നൂറനാട് പക്ഷിസങ്കേതത്തിൽ 400ഓളം നീർപക്ഷി കൂടുകൾ കണ്ടെത്തി
text_fieldsചാരുംമൂട്: നൂറനാട് പക്ഷിസങ്കേതത്തിൽ ഈ വർഷം നാനൂറോളം നീർപക്ഷി കൂടുകൾ കണ്ടെത്തി. നൂറനാട് ഗ്രാമശ്രീ പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പഴകുളത്തിനു സമീപമുള്ള തെങ്ങിൻ താര ജങ്ഷനിലും ചാരുംമൂട്ടിലെ റോഡരികിലെ മരങ്ങളിലുമായി നടത്തിയ സർേവയിലാണ് കൂടുകൾ കണ്ടെത്തിയത്.
1987ൽ നൂറനാട് നടത്തിയ പക്ഷി സർവേയിൽ 2500 പക്ഷിക്കൂടുകൾ ഉണ്ടായിരുന്നു.
ഇവിടെ കൂടൊരുക്കാനായി എത്തുന്ന നീർപക്ഷികളുടെ എണ്ണത്തിൽ വലിയ കുറവാണിപ്പോൾ ഉണ്ടായിരിക്കുന്നത്. ജൂൺ മുതൽ ഒക്ടോബർ വരെയാണ് ഇവിടെ നീർപക്ഷികൾ കൂടൊരുക്കാനെത്തുന്നത്. ജൂലൈ, സെപ്റ്റംബർ മാസങ്ങളിലായാണ് സർവേ നടന്നത്.
കൊറ്റികളിൽ അപൂർവങ്ങളായ പെരും മുണ്ടിയും ഇടമുണ്ടിയും ഇവിടെ പതിവായി കൂടൊരുക്കുന്നുവെന്നത് ഈ പക്ഷി സങ്കേതത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
കേരളത്തിൽ ആദ്യമായി പെരുമുണ്ടിയും ഇടമുണ്ടിയും കൂടൊരുക്കിയതായി കണ്ടെത്തിയത് 1987 ൽ നൂറനാട് പക്ഷി സങ്കേതത്തിലായിരുന്നു. ഇത് അന്താരാഷ്ട്ര പരിസ്ഥിതി മാഗസിനുകളിൽ രേഖപ്പെടുത്തുകയുണ്ടായി. ഡോ. സാലിം അലിയുടെ ബേർഡ്സ് ഓഫ് കേരള, ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികൾ എന്നീ ആധികാരിക പക്ഷികളെ സംബന്ധിക്കുന്ന പുസ്തകങ്ങളിൽ കേരളത്തിൽ കൂടൊരുക്കുന്നതായി പരാമർശിച്ചിട്ടില്ലാത്ത പക്ഷികളായിരുന്നു ഇവ രണ്ടും.
ഇത്തവണ ഇവിടെ നിന്നു ഇടമുണ്ടിയുടെ 28 കൂടും പെരുമുണ്ടിയുടെ 35 കൂടുകളുമാണ് കണ്ടെത്തിയത്.
മുമ്പ് ധാരാളമായി കൂടൊരുക്കിയിരുന്ന പാതിരാകൊക്ക്, ചിന്നമുണ്ടി എന്നിവയുടെ കൂടുകൾ ഇപ്പോൾ നടത്തിയ സർവയിൽ കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷി നിരീക്ഷകരായ സി.ജി. അരുൺ, സി. റഹിം എന്നിവരുടെ നേതൃത്വത്തിലാണ് പക്ഷിസർവേ നടക്കുന്നത്.
ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, വിദ്യാഭ്യാസ വിദഗ്ധനായ ഡോ. അച്യുത് ശങ്കർ എന്നിവർ സർവേയുടെ ഭാഗമായി. കഴിഞ്ഞ ഫെബ്രുവരിയിൽ നൂറനാട് കരിങ്ങാലി പുഞ്ചയിൽ ഒരു ദിവസം നടത്തിയ പക്ഷി സർവേയിൽ 72 ജാതിയിൽപ്പെട്ട പക്ഷികളെ കണ്ടെത്തിയിരുന്നു. ഏറ്റവും കൂടുതലായി കണ്ടത് നീർക്കാക്കകളെയാണ്. മുന്നൂറിൽപരം പക്ഷികൾ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.