സി.ബി.എൽ രണ്ടാംമത്സരം ഇന്ന്; കൈനകരിയിൽ തീപാറും
text_fieldsആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗ് നാലാം സീസണിലെ രണ്ടാംമത്സരം ശനിയാഴ്ച കൈനകരി പമ്പയാറ്റിൽ നടക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന ജലോത്സവത്തിൽ ഒമ്പത് ചുണ്ടൻവള്ളങ്ങൾ മത്സരിക്കും. കോട്ടയം താഴത്തങ്ങാടി വള്ളംകളി തടസ്സപ്പെടുത്തിയതിന് അച്ചടക്കനടപടിക്ക് വിധേയരായ കുമരകം ടൗൺ ബോട്ട്ക്ലബിന് മത്സരിക്കാം.
എന്നാൽ ബോണസും സമ്മാനത്തുകയും നൽകില്ല. ആദ്യമത്സരം റദ്ദാക്കിയതോടെ കൈനകരിയിലെ മത്സരം ക്ലബുകൾക്ക് നിർണായകമാണ്. അതിനാൽ വീറും വാശിയും കൂടും. സാമ്പത്തിക പ്രതിസന്ധിയിൽ സി.ബി.എല്ലിൽ മത്സരം ഇത്തവണ ആറായി ചുരുക്കിയിരുന്നു. ഇനി അഞ്ച് മത്സരങ്ങൾ മാത്രമാണുള്ളത്. അതിനാൽ പരമാവധി പോയന്റ് നേടാനുള്ള ശ്രമത്തിലാണ് ക്ലബുകൾ. ആദ്യമത്സരം റദ്ദാക്കിയതോടെ മത്സരിച്ച ചുണ്ടനുകൾക്ക് സമ്മാനത്തുകയും പോയൻറും ലഭിച്ചിട്ടില്ല. പോയന്റ് നില കണക്കാക്കിയാണ് ലീഗിലെ ഒന്നാംസ്ഥാനക്കാരെ നിശ്ചയിക്കുന്നത്. അതിനാൽ കൈനകരിയിലെ മത്സരം തീപാറുമെന്നാണ് വള്ളംകളി പ്രേമികളുടെ വിലയിരുത്തൽ.
താഴത്തങ്ങാടിയിൽ മത്സരട്രാക്കിൽ കെ.ടി.ബി.സി ചുണ്ടൻവള്ളം കുറുകെയിട്ട് പ്രതിഷേധിച്ചെങ്കിലും അയോഗ്യതയൊന്നും ഇല്ലാത്തതിനാൽ കുമരകം ടൗൺ ബോട്ട് ക്ലബ് (കെ.ടി.ബി.സി) നടുഭാഗം ചുണ്ടനിലാണ് പോരിനിറങ്ങുക. ഇത് സംബന്ധിച്ച് സി.ബി.എൽ കമ്മിറ്റി റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുകയും കെ.ടി.ബി.സിയുടെയും മറ്റ് ക്ലബുകളുടെയും വിശദീകരണവും തേടി. എന്നാൽ, മത്സരത്തിന് തടസ്സം സൃഷ്ടിച്ച കെ.ടി.ബി.സിക്കെതിരെ അച്ചടക്ക നടപടിയുണ്ടായിട്ടില്ല. മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് മറ്റ് ക്ലബുകളുടെ ആവശ്യം.
സി.ബി.എൽ നിയമാവലിയിൽ അച്ചടക്കലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയാണ് പറഞ്ഞിട്ടുള്ളത്. കടുത്ത പിഴയും തുടർമത്സരങ്ങളിൽ അയോഗ്യതയും കൽപിക്കാം. ക്രമസമാധാനപാലനത്തെ ബാധിക്കുന്ന തരത്തിൽ ആരെങ്കിലും പ്രവർത്തിച്ചാൽ ക്രിമിനൽ ചട്ടങ്ങൾക്ക് അനുസരിച്ചുള്ള നടപടികളും ഉണ്ടായിരിക്കും. അതിനാൽ കെ.ടി.ബി.സിക്കെതിരെ നടപടിയുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ രാഷ്ട്രീയ ഇടപെടലും ബാഹ്യ സമ്മർദ്ദങ്ങളും മൂലം സർക്കാർ നടപടികളിലേക്ക് കടന്നില്ല.
സംഘാടകസമിതിയുടെ പിഴവാണ് തഴത്തങ്ങാടിയിൽ നടന്ന എല്ലാപ്രശ്നങ്ങൾക്കും കാരണമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ലീഗിലെ മൂന്നാംമത്സരം ഈ മാസം 30ന് ചെങ്ങന്നൂർ പാണ്ടനാടാണ്. ഇതിന്റെ മുന്നൊരുക്കം ഇനിയും നടത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.