‘നെഹ്റുട്രോഫിക്കൊപ്പം സി.ബി.എൽ മത്സരങ്ങൾ നടത്തണം’ പ്രതിസന്ധി മറികടക്കാൻ ബോണസ് തുക നേരത്തേ നൽകണം
text_fieldsആലപ്പുഴ: ഉപേക്ഷിച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സരങ്ങളും നെഹ്റുട്രോഫിക്കൊപ്പം നടത്തണമെന്ന് വള്ളംകളി സംരക്ഷണ സമിതി. സി.ബി.എൽ മത്സരങ്ങൾ ലക്ഷ്യമിട്ടാണ് ക്ലബുകളും ചുണ്ടൻവള്ളങ്ങളും വൻതുക മുടക്കി പ്രഫഷനൽ കായികതാരങ്ങളടക്കമുള്ളവരെ കളത്തിലിറക്കിയത്. പിരിച്ചുവിട്ട ക്യാമ്പുകൾ പുനഃക്രമീകരിച്ച് ട്രയൽ നടത്താൻ ഇനിയും വൻതുക കണ്ടെത്തണം. ആദ്യഘട്ട പരിശീലനം പലരും പൂർത്തിയാക്കിയത് കടബാധ്യതയിലാണ്. അതിൽനിന്ന് രക്ഷതേടാൻ സി.ബി.എൽ മത്സരങ്ങൾ അനിവാര്യമാണ്. സി.ബി.എൽ ഇല്ലാതായതോടെ കരുവാറ്റ, കല്ലട, പുളിങ്കുന്ന് ജലോത്സവങ്ങളും മുടങ്ങും.
ചെറുവള്ളങ്ങൾ മാത്രം അണിനിരക്കുന്ന ബേപ്പൂർ വള്ളംകളിക്ക് 2.45 കോടിയാണ് സർക്കാർ അനുവദിച്ചത്. നെഹ്റുട്രോഫി വള്ളംകളി ആഘോഷം മാറ്റിവെച്ച സാഹചര്യത്തിൽ സർക്കാർ അനുവദിച്ച തുകയിൽനിന്ന് 50 ശതമാനം ബോണസ് നേരത്തേ നൽകണം. ട്രയൽവീണ്ടും തുടങ്ങാൻ പ്രഫഷനൽ കായികതാരങ്ങളെ തിരികെ വിളിക്കാൻ കഴിയാത്ത രീതിയിൽ പലക്ലബുകളും സാമ്പത്തിക ഞെരുക്കത്തിലാണ്. തുഴച്ചിലുകാരായ 4000ത്തോളം കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്നതാണ് ജലോത്സവം. വള്ളസമിതിയും ക്ലബുകാരും 50 ലക്ഷം മുതൽ 75 ലക്ഷം വരെ ചെലവഴിച്ചു. ഓണക്കാലത്ത് നടക്കുന്ന നീരേറ്റുപുറം, പായിപ്പാട് ജലോത്സവങ്ങൾ പരിശീലനത്തിന് കൂടുതൽ സഹായകരമാകും. അടുത്തവർഷം മുതൽ ആഗസ്റ്റ് രണ്ടാം ശനിയാഴ്ച മാറ്റി നെഹ്റുട്രോഫി വള്ളംകളി സെപ്റ്റംബറിൽ നടത്തണം.
വാർത്തസമ്മേളനത്തിൽ മോൻസ് കരിയമ്പള്ളിൽ ചമ്പക്കുളം, പ്രജിത് പുത്തൻവീട്ടിൽ, ജഗേഷ് വീയപുരം, ആര്യമോൾ തോമസ്, ജോഷി കാവാലം, പ്രിറ്റി ചാക്കോ, അഭിലാഷ് അശോകൻ, സോബി മാതു, വിനോദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.