പട്ടാപകൽ റിട്ട. അധ്യാപികയെ ശ്വാസംമുട്ടിച്ച് മാല കവർന്നു
text_fieldsആലപ്പുഴ: പട്ടാപ്പകൽ റിട്ട. അധ്യാപികയുടെ കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസംമുട്ടിച്ച് നിലത്ത് തള്ളിയിട്ടശേഷം സ്വർണമാല കവർന്നു. വയോധികയുമായുള്ള പിടിവലിക്കിടെ അഞ്ചരപവൻ മാല പൊട്ടിയതോടെ കൈയിൽ കിട്ടിയ മൂന്നുപവനുമായി മോഷ്ടാവ് കടന്നുകളഞ്ഞു. ആലപ്പുഴ എ.എൻ പുരം വാർഡിൽ കുളങ്ങര കണ്ണമംഗലത്തിൽ റിട്ട. അധ്യാപിക എസ്. വിനയഭായിയുടെ (75) സ്വർണമാണ് അപഹരിച്ചത്.
വ്യാഴാഴ്ച ഉച്ചക്ക് ഒന്നിനാണ് സംഭവം. ബൈക്കിലെത്തിയ മോഷ്ടാവ് ഹെൽമറ്റും മാസ്കും ധരിച്ചാണ് ഗേറ്റ് തുറന്നുകിടന്ന വീട്ടിലേക്ക് അപ്രതീക്ഷിതമായി എത്തിയത്. ഈസമയം വിനയഭായ് വീടിനകത്ത് കസേരയിൽ ഇരിക്കുകയായിരുന്നു.
കാഴ്ചയും കേൾവിയും കുറവുള്ള ഇവരുടെ ഭർത്താവ് വെങ്കിടേശൻ ഷേണായി കട്ടിലിൽ കിടപ്പിലായിരുന്നു. വീട്ടിൽ പന്തൽസാധനങ്ങളടക്കമുള്ളവയും ഹാളും വാടകക്ക് കൊടുക്കാറുണ്ട്. ഇതിെൻറ ആവശ്യത്തിന് എത്തിയയാളാണെന്നാണ് വിനയഭായി കരുതിയത്. തുടർന്ന് വീട്ടിൽ പ്രവേശിച്ച മോഷ്ടാവിനോട് ഹെൽമറ്റും മാസ്കും മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതെ അടുത്തേക്കെത്തി കൈയിൽ കരുതിയ തോർത്ത് എടുത്ത് വിനയഭായിയുടെ കഴുത്തിൽ കുരുക്കി മുറുക്കി. ഈ സമയം പ്രതിരോധിച്ചെങ്കിലും അവർ നിലത്തുവീണു.
ഭർത്താവ് ശബ്ദംകേട്ട് എന്താണെന്ന് അന്വേഷിച്ചതോടെ നിലത്തുവീണ വയോധികയെ ആക്രമിച്ചശേഷം മാല അപഹരിക്കുകയായിരുന്നു. ചെറുത്തുനിൽപിനിടെ മാലയുടെ മുഴുവൻഭാഗവും അപഹരിക്കാനായില്ല.
പിടിവലിക്കിടെ മുക്കാൽഭാഗവും കൈക്കലാക്കിയ മോഷ്ടാവ് ബൈക്കിൽ കടക്കുകയായിരുന്നു. വിനയഭായി പുറത്തിറങ്ങി സമീപത്തെ വീട്ടിലെ കുട്ടികളോട് വിവരം പറഞ്ഞു. ബൈക്ക് പോയത് അവർ കണ്ടിരുന്നെങ്കിലും മോഷണമാണെന്ന് തിരിച്ചറിഞ്ഞില്ല. സമീപവാസികൾ ബൈക്കിനുപിന്നാലെ പാഞ്ഞെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സൗത്ത് പൊലീസിെൻറ നേതൃത്വത്തിൽ വൻപൊലീസ് സന്നാഹവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചുവരുകയാണ്. എന്നാൽ, ഹെൽമറ്റ് ധരിച്ചെത്തിയ പ്രതിയെക്കുറിച്ച് കാര്യമായ സൂചനകൾ ലഭിച്ചിട്ടിെല്ലന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.