ഭർത്താവിന്റെ മരണത്തിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന്
text_fieldsചാരുംമൂട്: സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം ഭർത്താവ് മരിച്ചതായി പരാതി. നൂറനാട് പണയിൽ പള്ളിക്കൽ പുന്തിലേത്ത് സുദർശനെൻറ (64) മരണവുമായി ബന്ധപ്പെട്ടാണ് ഭാര്യ സുലഭകുമാരി മുഖ്യമന്ത്രിക്കും മറ്റും പരാതി നൽകിയത്. ശനിയാഴ്ച പുലർച്ച അഞ്ചിന് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ട സുദർശനനെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഡ്യൂട്ടി ഡോക്ടർ പരിശോധിച്ചശേഷം ഹൃദയ സ്തംഭനമാണെന്നും വേഗം പരുമലയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയും ചെയ്തു.
നൂറനാട്ട് ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് ഇല്ലാതിരുന്നതിനാൽ കറ്റാനത്തുനിന്ന് ആംബുലൻസ് എത്തിച്ചാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, പരുമലയിലെ ആശുപത്രി അധികൃതർ രോഗിയെ പരിശോധിക്കാനോ പ്രാഥമിക ശുശ്രൂഷ നൽകാനോ തയാറായില്ലെന്നും കിടക്കയില്ലെന്ന കാരണം പറഞ്ഞ് മറ്റേതെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ നിർദേശിച്ചതായും പരാതിയിൽ ആരോപിക്കുന്നു.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും അവിടെയും ഇതേ അനുഭവമാണ് ഉണ്ടായത്. പിന്നീട് തിരുവല്ലയിലുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ച് മിനിട്ട് മുമ്പ് കൊണ്ടുവന്നിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞതായും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.