സമൂഹമാധ്യമങ്ങളിൽ കളംനിറഞ്ഞ് സ്ഥാനാർഥികൾ; ഹൃദയതാളമായി പാട്ടുകൾ
text_fieldsആലപ്പുഴ: സമൂഹമാധ്യമങ്ങളിൽ കളംനിറഞ്ഞ് സ്ഥാനാർഥികളുടെ പ്രചാരണം. തെരഞ്ഞെടുപ്പ് കാലത്ത് നല്ല വിലയുള്ള പോസ്റ്ററുകളിൽ വ്യത്യസ്ഥത തീർത്താണ് ഇവരുടെ മുന്നേറ്റം. ലൈക്കും വ്യൂസും എണ്ണംകൂട്ടി ക്ലച്ച് പിടിക്കാനുള്ള തന്ത്രങ്ങളുമുണ്ട്. കളമറിഞ്ഞ് കളിക്കാൻ മുന്നണികൾക്കും സ്ഥാനാർഥികൾക്കുമൊപ്പം സൈബർ സേനകളുമുണ്ട്. വോട്ടുതേടുന്ന സ്ഥാനാർഥിയുടെ മാസ് എൻട്രിയും കുറിക്ക് കൊള്ളുന്ന പ്രസംഗവുമെല്ലാം സോഷ്യൽമീഡിയയിലൂടെ വൈറലാക്കാനുള്ള ശ്രമത്തിലാണിവർ.
യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ ഇതിനായി പ്രത്യേകടീമിനെ നിയോഗിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫർ, വീഡിയോഗ്രാഫർ, കോപ്പി റൈറ്റർമാർ എന്നിവരടങ്ങുന്ന ടീം പര്യടനവേളയിലെ പ്രസംഗവും അനുഭവങ്ങളും എല്ലാം ഒപ്പിയെടുക്കും. ഹിറ്റ് പാട്ടിന്റെ താളത്തിൽ 20 സെക്കൻഡിൽ താഴെയുള്ള റീൽസും ഇറക്കുന്നുണ്ട്. ഇതെല്ലാം വാട്ട്സ്ആപ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് ഇടങ്ങളിലും അപ്ലോഡ് ചെയ്ത് സ്ഥാനാർഥികൾ തമ്മിൽ മത്സരമാണ്. ആലപ്പുഴ, മാവേലിക്കര മണ്ഡലത്തിലെ ട്രെൻഡിലേക്ക് ഒരെത്തിനോട്ടം...
പാട്ട് പാടി വോട്ടുതേടി ഗായിക ദലീമ
പടച്ചവന് പടച്ചപ്പോള്‍ മനുഷ്യനെപ്പടച്ചു.....മനുജന്മാര് മന്നിതില്‍ പണക്കാരെപ്പടച്ചു.....പണക്കാരന് പാരിലാകെ പാവങ്ങളെപ്പടച്ചു...പാവങ്ങളെന്നവരെ കളിയാക്കിച്ചിരിച്ചു...ഈഗാനം ആലപിച്ച് വോട്ടുചോദിക്കുന്നത് അരൂർ എം.എൽ.എയും ഗായികയുമായ ദലീമ ജോജോയാണ്.
ആലപ്പുഴ എൽ.ഡി.എഫ് സ്ഥാനാർഥി എ.എം. ആരിഫിനുവേണ്ടിയാണ് ഈവോട്ടുതേടൽ. പതിമൂന്നരവർഷമാണ് ആരിഫ് അരൂരിൽ എം.എൽ.എയായത്. അഞ്ചുവർഷം എം.പിയായിരുന്നു. എം.പിയായിരുന്ന കാലത്ത് അരൂർ മണ്ഡലത്തിലെ എന്ത് കാര്യത്തിനും വിളിക്കുമായിരുന്നു. എല്ലാവരും സ്വന്തം സഹോദരനായിട്ടാണ് കണ്ടിരുന്നത്. നാടിന്റെ അരക്ഷിതാവസ്ഥ കേന്ദ്രത്തിൽ അവതരിപ്പിക്കാൻ സ്നേഹം നിലനിർത്തി അരിവാൾ ചുറ്റിക നക്ഷത്രത്തിൽ വിജയിപ്പിക്കണം.
