. ഇന്ധനവില വർധനയിലും പാചകവാതക വിലവർധനയിലും െപാറുതിമുട്ടുന്നത് സാധാരണക്കാരായ സ്ത്രീകളാണ്. പാചകവാതകത്തിന് 950 രൂപയും കടന്നാണ് മുന്നോട്ടുപോകുന്നത്.
ചെറിയ ഒരുബോക്സ് ചെമ്മീൻ പൊളിച്ചാൽ കിട്ടുന്നത് 24 രൂപയാണ്. രാവിലെ മുതൽ തുടങ്ങുന്ന ജോലിയിൽനിന്ന് കിട്ടുന്ന വരുമാനമാണ് കുടുംബത്തിെൻറ ആശ്രയം. കോവിഡ് അടക്കമുള്ള പ്രതിസന്ധിഘട്ടത്തിൽ പിടിച്ചുനിന്നത് ഇത്തരം കൂട്ടായ്മകളിലൂടെയാണ്. കാഴ്ചക്ക് നേരിയ മങ്ങലുണ്ടെങ്കിലും ഇക്കാലമത്രയും വോട്ട് മുടക്കിയിട്ടില്ലെന്നും ജനങ്ങളെ സേവിക്കുന്നവർക്ക് വോട്ട് വിനിയോഗിക്കുമെന്ന് പ്രായത്തിൽ മുതിർന്ന പൊന്നമ്മ പറഞ്ഞു.
ഇക്കുറി ആരെങ്കിലും സഹായിച്ചാൽ ബൂത്തിൽ പോകണെമന്നാണ് വിചാരിക്കുന്നത്. അങ്ങനെ വെറുതെ വോട്ട് പാഴാക്കില്ലെന്നും നമ്മളെ സഹായിച്ചവർക്ക് നൽകുമെന്ന് അംബുജാക്ഷിയും കൂട്ടിച്ചേർത്തു. ബോക്സിൽ ചെമ്മീൻ നിറക്കുന്ന തിരക്കിൽ മറ്റുള്ളവർ കാര്യമായ പ്രതികരിച്ചില്ല. ഇവർ പറഞ്ഞതൊക്കെയാണ് ഞങ്ങളുടെ രാഷ്ട്രീയമെന്ന് പറഞ്ഞായിരുന്നു അവരുടെ സംസാരം.
ഇവർക്ക് തൊഴിലുറപ്പ് ജീവിതമാർഗം
നീർക്കുന്നം-പള്ളിത്തറ റോഡിൽ തൂമ്പയും അരിവാളുമൊക്കെ പിടിച്ച് നിൽക്കുന്ന ഒരുകൂട്ടം സ്ത്രീകൾക്ക് തൊഴിലുറപ്പ് ജീവിതമാർഗമാണ്. ജോലികഴിഞ്ഞ് വിശ്രമിക്കുന്ന സംഘത്തിെൻറ മധ്യത്തിലിരുന്ന് വീട്ടുകാര്യം പറയുന്ന തിരക്കിനിടെയാണ് 60കാരിയായ രാജമ്മ വിദ്യാധരനോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പുചൂടിനെക്കുറിച്ച് ചോദിച്ചത്. മറ്റൊന്നും ആലോചിക്കാതെ മറുപടിയെത്തി. ദിവസക്കൂലി 294 രൂപയാണ്. 60വയസ്സ് കഴിഞ്ഞ മൂന്നുപേർ ഉൾപ്പെടെ 10പേരുടെ സംഘത്തിെൻറ കൂട്ടായ്മയിൽ പട്ടിണിയില്ലാതെ കഴിയുന്നു.
