സി.ബി.എൽ അവസാന മത്സരം ഇന്ന്; ആവേശത്തിൽ ആലപ്പുഴയും
text_fieldsആലപ്പുഴ: വള്ളംകളിയുടെ ആവേശമുയർത്തി ചാമ്പ്യൻസ് ബോട്ട്ലീഗ് നാലാം സീസണിലെ അവസാന മത്സരത്തിന്റെ സി.ബി.എൽ അവസാനമത്സരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കൊല്ലത്ത് നടക്കും. കപ്പടിക്കുന്നത് ആരെന്ന ആകാംക്ഷയിൽ ആലപ്പുഴയും. പ്രസിഡന്റ്സ് ട്രോഫിയിലെ ആറാംമത്സരം അക്ഷരാർഥത്തിൽ ഫൈനലാണ്.
തുടർച്ചയായുള്ള കിരീടം ലക്ഷ്യമിട്ട് പി.ബി.സി (പള്ളാത്തുരുത്തി ബോട്ട് ക്ലബ്) തുഴയെറിയാൻ എത്തുമ്പോൾ ഇവരെ തടയിടാൻ വി.ബി.സി കളമൊരുക്കി കഴിഞ്ഞു. നിരണം ക്ലബ് അട്ടിമറി വിജയം നേടിയാൽ അത് ചരിത്രമായി മാറും. സാധാരണ 12 മത്സരങ്ങളാണ് ചാമ്പ്യൻസ് ലീഗിലുണ്ടാകുക. വയനാട് ദുരന്തപശ്ചാത്തലത്തിൽ നെഹ്റുട്രോഫിയടക്കം മാറ്റിവെച്ച സാഹചര്യത്തിലാണ് സി.ബി.എല്ലിന്റെ താളംതെറ്റിയത്.
മത്സരം ആറാക്കി ചുരുക്കിയതിന് പിന്നാലെ കോട്ടയം താഴത്തങ്ങാടിയിലായിരുന്നു ആദ്യമത്സരം. തർക്കത്തെത്തുടർന്ന് മത്സരം അലങ്കോലമായി. കുമരകം ടൗൺ ബോട്ട് ക്ലബ്, ചുണ്ടൻ വള്ളം കുറുകെയിട്ട് മത്സരം തടസ്സപ്പെടുത്തിയതിനെ തുടർന്ന് ആദ്യമത്സരം റദ്ദാക്കി. ഇവർക്കെതിരെ സംഘാടകർ നടപടിയും സ്വീകരിച്ചു. കാരിച്ചാൽ ചുണ്ടന്റെ കരുത്തിൽ അഞ്ച് മത്സരത്തിൽനിന്ന് 49 പോയന്റുമായി പി.ബി.സിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
47 പോയന്റുമായി വീയപുരം ചുണ്ടന്റെ കരുത്തിൽ വി.ബി.സി കൈനകരി തൊട്ടുപിന്നാലെയുണ്ട്. 40 പോയന്റുമായി നിരണം ചുണ്ടനിൽ മത്സരിക്കുന്ന നിരണം ബോട്ടുക്ലബ് മൂന്നാംസ്ഥാനത്തുണ്ട്. പി.ബി.സിയും വി.ബി.സിയും തമ്മിൽ രണ്ടു പോയന്റ് മാത്രമാണ് വ്യത്യാസം. ശനിയാഴ്ച ഒന്നാംസ്ഥാനം നേടിയാൽ 10 പോയന്റ് കൂടി നേടി 59 പോയന്റുമായി പി.ബി.സിക്ക് വീണ്ടുമൊരു സി.ബി.എൽ കീരിടം സ്വന്തമാക്കും.
കൊല്ലത്ത് വി.ബി.സി ഒന്നാമത് എത്തിയാലും 57 പോയന്റ് മാത്രമാണ് ലഭിക്കുക. പി.ബി.സി രണ്ടാമത് ഫിനിഷ് ചെയ്താലും ഒമ്പത് പോയന്റ് കൂടിനേടി 58 ആകും. അപ്പോഴും ഒരു പോയന്റ് വ്യത്യാസത്തിൽ പി.ബി.സിക്ക് കപ്പ് സ്വന്തമാക്കാം. ആര് കപ്പുനോടുമെന്ന് പ്രവചിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് മത്സരങ്ങൾ മാറി.
കൊല്ലത്ത് നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ വിജയികൾക്ക് അഞ്ചുലക്ഷം രൂപ സമ്മാനമായി ലഭിക്കും. മൊത്തം മത്സരത്തിന്റെ ഫൈനലിൽ വിജയികൾക്ക് 25 ലക്ഷം രൂപയാണ് സമ്മാനത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.