പാട്ടിന്റെ താളം മാറി മറിഞ്ഞ്
ആലപ്പുഴ യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ വോട്ടുതേടി പോകുന്നയിടങ്ങളിലൂടെ സഞ്ചരിച്ച് അതേവേഗത്തിൽ ദൃശ്യങ്ങൾ ഒപ്പിയെടുത്താണ് പ്രചാരണം. വോട്ടുചോദിച്ച് എത്തുന്ന സ്ഥലങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പാട്ടിന്റെ താളവും ഈണവും മാറും.
ചേർത്തല മേരി ഇമ്മാക്കുലേറ്റ് കന്യാസ്തീമഠത്തിലെ സന്ദർശത്തിന്റെ വീഡിയോയിൽ ‘‘അൻപെൻട്ര മഴൈയിലേ അഖിലങ്കൾ....നനൈയവേ അതിരൂപം തോൺട്രിനാനേ...വൈക്കോലിൻ മേലൊരു വൈരമായ് വൈരമായ്.....വന്തവൻ മിന്നിനാനേ എന്ന ഗാനമാണ്. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ എത്തിയപ്പോൾ പാട്ടിന്റെ താളം പിന്നെയും മാറി. ആലപ്പുഴയിലെ മസ്താൻ പള്ളിയിൽ ഇഫ്താറിൽ പങ്കെടുക്കാനെത്തിയതിന്റെ ദൃശ്യങ്ങൾ കാണിക്കുന്ന റീൽസിൽ ‘‘നൂറേ മുഹമ്മദ് യാറസൂലുല്ലാഹ്....എന്ന ഗാനമാണ് ചേർത്തിരിക്കുന്നത്.
വികസനനേട്ടം പറഞ്ഞ്
മോദി സർക്കാറിന്റെ വികസനനേട്ടങ്ങൾ എണ്ണി പറഞ്ഞാണ് എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ വോട്ടുപിടുത്തം. ബി.ജെ.പി സർക്കാർ കാലത്ത് പൂർത്തിയാക്കിയ ആലപ്പുഴ ബൈപാസ്, വൈറോളജി ഇൻസ്റ്റിട്ട്യൂട്ട്, റെയിൽവേ വികസനം തുടങ്ങിയവയാണ് പ്രചാരണായുധമാക്കുന്നത്. സ്വീകരണയോഗങ്ങളിൽ അമ്മയുടെയും അച്ഛന്റെയും തോളത്തിലിരുന്ന് കൈവീശി കാണിക്കുന്ന കുരുന്നുകളെ കാണുമ്പോഴുള്ള സന്തോഷം പങ്കിടുന്ന റീൽസും ഇറക്കിയിട്ടുണ്ട്.
താരം പതിപ്പിച്ച കൂടാരം.......രാവിൽ നിലാവിന്റെ പൂരം... ചോലകളും കുയിലാളും പാടും താഴ്വാരം..എല്ലാം നമുക്കിന്നു സ്വന്തം..മേഘം കണ്ട് കാറ്റും കൊണ്ട് നേരറിഞ്ഞ് നീ വളര്...നിൻ വഴിയേ രാപ്പകൽ കാവലുണ്ടേ എന്റെ കണ്ണ്.....യേ.. താനേ തനന്താനേ.. തന്താനേനേ.....ഈഗാനമാണ് ചേർത്തിരിക്കുന്നത്.