വെള്ളിയാഴ്ച പള്ളിത്തറ റോഡിനോട് ചേർന്ന പറമ്പിലെ പുല്ലും കാടും വെട്ടിത്തെളിക്കുന്ന ജോലിയായിരുന്നു. ചൂട് സഹിക്കാൻ പറ്റുന്നില്ല. ഇതിെനക്കാൾ പ്രയാസമാണ് ദിവസവും കുതിച്ചുയരുന്ന ഗ്യാസ് വിലയും ഇന്ധനവിലയും. ഇത് നിയന്ത്രിക്കാൻ ഇടപെടൽ വേണം. ഗ്യാസിനെക്കുറിച്ച് പറഞ്ഞപ്പോൾ അടുത്തിരുന്ന പങ്കജാക്ഷിയും രാജമ്മയും ചോദ്യമില്ലാതെതന്നെ ഇടപെട്ടു. എല്ലാത്തിനും വില കൂടുതലാണ്. സാധാരണക്കാർക്ക് ജീവിക്കാൻ പണിയെടുക്കുകതന്നെ വേണം.
പ്രളയകാലത്ത് പ്രദേശം മുഴുവൻ വെള്ളത്തിലായപ്പോൾ സമീപത്തെ അൽഹുദ സ്കൂളിലായിരുന്നു ക്യാമ്പ്. കോവിഡ് എത്തിയപ്പോൾ ഏറെ പ്രയാസപ്പെട്ടു. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമായിരുന്നു. രണ്ടുമാസം മുമ്പാണ് തൊഴിലുറപ്പ് ജോലികൾ സജീവമായത്. ഇപ്പോൾ എല്ലാദിവസവും ജോലിയുണ്ട്. ശോഭ, ലീല, റസീന, അമ്പിളി, സുനിമോൾ, ലളിത, ശോഭന എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.
ജോലിയും കൂലിയും ഇല്ലാതായിട്ട് മാസങ്ങൾ
പുന്നപ്ര ഫിഷ് ലാൻഡിങ് സെൻററിലെ മത്സ്യത്തൊഴിലാളികൾക്ക് പറയാനുള്ളത് ദുരിതങ്ങളുടെ കഥയാണ്. കോവിഡിനൊപ്പം കടലിൽ മത്സ്യസമ്പത്ത് കുറഞ്ഞതോടെ നൂറുകണക്കിന് തൊഴിലാളികളുടെ ജീവനോപാധിയാണ് ഇല്ലാതായത്. കടലിൽ പോകാതെ കരക്കിട്ടിരിക്കുന്ന വലിയ വള്ളങ്ങളും ബോട്ടുകളും തുരുെമ്പടുത്ത് തുടങ്ങിയെന്ന് തൊഴിലാളികളായ ചന്ദ്രനും സുരേഷും പറഞ്ഞു. മീൻപിടിക്കാൻ ഉപയോഗിക്കുന്ന വലിയ വലയുടെ അറ്റകുറ്റപ്പണി തീർക്കുന്ന ജോലിത്തിരക്കിലാണ് എല്ലാവരും.
തൊഴിലുറപ്പിലും പിലീങ് ഷെഡിൽ ചെമ്മീൻ പൊളിക്കാനും സ്ത്രീകൾ പോകുന്നതിനാൽ പട്ടിണികിടക്കുന്നില്ല. ഇന്ധന വിലവർധന ഏറ്റവും കൂടുതൽ ബാധിക്കുന്നത് മത്സ്യത്തൊഴിലാളികളെയാണ്. ഇന്ധനനികുതി കുറക്കാൻ കേന്ദ്രവും കേരളവും തയാറാവണം. ഇല്ലെങ്കിൽ മേഖലയിലെ തൊഴിൽ ഉപേക്ഷിച്ച് മറ്റ് മാർഗം തേടേണ്ടിവരും.
ബോട്ടുകൾ ഇറക്കിയിട്ട് മാസങ്ങളായി. ഇതിനൊപ്പം കടൽക്ഷോഭത്തിൽ നിരവധി വീടുകളും വീട്ടുപകരണങ്ങളും നശിച്ചു. മത്സ്യെത്താഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ രാഷ്ട്രീയപാർട്ടികൾ ആരും മുന്നോട്ടുവരുന്നില്ല. കടലിൽ മീൻ ലഭ്യത വർധിച്ചാൽ മാത്രമേ മത്സ്യത്തൊഴിലാളികളുടെ മനസ്സ് നിറയൂ. ഇതൊന്നും പറഞ്ഞാലും വലിയ മാറ്റമൊന്നും ഉണ്ടാകില്ലെന്നായിരുന്നു മറ്റ് തൊഴിലാളികളുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.