മാവേലിക്കര മാറാൻ
വോട്ടുതേടിയുള്ള യാത്രയിൽ മാവേലിക്കര എൽ.ഡി.എഫ് സ്ഥാനാർഥി സി.എ. അരുൺകുമാറിനെ ആശീർവദിക്കാൻ പ്രായമാവർ മുതൽ വിദ്യാർഥികൾ വരെയുള്ളവർ ത്തുന്നു. ഇത് വീഡിയോയിലൂടെ പറയുന്നത് തമിഴ്ഗാനത്തിലൂടെയാണ്. ‘’കൈയിലെ ആകാശം കൊണ്ട് വന്ത് ഓൻ പാശ്വം......കാലമേ പോണാലും വാഴ്ന്തിടും രാസാ...കണ്ണീലേ നീരാട്, കാഞ്ചനലോ പേരാട് പൂത്തതേ ആയിരം പൂവ് സിരിച്ചിത് രാസാ....’’. കുട്ടനാട്ടിന്റെ മടിത്തട്ടിലൂടെ കർഷകരെയും മത്സ്യത്തൊഴിലാളികളെയും കാണാൻ ബോട്ടിലായിരുന്നു യാത്ര.
കായൽക്കരയിലാകെ പൊൻതാര്....മുറ്റത്തെ കല്‍പ്പക മുത്തിന്റെ പൊന്നാര്..വള കിലുക്കണ കൈകള്‍ ...പിരി പിരിച്ച കയറില്‍ കൂടിപ്പിടിച്ചു പിടിച്ചു കയറാമെല്ലാര്ക്കും ഒത്തിരിപ്പോകാനിത്തിരി നേടാനൊത്തുപിടിക്കണമെല്ലാരും വന്നാട്ടേ.....ഈഗാനമാണ് മുഴങ്ങിയത്.
കൂടെയുണ്ട്.....
ഉയിരിൻ നാഥനെ.....ഉലകിൻ ആദിയേ...ഇരുളിൻ വീഥിയിൽ..തിരിയായ് നീ വരൂ.....ആലംബമെന്നും അഴലാഴങ്ങൾ നീന്താൻ...നീയെന്ന നാമം പൊരുളേ...ഉരിയിൻ നാഥനെ നായകാ...ആലംബമെന്നും എന്ന ഗാനത്തോടെയാണ് ദേവാലയങ്ങളിൽ മാവേലിക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ പര്യടനം. വോട്ടർമാരെ പാട്ട് കേൾപ്പിക്കുക മാത്രമല്ല, ഗായകസംഘത്തോടൊപ്പം പാടാനും സമയം കണ്ടെത്തിയായിരുന്നു വോട്ടുചോദിക്കൽ.
ജനങ്ങളാണ് മുഖം, ജനങ്ങൾക്ക് വേണ്ടി കൂടെയുണ്ടാകും എന്ന മുദ്രാവാക്യമുയർത്തി മണ്ഡലത്തിലെ വികസനനേട്ടങ്ങൾ ഓരോന്ന് എണ്ണിപ്പറഞ്ഞും എം.പി ഫണ്ടിന്റെ വിനിയോഗവും തുറന്നുകാട്ടിയാണ് പ്രചാരണം. ഒപ്പം കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ നടത്തിയ വിവിധസമരങ്ങളുടെ ദൃശ്യങ്ങളും റീൽസിൽ ഉൾപെടുത്തിയിട്ടുണ്ട്.
മോദിയുടെ ഗ്യാരന്റി....
എൻ.ഡി.എ സ്ഥാനാർഥി ബൈജു കലാശാല പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ഗ്യാരന്റി’ ഉയർത്തിയാണ് പ്രചാരണം. ബി.ഡി.ജെ.എസ് ചിഹ്നമായ ‘പൊൻകുടം’ പാരഡി ഗാനങ്ങളും ഇറക്കിയിട്ടുണ്ട്. ചിന്നം ഓർക്കണേ....പൊൻകുടത്തിലെൻ പ്രിയസോദരരെ വോട്ട് ഏകൂ.
എൻ.ഡി.എക്ക് വോട്ട്....വോട്ട്, കുടത്തിനേക് വോട്ട്..വോട്ട്....ബൈജുവിനേക് വോട്ട്...വോട്ട്....നാടിൻ നന്മക്കായി. മോദിജിൽ ഗ്യാരന്റിൽ നാട് തിളങ്ങാൻ ഏകീടണമോ....അപ്പടീ അപ്പടീ....നാടറിയും സേവകനാ....വലതും ഇടതും ഭരിച്ച് നാട് നാശമാക്കി......ഈപാരഡി ഗാനമാണ് പ്രചാരണത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.